100 വർഷത്തോട് അടുക്കുന്ന ചരിത്രത്തിൽ ഇന്നുവരെ ഒരു ലാ ലിഗ കിരീടമോ കിങ്സ് കപ്പ് ട്രോഫിയോ നേടിയിട്ടില്ലാത്ത സ്പാനിഷ് ഫുട്ബോൾ ക്ലബ്ബാണ് സെൽറ്റവിഗോ. എന്നിട്ടും, കഴിഞ്ഞ ദിവസം രാത്രി അവർ ലോകത്തിലെ ഏറ്റവും കിരീടമൂല്യമുള്ള ക്ലബ്ബിനെ സമനിലയിൽ പിടിച്ചു. 2 തവണ പിന്നിൽപ്പോയിട്ടും ഗോളുകൾ തിരിച്ചടിച്ചു ബാർസിലോനയ്ക്കെതിരെ സെൽറ്റവിഗോ നേടിയ 2–2 സമനില സമീപകാലത്തെ ഏറ്റവും വലിയ ഫുട്ബോൾ അട്ടിമറികളിലൊന്നാണ്.

കാരണം, ഈ സമനിലയോടെ ലാ ലിഗ കിരീടപ്പോരിൽ റയൽ മഡ്രിഡിന് ഒപ്പമുണ്ടായിരുന്ന ബാർസയുടെ കുതിപ്പിടറി. ഒരേ പോയിന്റായിരുന്നിട്ടും ഗോൾവ്യത്യാസത്തിൽ റയലിനു പിന്നിലായിരുന്ന ബാ‍ർസയ്ക്കു ശേഷിക്കുന്ന 6 മത്സരങ്ങൾ ജയിച്ചാൽ മാത്രം മതിയാവില്ല; റയൽ വീഴാൻ പ്രാർഥിക്കുക കൂടി വേണം! എസ്പന്യോളിനെ എവേ ഗ്രൗണ്ടിൽ തോൽപിച്ചാൽ റയലിനു 2 പോയിന്റ് ലീഡാകും. ഇനിയുള്ള മത്സരങ്ങളിൽ അത്‌ലറ്റിക്കോ മഡ്രിഡിനെവരെ നേരിടേണ്ട ബാർസയുടെ സ്ഥിതി ഒട്ടും ഭദ്രമല്ല.

20, 67 മിനിറ്റുകളിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽനിന്നു ലൂയി സ്വാരെസ് നേടിയ ബാർസയുടെ 2 ഗോളുകൾ 50–ാം മിനിറ്റിൽ റഷ്യക്കാരൻ ഫയദോർ സ്മോളോവും 67–ാം മിനിറ്റിൽ സ്പാനിഷ് ഫുട്ബോളർ ഇയാഗോ അസ്പസും നേടിയ ഗോളുകളിലൂടെ സെൽറ്റവിഗോ നിർവീര്യമാക്കിക്കളഞ്ഞു. കളി അവസാനിക്കാൻ നേരത്തു മറ്റൊരു ഗോൾ ബാർസയുടെ ഗോൾമുഖത്ത് ഇടിത്തീ വീഴ്ത്താതിരുന്നതു ഗോൾകീപ്പർ ടെർ സ്റ്റീഗന്റെ മിടുക്കുകൊണ്ടു മാത്രം.

മത്സരഫലത്തിൽ തനിക്കു നിരാശയും ദേഷ്യവുമുണ്ടെന്നു ലൂയി സ്വാരെസ് പറഞ്ഞതു ബാർസയുടെ ഇപ്പോഴത്തെ പ്രതിസന്ധികളിലേക്കാണു വിരൽ ചൂണ്ടുന്നത്. ‘ഈ സമനില ഞങ്ങൾ ചോദിച്ചു വാങ്ങിയതാണ്. പോയിന്റ് നഷ്ടപ്പെടുത്തിയതിന് ഒരു ന്യായീകരണവും പറയാനില്ല’ – മത്സരശേഷം സ്വാരെസ് പറഞ്ഞു.