ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- തിരഞ്ഞെടുപ്പിലെ തങ്ങളുടെ രണ്ടാമത്തെ സ്ഥാനാർത്ഥിയെയും ഇസ്രായേൽ വിരുദ്ധ പ്രസ്താവനയെ തുടർന്ന് ലേബർ പാർട്ടി പിൻവലിച്ചിരിക്കുകയാണ്. ഹിന്റ്ബേണിൽ നിന്നുള്ള സ്ഥാനാർത്ഥിയായ ഗ്രഹാം ജോൺസിനെയാണ് പാർട്ടി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസം ഇസ്രായേൽ വിരുദ്ധ പ്രസ്താവനയെ തുടർന്ന് റോച്ച്ഡെയിലിൽ നിന്നുള്ള അസ്ഹർ അലിയ്കക്കുള്ള പിന്തുണ പാർട്ടി പിൻവലിച്ചതിന് പിന്നാലെയാണ് അടുത്ത സംഭവം. പാർട്ടി ഇപ്പോൾ പൊതുതിരഞ്ഞെടുപ്പിൽ രണ്ട് പുതിയ സ്ഥാനാർത്ഥികളെ തിരയുന്ന സാഹചര്യത്തിൽ, വർദ്ധിച്ചുവരുന്ന പ്രതിസന്ധിക്ക് ആരാണ് ഉത്തരവാദി എന്നതിനെച്ചൊല്ലി മുതിർന്ന ലേബർ നേതാക്കൾ പരസ്പരം പഴിചാരുകയാണ്. അസ്ഹർ അലിയെ ആദ്യം പിന്തുണച്ച ലേബർ പാർട്ടി നേതാവ് സ്റ്റാർമർ പിന്നീട് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളെ തുടർന്ന് പിന്തുണ പിൻവലിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ തീരുമാനങ്ങളെ ന്യായീകരിക്കാൻ അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങളോട് നടത്തിയ സംഭാഷണത്തിൽ ശ്രമിച്ചു.
മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി സമീപ മാസങ്ങളിൽ ലേബർ പാർട്ടിയെ ഭിന്നിപ്പിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ ആക്രമണത്തെ അപലപിക്കാൻ സ്റ്റാർമർ വേണ്ടത്ര മുന്നോട്ട് പോകുന്നില്ലെന്ന് നിരവധി എംപിമാരും കൗൺസിലർമാരും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നുണ്ട്. ജോൺസ് അന്വേഷണം നേരിടുകയാണ് എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. അസ്ഹർ അലി ഒക്ടോബറിൽ സംസാരിച്ച അതേ പാർട്ടി മീറ്റിങ്ങിൽ വച്ച് തന്നെയാണ് ജോൺസും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതെന്ന് ഗൈഡോ ഫോക്‌സ് വെബ്‌സൈറ്റ് ജോൺസിൻ്റെ ദൃശ്യത്തിൽ വ്യക്തമാകുന്നുണ്ട്. ഓഡിയോ ദൃശ്യത്തിൽ ഇസ്രായേൽ പ്രതിരോധ സേനയിൽ പോരാടുന്ന ബ്രിട്ടീഷുകാരെ ജയിലിൽ അടയ്ക്കണമെന്ന് ജോൺസ് പരാമർശിച്ചതായി വ്യക്തമാകുന്നുണ്ട്. ജനറൽ ഇലക്ഷൻ അടുത്തുവരുന്ന സാഹചര്യത്തിൽ ലേബർ പാർട്ടിയിൽ ഉടലെടുത്തിരിക്കുന്ന പുതിയ പ്രതിസന്ധികൾ അവരുടെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
Leave a Reply