സമൂഹ മാധ്യമങ്ങളില്‍ സിനിമകളെ റിവ്യു ചെയ്യുന്നവരിൽ ചിലര്‍ വാടക ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. നല്ല ഫോളോവേഴ്സുള്ള യുട്യൂബ് ചാനലുകാർ പണം നൽകിയാൽ മാത്രമേ സിനിമയെക്കുറിച്ച് പറയാൻ തയാറാകുന്നുള്ളൂ. പണമാവശ്യപ്പെട്ട് പലരും സിനിമക്കാരെ സമീപിക്കുന്നു. ഇങ്ങനെ പണം നൽകിയാലേ സിനിമ ആളുകളിലേയ്ക്ക് എത്തുകയുള്ളൂ എന്ന അവസ്ഥയാണുള്ളത്.
പണം നൽകാത്തവരുടെ സിനിമ കൊള്ളില്ലെന്ന് പറയാനും പലരും മുതിരുന്നു. അതേസമയം, വളരെ നല്ല രീതിയിൽ സിനിമയെ സമീപിച്ച് റിവ്യു ചെയ്യുന്നവർ ഒട്ടേറെയുണ്ടെന്നും അത് വ്യക്തികളുടെ സ്വഭാവഗുണത്തിനനുസരിച്ചാണ് എന്നും ലാൽ ജോസ് പറഞ്ഞു.
പണ്ട് ഇങ്ങനെയൊന്നുമല്ലായിരുന്നു. കടലയും കൊറിച്ച് സിനിമ കാണാനെത്തുന്നവർ നല്ലതാണോ മോശമാണോ എന്ന് മാത്രമേ അഭിപ്രായം പറയുമായിരുന്നുള്ളൂ. ഇന്നത്തെ വിമർശകർ വളരെ സൂക്ഷ്മമായാണ് സിനിമയെ കാണുന്നത്. എഡിറ്റിങ്ങിനെക്കുറിച്ചും ക്യാമറ ആംഗിളിനെക്കുറിച്ചും അഭിപ്രായം പ്രകടിപ്പിക്കുന്നു. ഇന്ന് എല്ലാവരും എഴുത്തുകാരും സംവിധായകരുമാണ്.
പ്രേക്ഷകർക്ക് വേണ്ടിയല്ല, ഇത്തരക്കാരെ മുന്നിൽകണ്ടാണ് താനിപ്പോൾ സിനിമ ചെയ്യുന്നതെന്നും തന്റെ പുതിയ ചിത്രമായ സോളമന്റെ തേനീച്ചകളുടെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ലാൽ ജോസ് പറഞ്ഞു.
നാല് യുവതീയുവാക്കളുടെ കഥയാണ് സോളമന്റെ തേനീച്ചകൾ പറയുന്നത്. മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിൽ തിളങ്ങിയ വിൻസി, ദർശന, ആഡിസ് ആന്റണി, ശംഭു മേനോൻ എന്നിവരാണ് ഇൗ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇതിൽ വിൻസിയൊഴിച്ച് മറ്റെല്ലാവരുടെയും റിലീസാകുന്ന ആദ്യ ചിത്രമാണിത്. പുതുമുഖങ്ങളുടെ യാതൊരു പരിഭ്രവുമില്ലാതെയാണ് എല്ലാവരും അഭിനയിച്ചത്. സോളമന്റെ തേനീച്ചകൾ കണ്ടവരെല്ലാം നല്ലതാണെന്നും കാണാത്തവർ മോശമാണെന്നും പറയുന്നതായും ലാൽ ജോസ് ആരോപിച്ചു.
Leave a Reply