ഒാടിക്കൊണ്ടിരുന്ന കാറിൽ നിന്ന് തെറിച്ചുവീണ് മലയാളി യുവതി മരിച്ചു. ഷാർജയിൽ ബ്യുട്ടീഷനായി ജോലി ചെയ്യുന്ന കാസർകോട് അടുക്കത്ത് വയൽ കടപ്പുറം മണ്ണിക്കമാ ഹൌസിലെ സുനിതാ പ്രശാന്ത്(40) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ബ്യൂട്ടി സലൂൺ ഉടമ മലയാളിയായ സൂസൻ, സഹപ്രവർത്തകയായ നേപ്പാളി യുവതി എന്നിവരെ പരുക്കുകളോടെ ദൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11ന് ദൈദ് റോഡിലായിരുന്നു അപകടം. സുനിത താമസിക്കുന്ന സ്ഥലത്ത് കീടനാശിനി പ്രയോഗം നടത്തിയിരുന്നതിനാൽ രാത്രി സ്ഥാപനം അടച്ച ശേഷം സൂസനും സുനിതയടക്കമുള്ള നാല് ജീവനക്കാരും ദൈദിലേയ്ക്ക് പോകുകയായിരുന്നു. സൂസനായിരുന്നു കാർ ഒാടിച്ചിരുന്നത്. ദൈദ് റോഡിലൂടെ വേഗത്തിൽ സഞ്ചരിച്ചിരുന്ന കാറിൻ്റെ വാതിൽ തനിയെ തുറന്ന് സുനിത പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ചതിനെ തുടർന്ന് സുനിത സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇതുകണ്ട് പെട്ടെന്ന് ബ്രേയ്ക്ക് ചവിട്ടിയതിനെ തുടർന്ന് കാർ റോഡ് ഡിവൈഡറിലിടിച്ചപ്പോഴാണ് സൂസനും നേപ്പാളി യുവതിക്കും പരുക്കേറ്റത്.
കാസർകോട് നഗരസഭയിൽ ബിജെപി കൗൺസിലറായിരുന്ന സുനിത നേരത്തെ ഉദുമ മണ്ഡലം ബിജെപി സ്ഥാനാർഥിയായും മത്സരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഷാർജയിൽ ബ്യൂട്ടീഷനായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് പ്രശാന്ത് സന്ദർശക വീസയിൽ അടുത്തിടെയാണ് യുഎഇയിലെത്തിയത്. മക്കൾ: സംഗീത് പ്രശാന്ത്(17), സഞ്ജന പ്രശാന്ത് (14).
Leave a Reply