ലാലി രംഗനാഥ്

പലതരം മെനുവോട് കൂടിയ പ്രഭാത ഭക്ഷണവും കഴിഞ്ഞ് അല്പംപോലും വിശ്രമിക്കാൻ നിൽക്കാതെ എല്ലാവരും സുന്ദരിയെ കാണാനുള്ള ആവേശവുമായി പെട്ടെന്ന് തന്നെ റെഡിയായി ഹോട്ടലിന്റെ ലോബിയിൽ വന്നു.

മണാലിയിലെ ഞങ്ങളുടെ ആദ്യത്തെ യാത്ര “ഹിഡിമ്പ” ക്ഷേത്രത്തിലേയ്ക്കായിരുന്നു. നഗരപ്രദക്ഷിണവും ‘വസിഷ്ഠ’ ഗ്രാമ സന്ദർശനവും കൂടി ഉൾപ്പെടുത്തിയാണ് ഇന്നത്തെ യാത്രയെന്നറിയിക്കുക മാത്രമല്ല, ആ സ്ഥലത്തെ പ്രത്യേകതകളെക്കുറിച്ച് കൂടി ഹാരിസ് വിശദീകരിച്ചപ്പോൾ കാണാനുള്ള കൗതുകമേറി വന്നു.

ശരീരമാകെ അരിച്ചുകയറുന്ന തണുപ്പിനെ പ്രതിരോധിക്കാൻ സ്വെറ്ററും തൊപ്പിയും കൂട്ടിനു ണ്ടായിരുന്നെങ്കിലും മനസ്സിന്റെ കുളിർമ്മയ്ക്ക് ആവരണമിടാനാകാത്തത് കൊണ്ട് തന്നെ, കുളിരുള്ള മനസ്സുമായി ഞങ്ങളെല്ലാവരും ഒമ്പതുമണിക്ക് തന്നെ ഹിഡിമ്പ ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെട്ടു. മഹാഭാരത കഥയിലെ ഭീമസേനന്റെയും ഹിടിമ്പ എന്ന രാക്ഷസിയുടെയും പ്രണയത്തിന്റെ സ്മാരകമായും നാടോടിക്കഥകളിൽ സൂചനയുണ്ടത്രേ.

ബസ്സിനു പുറത്തേക്കാഴ്ചകൾ മനോഹരമെന്ന ഒറ്റവാക്കിൽ ഒതുങ്ങുന്നതായിരുന്നില്ല. അത്രയ്ക്ക് ഭംഗിയായിരുന്നു മഞ്ഞണിഞ്ഞ മണാലിക്ക്. കാഴ്ചകൾ കണ്ടിരുന്ന്‌, ലക്ഷ്യസ്ഥലമെത്തിയത് ഞാനറിഞ്ഞതേയില്ല.ബസ്സിറങ്ങി അല്പദൂരം നടന്ന് വേണം ക്ഷേത്രത്തിലെത്താൻ. ഉയരം കൂടിയ ദേവാദാരു മരങ്ങൾക്കിടയിലൂടെ , ഹിമാലയൻ സൗന്ദര്യവുമാസ്വദിച്ചുകൊണ്ട് ക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ പാടാനറിയാത്ത ഞാൻ പോലും പാടിപ്പോയി..

“ആരേയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ…” എന്ന്.

തടിയും കല്ലും കൊണ്ട് നിർമ്മിച്ച ഹിഡിമ്പക്ഷേത്രം പ്രാചീന ആർക്കിടെക്സ്ചർ രീതികളുടെ ഒരു ശേഷിപ്പാണ്. വ്യത്യസ്തമായ രീതിയിലുള്ള ഒരു പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. ഒത്ത നടുവിൽ ചെറിയൊരു ദേവി വിഗ്രഹവുമായി ഒരു ഗുഹ. ചുറ്റുമായി അമ്പലം. മഹാഭാരതകഥയിലെ ഭീമസേനന്റെ ഭാര്യ ഹിടിമ്പി ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.

ആദ്യ കാഴ്ചയിൽ ഒരു മാന്ത്രിക ചിത്രത്തിന്റെ പശ്ചാത്തലമാണോയെന്നെനിക്ക് സംശയം തോന്നിപ്പോയി ക്ഷേത്രത്തിനുള്ളിൽ കടന്നപ്പോൾ. മരം കൊണ്ടാണ് ചുവരും മേൽക്കൂരയും നിർമ്മിച്ചിരിക്കുന്നത്. ചുവരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മാൻ തലയോട്ടികൾ പതിപ്പിച്ചിട്ടുണ്ട്. സത്യത്തിൽ അവിടെ നിന്നപ്പോൾ ദൈവീക ചിന്തകൾക്കപ്പുറം എന്റെ മനസ്സിനെ ഭരിച്ചത് ചെറിയൊരു ഭയമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ ഈ ക്ഷേത്രനിർമ്മിതി മണാലിയിലെ മാറ്റി നിർത്താനാവാത്ത ഒരു സന്ദർശനസ്ഥലമാണെന്നതിൽ തർക്കമൊന്നുമില്ല. ‘ദുംഗ്രി’ എന്ന പാർക്കിന്റെ നടുവിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എന്നത് ആകർഷണീയമായ ഒരു കാര്യവുമാണ് .

