നോ ഡീല്‍ സാഹചര്യം ഒഴിവാക്കുന്നതിനായി ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് പിന്തുണ നല്‍കരുതെന്ന ജെറമി കോര്‍ബിന്റെ ആവശ്യം നിരാകരിച്ച് ലേബര്‍ എംപിമാര്‍. 41 എംപിമാരാണ് ലേബര്‍ നേതാവിന്റെ ആവശ്യം തള്ളിയത്. മൂന്നു മാസത്തേക്കെങ്കിലും ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയം എസ്എന്‍പിയാണ് അവതരിപ്പിച്ചത്. ഇതിനെ പിന്തുണക്കരുതെന്ന് കോര്‍ബിന്‍ എംപിമാരോട് ആവശ്യപ്പെട്ടു. വോട്ടുകളുടെ വിശദാംശങ്ങളില്‍ നിന്നാണ് 41 എംപിമാര്‍ എസ്എന്‍പി നേതാവ് ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡിന്റെ നിര്‍ദേശത്തിന് പിന്തുണ നല്‍കിയതായി വ്യക്തമായത്. ടോറി എംപിമാരായ കെന്‍ ക്ലാര്‍ക്ക്, സാറാ വൊളാസ്റ്റന്‍ എന്നിവരും പ്രമേയത്തെ അനുകൂലിച്ചു. ലേബറിലുണ്ടായിരിക്കുന്ന ഈ ഭിന്നത റിമെയിന്‍ പക്ഷക്കാര്‍ വിഘടിച്ച് പോകുന്ന സാഹചര്യത്തിലേക്കു വരെ എത്തിയേക്കുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ടോറി ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്ന സമീപനമാണ് കോര്‍ബിന്‍ സ്വീകരിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ലേബര്‍ എംപി കുറ്റപ്പെടുത്തി. തെരേസ മേയുടെ ഉടമ്പടി നടപ്പാക്കാന്‍ സൗകര്യമൊരുക്കിയാല്‍ വോട്ടര്‍മാരില്‍ നിന്ന് ലേബറിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് ക്ലൈവ് ലൂയിസ് അഭിപ്രായപ്പെട്ടു. ആര്‍ട്ടിക്കിള്‍ 50 അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു വോട്ട് ചെയ്യുന്നതിനായി ഷാഡോ ക്യാബിനറ്റില്‍ നിന്ന് പുറത്തുവന്ന എംപിയാണ് ഇദ്ദേഹം. ബ്രെക്‌സിറ്റില്‍ രണ്ടാം ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടാത്തതില്‍ പ്രതിഷേധിച്ച് ഷാഡോ ക്യാബിനറ്റില്‍ പൊട്ടിത്തെറിയുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ലൂയിസ് ഈ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

അതേസമയം രണ്ടാം ഹിതപരിശോധനയ്ക്കുള്ള ആവശ്യം സജീവമായ പരിഗണനയിലുണ്ടെന്നാണ് ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണല്‍ അറിയിച്ചത്. ഒരു ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യത ഇപ്പോള്‍ ഇല്ലെന്നാണ് ലേബര്‍ വിലയിരുത്തുന്നത്. ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ ഫെബ്രുവരി 27ന് വീണ്ടും വോട്ടെടുപ്പ് നടത്തുകയോ അല്ലെങ്കില്‍ നടപടികളില്‍ പാര്‍ലമെന്റിന് പൂര്‍ണ്ണ നിയന്ത്രണം നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതിയ പ്രമേയം ഇന്നലെ ലേബര്‍ അവതരിപ്പിച്ചിട്ടുണ്ട്.