ലാലി രംഗനാഥ്
രാവിലെ എട്ടുമണിക്ക് തന്നെ സോളാങ് വാലിയിലേക്ക് യാത്ര പുറപ്പെടണമെന്ന് തലേദിവസം രാത്രി ഹാരിസ് ഒന്നുകൂടി ഓർമിപ്പിച്ചിരുന്നു. ഡിന്നറിനോടൊപ്പം ഹിമാലയൻ സുന്ദരികളുടെ പരമ്പരാഗത നൃത്തരൂപമാസ്വദിക്കുമ്പോഴും എന്റെ മനസ്സ് മഞ്ഞുമലകളിലെ കേട്ടറിഞ്ഞ വിസ്മയങ്ങൾ അനുഭവിച്ചറിയാനുള്ള ആവേശത്തിലായിരുന്നു.
മൂന്ന് ടെമ്പോ ട്രാവലറുകളിലായിട്ടാണ് ഞങ്ങൾ മണാലിയിൽ നിന്നും ഏകദേശം പതിമൂന്ന് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സോളാങ് വാലിയിലേക്ക് പുറപ്പെട്ടത്. വഴിയിൽ ഒരു കച്ചവട കേന്ദ്രത്തിൽ നിന്നും കോട്ടും ബൂട്ടും കൈയുറകളും സ്വന്തമാക്കുകയും ചെയ്തു. യാത്രയിലുടനീളം കണ്ണുകൾക്ക് കുളിർമ്മയേകി സമാനതകളില്ലാത്ത, മഞ്ഞുമൂടിയ താഴ്‌വരകളുടെ സൗന്ദര്യം മനസ്സിലേക്കാവാഹിച്ചെടുത്ത്, സ്വർഗ്ഗീയ നിമിഷങ്ങളിലൂടെ കടന്നുപോയത് വിവരണാതീതം.
ലോകമെമ്പാടുമുള്ള സ്കീ ആരാധകരുടെ സ്വപ്നഭൂമിയാണവിടം. പാരാഗ്ലൈഡിങ്ങും ആസ്വദിക്കാനാവുന്ന പ്രധാന വിനോദം.
ഹിമാലയൻ കൊടുമുടികളുടെ മനോഹരമായ താഴ്‌വരകളിലൂടെ സഞ്ചരിക്കുന്നതിന്റെ,
നിങ്ങളുടെ മുടിയിഴകളെ തഴുകി പോകുന്ന തണുത്ത പർവ്വതക്കാറ്റ് നിങ്ങളിലുണ്ടാക്കുന്ന വിസ്മയത്തിന്റെയൊക്കെ ആനന്ദം നിങ്ങൾ തന്നെ അനുഭവിച്ചറിയണം.
എന്തെന്നോ! ഇത്തരം സാഹസികതയുടെ കാര്യത്തിൽ ഞാനെന്നും പിന്നോക്കംനിൽക്കുന്ന ധൈര്യശാലിയായതുകൊണ്ട്, ഇത് ഞാൻ അനുഭവിച്ചറിഞ്ഞതല്ല.. കേട്ടറിഞ്ഞതാണെന്നുള്ള സത്യം പറയാനും മടിയൊന്നുമില്ല കേട്ടോ?
ഞങ്ങൾ സോളാങ് വാലിയിൽ എത്തിച്ചേർന്നപ്പോൾ, അവിടെ വല്ലാത്ത തിരക്കായിരുന്നു. മഞ്ഞുമൂടിയ മലകൾ ഹൃദയഹാരിയായിരുന്നുവെങ്കിലും ചുറ്റുപാടുകൾ വൃത്തിഹീനമായി തോന്നിയത് എന്നെ അല്പം നിരാശപ്പെടുത്തി. അപ്പോഴാണ് ഏകദേശം പത്ത് കിലോമീറ്റർ കൂടി മുന്നോട്ടു പോയാൽ നമുക്ക് മാത്രമായൊരു മഞ്ഞിന്റെ താഴ്‌വര നമ്മളെ കാത്തിരിപ്പുണ്ടെന്നും അവിടേക്ക് പോകാമെന്നും ഹാരിസ് പറഞ്ഞത്. അതിനായുള്ള പ്രത്യേക അനുവാദം അദ്ദേഹം നേടിയിരുന്നുവത്രേ. ചെറുതായൊന്നു മങ്ങിപ്പോയിരുന്ന ഉത്സാഹം എല്ലാവരിലും സടകുടഞ്ഞെഴുന്നേറ്റു, യാത്ര തുടർന്നു.
