കൊച്ചി: എറണാകുളം അങ്കമാലി അതിരുപതയിലെ ഭൂമി ഇടപാടില്‍ ഹൈക്കോടതിയില്‍ നിര്‍ണായക വാദം പുരോഗിക്കുന്നു. ഭൂമി ഇടപാടില്‍ താന്‍ തെറ്റു ചെയ്താല്‍ തനിക്കെതിരെ നടപടിയെടുക്കാന്‍ പോപ്പിന് മാത്രമാണ് അധികാരമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയെ അറിയിച്ചു. കാനോന്‍ നിയമം അതാണ് പറയുന്നത്. പോപ്പ് ഇതുവരെ തനിക്കെതിരെ ഒരു നടപടിയും സ്വീകരിക്കിട്ടില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കര്‍ദ്ദിനാളിനെതിരെ പലരും പരാതിയുമായി പോപ്പിനെ സമീപിച്ചിരുന്നുവെന്നും അതില്‍ പോപ്പ് ഒരു നടപടിയും എടുത്തിട്ടില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കര്‍ദ്ദിനാളിനു വേണ്ടി അഡ്വ.ശ്രീകുമാറും ഹര്‍ജിക്കാരനായ ഷൈന്‍ വര്‍ഗീസിനു വേണ്ടി അഡ്വ.രാമന്‍പിള്ളയുമാണ് ഹാജരാകുന്നത്.
എന്നാല്‍ രാജ്യത്തെ നിയമമൊന്നും കര്‍ദ്ദിനാളിന് ബാധകമല്ലേ എന്ന മറുചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചത്. കര്‍ദ്ദിനാളിനെ വില്‍ക്കാന്‍ ഏല്‍പ്പിച്ച ഭൂമികുറഞ്ഞ വിലയ്ക്ക് വിറ്റാല്‍ ആരാണ് ഉത്തരവാദി. ബിഷപ്പ് സഭയുടെ സൂക്ഷിപ്പ് കാരന്‍ മാത്രമാണ്. ബിഷപ് എന്നാല്‍ രൂപത ആണെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിശ്വാസവഞ്ചന കുറ്റം നിലനില്‍ക്കുമോ എന്നാണ് പരിശോധിക്കുന്നതെന്നും മറ്റു കാര്യങ്ങളിലേക്ക് ഒന്നും ഇപ്പോള്‍ കടക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭൂമി വില്‍ക്കാന്‍ സഭാ സമിതിയുടെ അനുമതി ആവശ്യമാണെന്നും ബിഷപ്പിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ബിഷപ്പ് സഭയുടെ സൂക്ഷിപ്പുകാരന്‍ മാത്രമാണെന്നും ഹര്‍ജിക്കാരന്‍ ഉന്നയിച്ചു. സഭ ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സ്ഥാപനമായിട്ടാണെന്നും കര്‍ദ്ദിനാളിന്റെ അഭിഭാഷകനും അറിയിച്ചു. ജസ്റ്റീസ് കെമാല്‍പാഷയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Leave a Reply