മാസം തികയാതെ ജനിച്ച കുഞ്ഞിനു മതിയായ ചികിത്സ ലഭ്യമാക്കാതെ മറവു ചെയ്ത കേസിൽ വീട്ടമ്മ അറസ്റ്റിൽ. പറക്കോട് ടിബി ജംഗ്ഷനിൽ സബ് സ്റ്റേഷനു സമീപമുള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ഒരു കാൽ ഇല്ലാത്ത നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് വീട്ടമ്മ അറസ്റ്റിലായത്. ഇവരെ ഇന്നലെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.എന്നാല്‍ വീട്ടമ്മ പറയുന്ന വിചിത്ര കഥ കേട്ട് ഞെട്ടിയത് പോലിസ് ആയിരുന്നു .
താന്‍ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു എന്നാണ് വീട്ടമ്മ പറയുന്നത് .കഴിഞ്ഞ 18 നാണ് വീടിന്റെ ടോയ്‌ലറ്റിൽ പ്രസവം നടന്നത്. രാത്രി പത്തരയോടെ കഠിനമായ വയറുവേദന തോന്നി ടോയ്‌ലറ്റിൽ കയറിയപ്പോഴാണ് പ്രസവം നടന്നത്. അമിതരക്തസ്രാവം ഉണ്ടാവുകയും കുട്ടി പുറത്തേക്ക് വരികയുമായിരുന്നു. ഉടൻ തന്നെ ആശ പൊക്കിൾ കെടി മുറിച്ചു മാറ്റി. തുടർന്ന് വീടിന് അരികിലായി തന്നെ മൃതദേഹം മറവു ചെയ്തു.
നാലു ദിവസത്തിന് ശേഷമാണ് തെരുവനായ്ക്കൾ മൃതദേഹം വലിച്ചു പുറത്തിട്ടത്. ഇവരുടെ ഭർത്താവ് അജി വിദേശത്താണ്. രണ്ടു കുട്ടികളുമുണ്ട്. കുഞ്ഞ് ഭർത്താവിന്റേത് തന്നെയാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ മൂന്നു ദിവസമായി പത്തനംതിട്ട വനിതാ സെല്ലിൽ ആശയെ ചോദ്യം ചെയ്തു വരികയായിരുന്നു. നാണക്കേട് കാരണമാണ് മൃതദേഹം ആരെയും അറിയിക്കാതെ മറവു ചെയ്തത്. മൂത്ത കുട്ടികൾ സ്‌കൂളിൽ പഠിക്കുന്നു.
അവർക്കും ഭർത്താവിനും തനിക്കുമുണ്ടാകുന്ന നാണക്കേട് ഓർത്തപ്പോൾ ആരെയും അറിയിക്കാൻ തോന്നിയില്ല. കുട്ടി പുറത്തു വന്നത് മരിച്ചായിരുന്നു. ഡിഎൻഎ ടെസ്റ്റ് നടത്താൻ താൻ ഒരുക്കമാണെന്നും ആശ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിൽ അജി നാട്ടിലുണ്ടായിരുന്നു. എന്നാൽ, പിന്നീട് ഗർഭിണിയായ വിവരം ആശ ആരോടും പറഞ്ഞിരുന്നില്ല. കുട്ടിയുണ്ടായതുംമരിച്ചതും ഇവർ അജിയെ അറിയിച്ചില്ല. താൻ പോലും ഗർഭിണിയാണെന്ന് അറിയുന്നത് കുഞ്ഞ് ഉണ്ടായതിന് ശേഷമാണെന്ന വിചിത്രമായ മൊഴിയാണ് ആശയ്ക്ക്. അതേസമയം, ഇക്കാര്യം ഡോക്ടർമാർ തള്ളിക്കളഞ്ഞു. ഗർഭിണിയായ ഒരു സ്ത്രീയ്ക്ക് അഞ്ചാം മാസം മുതൽ ഇക്കാര്യം അറിയാൻ കഴിയും. അതിന് മുൻപും ഇതിനുള്ള സംവിധാനങ്ങളുണ്ട്.
23 ന് വൈകിട്ട് നാലിനാണ് വീടിന് സമീപത്ത് നിന്ന് മൃതദേഹം ലഭിക്കുന്നത്. നാലുദിവസം പഴക്കമുള്ള മൃതദേഹം ജീർണിച്ചു തുടങ്ങിയിരുന്നു. ഒരു കാൽ അറ്റു പോയ നിലയിലായിരുന്നു. സംശയം തോന്നിയ പൊലീസ് ഉടൻ തന്നെ ആശയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയിൽ ഇവർ പ്രസവിച്ചുവെന്ന കാര്യം വ്യക്തമായി. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. വിവമറിഞ്ഞ് ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്. ഗർഭിണിയായിട്ടും വേണ്ട ചികിൽസ നൽകാതിരുന്നതിനും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഒന്നും ചെയ്യാത്തതിനും വിവരം മറച്ചുവച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.കുഞ്ഞ് ജനിച്ചപ്പോഴേ മരിച്ചിരുന്നോ അതോ കൊലപ്പെടുത്തിയതാണോ എന്ന് മനസിലാക്കാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴിഞ്ഞിട്ടില്ല. മൃതദേഹം ജീർണിച്ചിരുന്നതാണ് ഇതിന് കാരണം. കോടതിയിൽ ഹാജരാക്കിയ ആശയെ റിമാൻഡ് ചെയ്തു.