തെക്കൻ ജില്ലകളിൽ ക്രൂരത തുടർന്ന് പേമാരി. മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലും അപകടത്തിൽപ്പെട്ട ആരേയും മണ്ണിനടിയിൽ നിന്നും രക്ഷിക്കാനായില്ല. ഏറെ നിരാശയോടെയാണ് നാട്ടുകാരും രക്ഷാപ്രവർത്തകരും ഇടുക്കി,കോട്ടയം ജില്ലകളിൽ രക്ഷാപ്രവർത്തനം തുടരുന്നത്.

ഈ ജില്ലകളിൽ നിന്നായി ഉരുൾപൊട്ടലിലും ഒഴുക്കിലും പെട്ടവരുടെ 22 മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ശനിയാഴ്ച അഞ്ചു മൃതദേഹങ്ങൾ കിട്ടിയിരുന്നു. കോട്ടയത്ത് ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ കാവാലിയിൽ ഇളംകാട് ഒട്ടലാങ്കൽ മാർട്ടിൻ (48), മക്കളായ സ്‌നേഹ (14), സാന്ദ്ര (10) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച കിട്ടി. മാർട്ടിന്റെ അമ്മ ക്ലാരമ്മ, ഭാര്യ സിനി, മകൾ സോന എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച കണ്ടെടുത്തിരുന്നു.

പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽപ്പെട്ട ഇളംകാട് ആറ്റുചാലിൽ ജോബിയുടെ ഭാര്യ സോണിയ (45), മകൻ അലൻജോബി (14), ഇളംകാട് പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (62), ഇളംകാട് മുണ്ടകശ്ശേരി വേണുവിന്റെ ഭാര്യ റോഷ്‌നി (48) എന്നിവരുടെ മൃതദേഹങ്ങളും കിട്ടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്രാമ്പിക്കൽ പരേതനായ രാഘവന്റെ ഭാര്യ രാജമ്മ (65), ഏന്തയാറിൽ പിക്കപ്പ് ഓടിക്കുന്ന ഇളംകാട് ഓലിക്കൽ ഷാലറ്റ് (29), ഏന്തയാർ ഇളംതുരുത്തിയിൽ സിസിലി സെബാസ്റ്റ്യൻ (50) എന്നിവരാണ് ഒഴുക്കിൽപ്പെട്ടു മരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇടുക്കി കൊക്കയാർ പൂവഞ്ചിയിലെ ഉരുൾപൊട്ടലിൽ കാണാതായ കല്ലുപുരയ്ക്കൽ വീട്ടിൽ ഫൗസിയ സിയാദ് (28), മക്കൾ അമീൻ സിയാദ് (10), അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കൾ അഫ്‌സാര ഫൈസൽ (8), അഫിയാൻ ഫൈസൽ (4), ചിറയിൽ വീട്ടിൽ ഷാജി (55) എന്നിവരുടെ മൃതദേഹങ്ങൾ കിട്ടി. ഷാജിയുടെ മൃതദേഹം കിലോമീറ്ററുകൾ അകലെ മണിമലയാറ്റിൽനിന്നാണ് കണ്ടെത്തിയത്. പുതുപ്പറമ്പിൽ വീട്ടിൽ ഷാഹുലിന്റെ മകൻ സച്ചു(7)വിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

കോട്ടയം ഏറ്റുമാനൂരിൽ വീടിനു സമീപം പാടത്ത് സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ജവാൻ മുങ്ങിമരിച്ചു. ചെറുവാണ്ടൂർ മുണ്ടുവേലി മുകുളേൽ ജോൺ സെബാസ്റ്റ്യൻ (35) ആണ് മരിച്ചത്. തിരുവനന്തപുരത്ത് പൊൻമുടിക്കടുത്ത് കല്ലാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. പാൽക്കുളങ്ങര സ്വദേശി അഭിലാഷാ(23)ണ് മരിച്ചത്.

ഇടുക്കി പെരുവന്താനം നിർമലഗിരിയിൽ ഉരുൾപൊട്ടലിൽ കാണാതായ വടശ്ശേരിയിൽ ജോജോ(50)യുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. വീടിനു സമീപത്തെ കൃഷിയിടത്തിൽ ശനിയാഴ്ച രണ്ടുമണിയോടെ ചെറിയരീതിയിൽ ഉരുൾപൊട്ടിയിരുന്നു. കല്ലുംമണ്ണും ചെളിയും നീക്കാൻപോയ ജോജോ വീണ്ടും ഉരുൾപൊട്ടിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു.