ലാലി രംഗനാഥ്

ഹിഡുംബ ക്ഷേത്രത്തിലെ സന്ദർശനവും കഴിഞ്ഞ് വസിഷ്ഠ ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ, ഞങ്ങളെല്ലാവരും ചെറിയരീതിയിലുള്ള ഭക്ഷണം മാത്രം കഴിച്ച് യാത്ര തുടരാമെന്നുള്ള തീരുമാനത്തിലെത്തി..മാൾ റോഡിലെ വിവിധതരം ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളെക്കുറിച്ച് ഹാരിസ് വിശദീകരിച്ചപ്പോൾ വിപുലമായ ഉച്ചഭക്ഷണം അവിടെനിന്നാകാമെന്നുറപ്പിച്ച്,മോമോസും ചാറ്റ്സുമൊക്കെ കഴിച്ച്, ടൗണിൽ നിന്നും ഏകദേശം മൂന്നരകിലോമീറ്റർ മാത്രമകലത്തിൽ സ്ഥിതി ചെയ്യുന്ന വസിഷ്ഠഗ്രാമത്തിലെത്തി. അവിടെയാണ് മണാലിയിലെ ആകർഷണ കേന്ദ്രങ്ങളിലൊന്നായ വസിഷ്ഠക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രത്തിനെക്കുറിച്ച് വിശദമായറിയാൻ എന്താണൊരു വഴിയെന്നാലോചിച്ചു നിൽക്കുമ്പോഴാണ്, ഗൈഡിന്റെ രൂപത്തിൽ മലയാളം സംസാരിക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരൻ എന്റെ ശ്രദ്ധയിൽപ്പെട്ടത്. മലയാളിയുടെ മുഖച്ഛായയാണ് എന്നെ ആകർഷിക്കാൻ കാരണമെന്ന്, മലയാളത്തെയും മലയാളിയെയും ഏറെ സ്നേഹിക്കുന്ന ഞാൻ പറയുമെങ്കിലും, ഹിന്ദി ഭാഷ സംസാരിക്കുന്ന ഗൈഡുകൾ പറയുന്നത് എനിക്ക് മനസ്സിലാവില്ലയെന്നുള്ളതാണ് സത്യം. രണ്ടാം ഭാഷ ഹിന്ദിയാണ് പഠിച്ചതെന്നുള്ളത് ഒരു രഹസ്യമായി സൂക്ഷിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട് കേട്ടോ.

മലയാളിയായ അച്ഛന്റെ മുഖച്ഛായയും ഹിമാലയൻ സുന്ദരിയായ അമ്മയുടെ നിറവുമുള്ള ഗൈഡ് രാഗേഷ് പറഞ്ഞുതന്ന വസിഷ്ഠ ക്ഷേത്രത്തിനെക്കുറിച്ചുള്ള അറിവുകൾ എന്നിലൊരു പുതിയ ഉണർവുണ്ടാക്കിത്തന്നിരുന്നു. എനിക്കു മാത്രമല്ല ,സംഘത്തിലുള്ള മിക്കപേർക്കും.. എന്തെന്നോ നമ്മുടെ ഭാഷയിൽ ഒരു വിവരണം കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം തന്നെയാണ്.

“മലയാള ഭാഷതൻ മാദകഭംഗി നിൻ
മധുവൂറും മൊഴികളായ്‌ പൊഴിയുമ്പോൾ…”.

എന്നൊക്കെ പാടണമെന്ന് എനിക്ക് മാത്രമാണോ തോന്നിയത് എന്ന് പോലും ഞാൻ സംശയിച്ചു രാഗേഷിന്റെ സംസാരം കേട്ടപ്പോൾ.
നിറം കുറഞ്ഞ കൃഷ്ണമണികളുള്ള പാതി മലയാളിയുടെ അത്രത്തോളം സ്ഫുടമല്ലാത്ത മലയാളഭാഷ കേൾക്കാൻ നല്ല രസമായിരുന്നു.

ക്ഷേത്രത്തിന് നാലായിരം വർഷത്തിലേറെ പഴക്കമുണ്ടെന്നും സപ്തർഷികളിൽ ഒരാളായ മഹാമുനി വസിഷ്ഠന്റെ പേരിലാണ് ഈ ക്ഷേത്രമെന്നും, മലയാളവും അല്പം ഹിന്ദിയും കലർത്തി വിശദീകരിച്ച്, അമ്പലത്തിനുള്ളിലെ കാഴ്ചകളിലേക്ക് അയാൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. മരവും ഇഷ്ടികയും കൊണ്ടുള്ള ആ പഴയ നിർമ്മാണരീതി വളരെ മനോഹരമായി തോന്നി. ക്ഷേത്രത്തിനകത്ത് ധോത്തി ധരിച്ച ഋഷിയുടെ കറുത്ത കല്ലുചിത്രമുണ്ടെന്നതും ഒരു പ്രത്യേകതയായിരുന്നു.