അല്പനേരം ഞങ്ങളെല്ലാവരും ക്ഷേത്രത്തിനുള്ളിലും പുറത്തുമായി ചെലവഴിച്ച് പുറത്ത് കടക്കുമ്പോൾ, ചുറ്റും കമ്പിളി ഉടുപ്പുകളും മറ്റും വിൽക്കുന്ന കച്ചവടക്കാരുടെ ( കൂടുതലും ഹിമാലയൻ സുന്ദരികളാണ്) തിരക്കായിരുന്നു.

പക്ഷേ എന്നെ ഏറെ ആകർഷിച്ചത് ദേവദാരു മരങ്ങൾക്കിടയിൽ, സ്വപ്നം പൂത്ത മിഴികളുമായി പരസ്പരം പ്രണയം പങ്കുവെക്കുന്ന ദമ്പതികളുടെ ശരീരഭാഷയാണ്. ഫോട്ടോകൾക്ക് വേണ്ടി സ്വയം മറന്നവർ പോസ് ചെയ്യുന്നത് വെറുതെ നോക്കി നിന്നപ്പോൾ മനസ്സിന്റെ കുളിരിന് ഹൃദ്യതകൂടി. യൗവനവും വാർദ്ധക്യവുമെല്ലാം യുവത്വത്തിൽ എത്തിനിൽക്കുന്ന കാഴ്ച…സുന്ദരം.

അവിടെ കണ്ട മറ്റൊരു കാഴ്ച കണ്ണിന് കുളിർമ പകരുന്ന ഒന്നായിരുന്നു . അതിൽ ഞാനുമൊന്ന് ഭ്രമിച്ചു. മണാലിക്കാരുടെ ഔദ്യോഗിക വസ്ത്രമായ “പാട്ടു”വുമണിഞ്ഞ് നിൽക്കുന്ന ടൂറിസ്റ്റുകളെ കണ്ടപ്പോൾ എനിക്കും ആ വസ്ത്രമണിഞ്ഞൊരു ഫോട്ടോ എടുത്താലോയെന്നൊരു മോഹം വെറുതെ മനസ്സിൽ കടന്നുകൂടി..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

” പലരും ഉപയോഗിക്കുന്ന ഒന്നാണ്.. കോവിഡ് കാലമൊക്കെയാണ്”..
ഈ വക ദുഷ്ചിന്തകളൊക്കെ പാടേ മറന്ന് “പാട്ടു” അണിയാനുള്ള തിടുക്കമായിരുന്നു പിന്നീട്. ഹിമാലയൻ സുന്ദരിമാർ എന്നെ വസ്ത്രമണിയിക്കാൻ മത്സരിച്ചപ്പോൾ, എന്റെ കോസ്റ്റൂമെറെ തിരഞ്ഞെടുക്കാനെനിക്ക് അൽപ്പമൊന്നു പണിപ്പെടേണ്ടി വന്നുവെന്നുള്ളത് മറ്റൊരു കാര്യം.

കടും ചുവപ്പ് നിറമുള്ളതാണീ വസ്ത്രം. കട്ടിയേറിയ കടും നിറത്തിലുള്ള ഈ ഷാൾ നമ്മുടെ വസ്ത്രത്തിന് മുകളിൽ പ്രത്യേക രീതിയിൽ, ‘ബൂമിനി’ യെന്നറിയപ്പെടുന്ന സിൽവർ പിന്നുകളുപയോഗിച്ചുറപ്പിക്കും. സിൽവർ ആഭരണങ്ങളും വില്പനക്കാർ തന്നെ അണിയിക്കും. പുതിയൊരു വേഷത്തിൽ നമ്മളെ കാണുമ്പോളുണ്ടാകുന്ന ഒരു കൗതുകം.. അതൊരു നല്ല അനുഭവം തന്നെയായിരുന്നു.

പാട്ടുവുമണിഞ്ഞു നിന്നപ്പോൾ ഹിമാലയൻ സൗന്ദര്യം എന്നിലേക്ക് ആവാഹിക്കപ്പെട്ടോയെന്ന്, ഒരു നിമിഷം ഭർത്താവെടുത്ത എന്റെ ഫോട്ടോയിൽ നോക്കി വെറുതെ ഒന്ന് സംശയിക്കുകപോലും ചെയ്തു ഞാൻ. സംശയമായത് കൊണ്ട് ആരോടും പറഞ്ഞൊന്നുമില്ല കേട്ടോ..

സംഘങ്ങളെല്ലാവരും തന്നെ ഫോട്ടോയെടുപ്പിന്റെ തിരക്കിലായിരുന്നു. ദേവദാരു മരങ്ങളുടെയും ദേവീക്ഷേത്രത്തിന്റെയും പശ്ചാത്തലം അത്രമേൽ ഹൃദയഹാരിയായ ഒന്നായിരുന്നു. കൂടെ അരിച്ചു കയറുന്ന തണുപ്പ് കൂടി ആയാലോ..

ഉച്ചയോടടുത്തപ്പോൾ ഹിഡിമ്പ ദേവിയോട് യാത്ര പറഞ്ഞിറങ്ങിയ ഞങ്ങൾ ഭക്ഷണശേഷം “വസിഷ്ഠ” ഗ്രാമ സന്ദർശനം ലക്ഷ്യമാക്കി യാത്ര തുടർന്നു…

തുടരും….

 

ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര

അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം