ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബോറിസ് ജോൺസണും ലിസ് ട്രസും പ്രധാനമന്ത്രി പദവി രാജിവച്ചതിന് ശേഷം ആദ്യമായി നടന്ന പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വിജയം. സാമന്ത ഡിക്സൺ 17,309 വോട്ടുകൾ നേടി 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൺസർവേറ്റീവ് പാർട്ടിക്കെതിരെ വിജയം കൈവരിച്ചത്. നിലവിലെ സർക്കാർ നയങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ തങ്ങളുടെ പാർട്ടി ബ്രിട്ടനിലെ ജനതയ്ക്ക് നല്ലൊരു ഭാവി വാഗ്ദാനം ചെയ്യുന്ന പദ്ധതികളുമായി മുന്നോട്ടു വരുമെന്ന് ലേബർ പാർട്ടിയുടെ നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു.പൊതു തെരഞ്ഞെടുപ്പിലെ ഫലം പ്രധാനമന്ത്രി ഋഷി സുനകിനുള്ള വ്യക്തമായ സന്ദേശമാണെന്നും തിരഞ്ഞെടുപ്പിലെ ഫലം ജനങ്ങൾ എത്രമാത്രം മാറ്റത്തെ ആഗ്രഹിക്കുന്നുവെന്നുള്ളതിൻെറ വ്യക്തമായ തെളിവായി താൻ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിക്കുമെന്ന് നേരത്തെ പ്രവചനം ഉണ്ടായിരുന്നെങ്കിലും 2019ലെ 664 വോട്ടുകളുടെ ഭൂരിപക്ഷത്തേക്കാൾ വളരെ ഉയർന്ന ഭൂരിപക്ഷമാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിലെ വിജയം ടോറി ഗവൺമെന്റിൽ നിന്ന് ലേബർ പാർട്ടിയിലേക്കുള്ള ചായ്‌വിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. 1832നു ശേഷം ചെസ്റ്ററിലെ കൺസർവേറ്റീവ് പാർട്ടി നേരിടുന്ന ഏറ്റവും മോശം ഫലമാണ് ഈ തെരഞ്ഞെടുപ്പിൽ നേരിട്ടത്. കൺസർവേറ്റീവ് പാർട്ടിയെ പ്രതിനിധീകരിച്ച ലിസ് വാർഡ്‌ലോയ്ക്ക് 6,335 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അതേസമയം തൻറെ വിജയപ്രഖ്യാപനത്തിനു ശേഷമുള്ള പ്രസംഗത്തിൽ ആളുകൾ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നും ചെസ്റ്ററിലെ ഈ വിജയം അതിനെയാണ് സൂചിപ്പിക്കുന്നതെന്നും രാജ്യത്തുടനീളമുള്ള ജനങ്ങൾ ശരിക്കും ആശങ്കാകുലരാണെന്നും അവർ പറഞ്ഞു.