അവിടുത്തെ മറ്റൊരു പ്രധാന ആകർഷണങ്ങളിലൊന്നാണ് ചൂടുള്ള നീരുറവ. അതിന്റെ ഗുണഗണങ്ങൾ വർണ്ണിക്കുമ്പോൾ രാഗേഷ് വല്ലാതെ വാചാലനായിരുന്നു. പല ത്വക്ക് രോഗങ്ങൾക്കും ഔഷധ പ്രാധാന്യമുള്ള ഈ നീരുറവ ഫലപ്രദമാണെന്നും ചർമ്മത്തിലെ അണുബാധകളും രോഗങ്ങളുമകറ്റാൻ പലരും ഈ വെള്ളത്തിൽ കുളിക്കാറുണ്ടെന്നും മറ്റും വളരെ ആവേശത്തോടെ അയാൾ പറഞ്ഞപ്പോൾ ഒന്ന് കുളിച്ചാലോ എന്ന് മാത്രമല്ല തോന്നിയത്, ഇയാളുടെ ജൻമോദ്ദേശം തന്നെ മണാലിയിലെ ഗൈഡാവുക എന്നതായിരുന്നോ,എന്നുകൂടി ചിന്തിച്ചു പോയി.

രാഗേഷിനോടും വസിഷ്ഠമുനിയോടും യാത്ര പറഞ്ഞശേഷം,ബസ്സിൽ മാൾ റോഡിലെത്തിയപ്പോൾ വിശപ്പെന്നെ വല്ലാതെ തളർത്തിയിരുന്നു. ഹാരിസ് ചൂണ്ടിക്കാണിച്ച ഹോട്ടലിൽ ഫിഷ് കറി കിട്ടുമെന്ന് ഒന്നുകൂടി ഉറപ്പിച്ച്, വളരെ ആവേശത്തോടെയാണ് അവിടെ കയറിയത്. മെനുവിൽ ‘ഫിഷ്’ ”എന്നെഴുതിക്കണ്ടപ്പോഴുണ്ടായ ഒരു സന്തോഷം, .വാക്കുകൾക്കുമപ്പുറം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നമ്മുടെ നാട്ടിൽ കിട്ടുന്ന തരം മീനായിരുന്നില്ലെങ്കിലും, വൈറ്റ് റൈസും മീൻകറിയും കഴിച്ച സംതൃപ്തിയിൽ തന്നെയാണ് ഭക്ഷണം കഴിച്ചിറങ്ങിയത്.

പിന്നീട് സംഘം ചെറിയൊരു ഷോപ്പിങ്ങിനായി കൂട്ടംകൂട്ടമായി പല കടകളിലും കയറിയിറങ്ങാൻ തുടങ്ങി..

മണാലിയുടെ ഹൃദയമെന്ന് വേണമെങ്കിൽ മാൾ റോഡിനെ വിശേഷിപ്പിക്കാം. ഇവിടെ സ്ഥിതിചെയ്യുന്ന സെൻട്രൽ മാർക്കറ്റാണ് സഞ്ചാരികളെ ഇവിടേയ്ക്കാർഷിക്കുന്ന ഒരു പ്രധാന ഘടകം. ഷോപ്പിങ്ങൊക്കെ വേഗം തീർത്ത്,, പറഞ്ഞ സമയത്തുതന്നെ ബസ്സിനടുത്തെത്തിയപ്പോൾ, സംഘം മുഴുവനായും എത്തിയിട്ടില്ലെന്നെനിക്ക് മനസ്സിലായി . വിവരമന്വേഷിച്ചപ്പോഴാണറിയുന്നത് ഷോപ്പിംഗ് ഭ്രമക്കാരികളായ ഭാര്യമാരെ തിരികെക്കൊ ണ്ടുവരാൻ പല ഭർത്താക്കന്മാരും അവിടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുന്നു എന്നുള്ള രസകരമായ വസ്തുത.
ഒരു ദിവസം കൂടി ഷോപ്പിങ്ങിനായി മാറ്റി വച്ചിട്ടുണ്ടെന്നുള്ള ഒരർദ്ധസത്യം അവരെ ധരിപ്പിച്ചിട്ടാണത്രേ പിന്നീട് നിർബന്ധപൂർവ്വം എല്ലാവരെയും ബസ്സിൽ കയറ്റിയത്.
(ഹാരീസിന്റെ രഹസ്യ മൊഴി )

(അക്കാര്യത്തിൽ എന്റെ ഭർത്താവ് ഭാഗ്യവാനാണ്.. ഷോപ്പിങ്ങിനായി അധിക സമയമൊന്നും മിനക്കെടാനിഷ്ടമില്ലാത്ത ഭാര്യ.. അത് എന്റെ മടിയുടെ ഭാഗമാണ് ട്ടോ )

ഹോട്ടലിലേയ്ക്കുള്ള യാത്ര തുടരുമ്പോൾ ബസ്സിനകത്ത് മുഴുവനും ഷോപ്പിംഗ് വിശേഷങ്ങളുടെ ചർച്ചയായിരുന്നു. ഞാനപ്പോൾ സ്വപ്നലോകത്തിലൂടെയുള്ള ചെറിയൊരു സഞ്ചാരത്തിലും. പിറ്റേന്ന് രാവിലെ കാണാൻ പോകുന്ന മഞ്ഞുമലകളിലേക്ക് സ്വപ്നത്തിലൂടെയുള്ള ഒരു യാത്രയിൽ….

അടുത്ത ഭാഗം.. മഞ്ഞു മലകളിലേക്ക് ഒരു സ്വപ്നയാത്ര… തുടരും.

ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര

അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം