ന്യൂസ് ഡെസ്ക്, മലയാളം യുകെ
അധിക്ഷേപകരമായ സന്ദേശങ്ങൾ പങ്കിട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഗ്രേറ്റർ മാഞ്ചസ്റ്ററിലെ 11 കൗൺസിലർമാരെ ലേബർ പാർട്ടി സസ്‌പെൻഡ് ചെയ്തു. പ്രാദേശിക മേഖലയിലെ ലേബർ പാർട്ടിയുടെ പ്രചാരണം ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ട്രിഗർ മി ടിംബേഴ്‌സ് എന്ന ഗ്രൂപ്പിൽ വന്ന വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് കടുത്ത നടപടി പാർട്ടി എടുത്തിരിക്കുന്നത്. കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. കൗൺസിലർമാർ എന്തെങ്കിലും കുറ്റകരമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തതിന് ലേബർ തെളിവുകൾ ഹാജരാക്കിയിട്ടില്ല.

ടേംസൈഡ് കൗൺസിലിലെ കൗൺസിലറായ ആൻഡ്രൂ ഗ്വിന്നിന്റെ ഭാര്യയും അതിന്റെ മുൻ നേതാവുമായ ആലിസൺ ഗ്വിന്നെയും മറ്റൊരു നേതാവായ ബ്രെൻഡ വാറിംഗ്ടണും അവരിൽ ഉൾപ്പെടുന്നു.
അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചതിന് ഹെൽത്ത് മിനിസ്റ്റർ ആൻഡ്രൂ ഗ്വിനെയും ബേൺലി എംപി ഒലിവർ റയാനെയും നേരെത്തെ പുറത്താക്കിയിരുന്നു . സംഭവത്തിൽ ലേബർ പാർട്ടി കൂടുതൽ പ്രതിരോധത്തിലായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ട്രിഗർ മി ടിമ്പേഴ്‌സ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശങ്ങളിൽ റയാൻ ഒരു ലേബർ എംപിയെ ലൈംഗികതയുടെ പേരിൽ പരിഹസിക്കുന്നതായും പ്രാദേശിക ലേബർ പാർട്ടിയുടെ വൈസ് ചെയർമാനെ അധിക്ഷേപിച്ചതായും റിപ്പോർട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്ന കമൻ്റുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഒലിവർ റയാനെ ലേബർ പാർട്ടി അംഗമെന്ന നിലയിൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട് എന്ന് പാർട്ടി വക്താവ് പറഞ്ഞു. ഈ ഗ്രൂപ്പ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയ ഉടൻ സമഗ്രമായ ഒരു അന്വേഷണം ആരംഭിച്ചതായും പാർട്ടിയുടെ നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് നടപടികൾ ഉണ്ടാകുമെന്നും വക്താവ് പറഞ്ഞു.

ലേബർ പാർട്ടിക്ക് വോട്ട് ചെയ്യാത്ത പ്രായമായ ആൾ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻഡ്രൂ ഗ്വിൻ്റെ കമൻറ് ആണ് വൻ വിവാദങ്ങൾക്ക് കാരണമായത്. ഇതുകൂടാതെ വംശീയവിദ്വേഷം കലർന്ന സന്ദേശവും ഇദ്ദേഹം പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. 72 വയസ്സുള്ള ഒരു സ്ത്രീ പ്രാദേശിക കൗൺസിലർക്ക് തൻ്റെ പ്രദേശത്തെ ബിൻ ശേഖരണത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ട് എഴുതിയ കത്താണ് ആൻഡ്രൂ ഗ്വിനിനെ പ്രകോപിപ്പിച്ചത് . ഇതു കൂടാതെ ജൂത വംശജർ ചാര സംഘടനയിലെ അംഗങ്ങൾ ആണെന്ന തരത്തിലുള്ള കമന്റുകളും ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഏഞ്ചല റെയ്‌നറെ കുറിച്ച് ലൈംഗികത നിറഞ്ഞ അഭിപ്രായങ്ങളും ലേബർ എംപി ഡയാൻ ആബട്ടിനെ കുറിച്ച് വംശീയ പരാമർശങ്ങളും ഗ്വിൻ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.











Leave a Reply