അവിടെ എത്തിപ്പെട്ടപ്പോൾ അതൊരു അത്ഭുതക്കാഴ്ച തന്നെയായിരുന്നു. ചെളിയും മാലിന്യങ്ങളുമൊന്നും നിറയാത്ത മഞ്ഞിന്റെ കൂട്ടത്തിൽ മൂന്ന് മണിക്കൂർ എന്തെല്ലാം വിനോദങ്ങളിലൂടെയാണ് നമ്മൾ സമയം നീക്കിയതെന്ന് ഇന്നുമോർക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിരാണ്.
റോഡിൽ നിന്നും വലിയ താഴ്ചയിലേക്ക് ഒരു ടയറിൽ കയർ കെട്ടി, മഞ്ഞിലൂടെ താഴേക്ക് നിരങ്ങി ഇറങ്ങുക, മഞ്ഞിൽത്തന്നെ മറിഞ്ഞ് പന്ത് കളിക്കുക, ഫോട്ടോയ്ക്ക് വേണ്ടി ഇരുന്നും കിടന്നും പോസ്ചെയ്യുക,കൈകളിൽ മഞ്ഞു കോരിയെടുത്ത് വീശിയെറിയുക… മറക്കാനാവാത്ത മുഹൂർത്തങ്ങൾ തന്നെയായിരുന്നു.
വിശപ്പോ ദാഹമോ അലട്ടാത്ത നിമിഷങ്ങളിൽ നിന്നും, മൂന്നു മണിക്കൂറിനു ശേഷം.. ആ സ്വപ്നലോകത്തു നിന്നും, യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തിയപ്പോൾ വിശപ്പ് മുറവിളി കൂട്ടിത്തുടങ്ങിയിരുന്നു.
വലിയ ഹോട്ടലുകളൊന്നുമില്ലാത്ത സ്ഥലത്ത് ചെറിയ വാനുകളിൽ പാചകം ചെയ്തു കിട്ടിയ ഓംലെറ്റും സാൻവിച്ചുമെല്ലാം കഴിച്ച് ഒരു മസാല ചായയും കുടിച്ച് മടക്കയാത്രയ്ക്കൊ രുങ്ങുമ്പോഴും മനസ്സ് മഞ്ഞിൽക്കുളിച്ച നിമിഷങ്ങളിൽനിന്നും മടങ്ങാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല.എല്ലാവരുടെ മുഖത്തും ആ ആഹ്ലാദം പ്രകടമായിരുന്നു.
മടങ്ങും വഴിയിൽ അനുഭവിച്ചറിഞ്ഞ zip ലൈൻ യാത്ര വല്ലാത്തൊരു സാഹസമായിപ്പോയെന്നു ബിയാസ് നദിയുടെ മുകളിലൂടെ റോപിൽ തൂങ്ങിക്കിടന്ന് മലമുകളിലേക്ക് പോയപ്പോൾ ഒരു നിമിഷം പശ്ചാത്തപിച്ചു പോയിരുന്നു…തിരിച്ചെത്തിയപ്പോഴാണ് ആയുസ്സിന് ദൈർഘ്യമുണ്ടെന്നുറപ്പായത്. അതും ഒരനുഭവം.
ഭർത്താവുമൊത്ത് മണാലിയുടെ ഉൾപ്രദേശങ്ങളിലൂടെയുള്ള ചെറിയൊരു ബൈക്ക് യാത്രയുമാസ്വദിച്ച് , ഹോട്ടലിലേക്ക് മടങ്ങുമ്പോഴും കൈകളിൽ മഞ്ഞു കോരിയെടുത്തതിന്റെ മരവിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല.. മനസ്സിന്റെ കുളിരും.
തുടരും..
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം
Leave a Reply