തെരേസ മേയ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ലേബര്‍. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇതിനായുള്ള നീക്കമുണ്ടാകുമെന്നാണ് സൂചന. എംപിമാരോട് തയ്യാറായിരിക്കാന്‍ ലേബര്‍ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈയാഴ്ചയാണ് ബ്രെക്‌സിറ്റ് ബില്‍ വീണ്ടും പാര്‍ലമെന്റില്‍ എത്തുന്നത്. ഇതില്‍ മേയ്ക്ക് വന്‍ പരാജയമായിരിക്കും നേരിടേണ്ടി വരിക. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചുമതലയൊഴിഞ്ഞ് ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യം മുന്നോട്ടു വെക്കുകയാണ് ലേബര്‍ പാര്‍ട്ടി. ചൊവ്വാഴ്ചയും ബുധനാഴ്ചയും പാര്‍ലമെന്റിലെ സാന്നിധ്യം ഉറപ്പാക്കണമെന്ന് ലേബര്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. അസുഖ ബാധിതരായവര്‍ക്കും പാര്‍ട്ടി സന്ദേശം നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ചയാണ് ബ്രെക്‌സിറ്റ് ബില്ലില്‍ വോട്ടെടുപ്പ് നടക്കുന്നത്. എന്നാല്‍ ബില്ലില്‍ സര്‍ക്കാരിന് മേല്‍ക്കൈ നഷ്ടമായാല്‍ ഉടന്‍ തന്നെ അവിശ്വാസം അവതരിപ്പിക്കുമെന്ന് എംപിമാര്‍ക്ക് നല്‍കിയ വിപ്പില്‍ ലേബര്‍ അറിയിച്ചു. കോമണ്‍സില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരുടെയുള്‍പ്പെടെ എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോളാണ് രണ്ടാമത്തെ തവണയും ബ്രെക്‌സിറ്റ് ബില്‍ അംഗീകാരത്തിനായി തെരേസ മേയ് സമര്‍പ്പിക്കുന്നത്. പാര്‍ലമെന്റിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും പ്രക്ഷുബ്ധമായ 24 മണിക്കൂറുകളായിരിക്കും ഈ ദിവസങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. ഇനിയും കൂടുതല്‍ കാത്തിരിക്കാനാകില്ല, വോട്ടെടുപ്പില്‍ മേയ് പരാജയപ്പെടുകയും അവര്‍ രാജി വെക്കാതിരിക്കുയും ചെയ്യുകയാണെങ്കില്‍ നമുക്ക് വെറുതെയിരിക്കാന്‍ കഴിയില്ലെന്നാണ് ഒരു മുതിര്‍ന്ന ലേബര്‍ അംഗം പറഞ്ഞത്.
വോട്ടെടുപ്പില്‍ വിജയിക്കുമെന്ന പ്രതീക്ഷയില്ലെന്ന അഭിപ്രായമാണ് മുതിര്‍ന്ന ടോറികളും പ്രകടിപ്പിക്കുന്നത്. 100 വോട്ടില്‍ കുറഞ്ഞ ഭൂരിപക്ഷത്തിലുള്ള പരാജയം മാത്രമേ ഇക്കാര്യത്തില്‍ മേയ്ക്ക് അനുകൂലമായി എന്നു കരുതാനുള്ള സാധ്യതയെങ്കിലും നല്‍കുന്നുള്ളുവെന്നാണ് ഇവര്‍ പറയുന്നത്. 200 വോട്ടില്‍ കൂടുതല്‍ വോട്ടിന് ബില്‍ പരാജയപ്പെട്ടാല്‍ കൂടുതല്‍ നല്ലൊരു ഡീലുമായി മേയ് തിരിച്ചെത്തണമെന്നാണ് ടോറികളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
Leave a Reply