ബ്ലസി സംവിധാനം ചെയ്ത കൊല്‍ക്കട്ട ന്യൂസ് എന്ന ചിത്രത്തില്‍ നിന്നും ലക്ഷ്മി രാമകൃഷ്ണനെ ഒഴിവാക്കിയതിനു പിന്നില്‍ ദിലീപാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് നടി ലക്ഷ്മി രാമകൃഷ്ണന്‍.

നടന്‍ ദിലീപിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്നും ലക്ഷ്മി രാമകൃഷ്ണന്‍. ബ്ലസി സംവിധാനം ചെയ്ത കൊല്‍ക്കട്ട ന്യൂസ് എന്ന ചിത്രത്തില്‍ നിന്നും ലക്ഷ്മി രാമകൃഷ്ണനെ ഒഴിവാക്കിയിരുന്നു. ഭാഗ്യമില്ലാത്ത താരം എന്ന് പറഞ്ഞാണ് ലക്ഷ്മിയെ ഒഴിവാക്കിയത്. അതിന് പിന്നില്‍ ദിലീപാണെന്ന് ലക്ഷ്മി പറഞ്ഞതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് നടിയുടെ പ്രതികരണം.

ദിലീപിനെക്കുറിച്ച് യാതൊരു പ്രതികരണവും ആരോടും നടത്തിയിട്ടില്ല. ജേക്കബിന്റെ സ്വര്‍ഗരാജ്യം ഹിറ്റായ സമയത്ത് കൊല്‍ക്കത്ത ന്യൂസില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഭാഗ്യം കെട്ടവളെന്ന് പറഞ്ഞാണ് കൊല്‍ക്കത്ത ന്യൂസില്‍ നിന്നും ഒഴിവാക്കിയത്. ഇപ്പോള്‍ ഭാഗ്യമുള്ളവളാണെന്ന് തെളിഞ്ഞില്ലേ എന്നാണ് അന്ന് അഭിമുഖത്തില്‍ പറഞ്ഞത്. അത് വായിച്ചിട്ട് ദിലീപ് വിളിച്ചിരുന്നു. ചേച്ചീ ഞാന്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ല, ഞാന്‍ കാരണമല്ല ഒഴിവാക്കിയത്-എന്ന് ദിലീപ് പറഞ്ഞു.

ആ വാര്‍ത്ത വന്നതിന് ശേഷം മനസമാധാനം തന്നെ നഷ്ടപ്പെട്ടുവെന്ന് ലക്ഷ്മി പറഞ്ഞു. താന്‍ അങ്ങനെ പ്രതികരിച്ചോ എന്നറിയാന്‍ നൂറകണക്കിന് ഫോണ്‍ കോളുകളാണ് വന്നതെന്ന് ലക്ഷ്മി പറഞ്ഞു. ദിലീപ് റിമാന്‍ഡിലിരിക്കുന്ന വ്യക്തിയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ പ്രതികരിക്കാനും മാത്രം ബുദ്ധിശൂന്യത തനിക്കില്ലെന്നും ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞു.