ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സന്തോഷത്തിലായിരുന്നു മാലി ലൈറ്റ്‌നിങ് വില്ലയില്‍ കെ. മെയില്‍ മുഹമ്മദ് അസ്സമിന്റെ ഭാര്യ ഐഷത്ത് റൈഹ (25). പക്ഷെ ആ സന്തോഷത്തിനു ആയുസ്സ് വെറും പത്തു മിനിറ്റ് മാത്രമായിരുന്നു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സബൈന്‍സ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഐഷത്ത്. മൂന്നു മാസത്തെ ചികിത്സയ്‌ക്കൊടുവില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് പള്ളിച്ചിറങ്ങരയിലെ വാടക വീട്ടിലേക്ക് പോകാനായി ആശുപത്രിക്ക് മുന്നില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറിയ ഐഷത്ത് പത്ത് മിനിറ്റിനകം വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു.

ഓട്ടോയിലേക്ക് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച രാത്രി 12.50ഓടെയാണ് അപകടം.  ഓട്ടോറിക്ഷയിലേക്ക് ആദ്യം ഐഷത്തും പിന്നാലെ ബന്ധുവായ സ്ത്രീയും കയറിയപ്പോഴേയ്ക്കും എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയുമായി മുന്നോട്ടു കുതിച്ച കാറ് പോസ്റ്റിലിടിച്ചാണ് നിന്നത്. ഉടന്‍ സബൈന്‍സ് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചങ്കിലും ഐഷത്തിനെ രക്ഷിക്കാനായില്ല. ഓട്ടോഡ്രൈവര്‍ മൂവാറ്റുപുഴ പായിപ്ര ചെളിക്കണ്ടത്തില്‍ മുഹമ്മദിനും കാര്‍യാത്രക്കാരായ രണ്ട് പേര്‍ക്കും പരിക്കുണ്ട്. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്.

മൂന്നു വര്‍ഷം മുമ്പായിരുന്നു മാലി സ്വദേശികളായ ഐഷത്ത് റൈഹയുടെയും അസം മുഹമ്മദിന്റെയും വിവാഹം. കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് മൂന്നു മാസം മുമ്പാണ് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലെ സബൈന്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്നത്. വന്ധ്യതാ ചികിത്സാരംഗത്തെ അറിയപ്പെടുന്ന ഡോക്ടറായ എസ്. സബൈന്റെ ചികിത്സയിലായിരുന്നു മൂന്നു മാസവും. മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയില്‍ വാടകയ്ക്ക് താമസിച്ചായിരുന്നു ചികിത്സ. ചൊവ്വാഴ്ച രാത്രിയോടെ പരിശോധനാ ഫലം വന്നപ്പോഴാണ് ഐഷത്ത് ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ഈ സന്തോഷം ഡോക്ടര്‍ തന്നെയാണ് ഇവരെ അറിയിച്ചതും. വിവരം അറിഞ്ഞ നിമിഷത്തില്‍ നിറഞ്ഞ സന്തോഷത്തോടെ ഐഷത്തും അസം മുഹമ്മദും കെട്ടിപ്പിടിച്ചു.

സന്തോഷം പങ്കിടാന്‍ മധുരപലഹാരങ്ങളും വാങ്ങിയാണ് ഇവര്‍ പുറത്തേക്ക് പോയത്. ആശുപത്രിയുടെ മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറി. ആദ്യം ഐഷത്തും  പിന്നാലെ ബന്ധു ഐഷത്ത് അബ്ദുള്ളയും കയറി. അതിനു പിറകില്‍ ഭര്‍ത്താവ് അസം മുഹമ്മദ് വണ്ടിയിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ആണ്  പാഞ്ഞെത്തിയ കാര്‍ ഓട്ടോയെ ഇടിച്ച് തെറിപ്പിച്ച് ഇലക്ട്രിക് പോസ്റ്റിലേക്ക് ഞെരുക്കിയത്.  ഐഷത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.