ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- വ്യാഴാഴ്ച വൈകുന്നേരം സംഘർഷങ്ങൾ ആരംഭിക്കുന്നത് വരെ ലീഡ്സിലെ ഹെയർഹിൽസിൽ സാധാരണ നഗരാന്തരീക്ഷം ആയിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് ഹെയർഹിൽസിൽ നടന്നത് തികച്ചും അപ്രതീക്ഷിതമായ സംഘർഷാവസ്ഥകളാണ്. പോലീസ് വാഹനം മറിച്ചിടുകയും ബസ് കത്തിക്കുകയും മറ്റുമുള്ള സംഘർഷാവസ്ഥകൾ ഇപ്പോൾ പൂർണമായും അവസാനിച്ചതായാണ് അധികൃതർ നൽകുന്ന വിവരം. സ്ഥലത്തെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഹെയർഹിൽസിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ കുട്ടികളെ സോഷ്യൽ സർവീസ് അധികൃതർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ആദ്യമായി പോലീസിന് വ്യാഴാഴ്ച വൈകുന്നേരം ഫോൺ കോൾ ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ സംഭവസ്ഥലത്ത് എത്തിയ പോലീസ് അധികൃതർക്ക് അവിടെ തടിച്ചുകൂടിയ ജനങ്ങളെ നിയന്ത്രിക്കുവാൻ സാധിക്കാത്തതിനാൽ അവർ പിൻവാങ്ങി. പിന്നീട് പോലീസിന്റെ കൂടുതൽ അംഗങ്ങൾ അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയതോടെയാണ് സംഘർഷങ്ങൾക്ക് ഒരു പരിധിവരെ അയവ് വരുത്തുവാൻ സാധിച്ചത്. ഇതിനിടെ സംഘർഷം നടത്തുന്നവർ പോലീസ് വാഹനം മറിച്ചിടുകയും മറ്റൊരു ബസ് കത്തിക്കുകയും ചെയ്തത് സംഭവങ്ങൾ കൂടുതൽ ഗുരുതരമാകുന്നതിന് ഇടയാക്കി. ഇതോടൊപ്പം തന്നെ സംഘർഷക്കാർ പോലീസിനെതിരെ ഇഷ്ടികകളും മറ്റും വലിച്ചെറിയുവാൻ ശ്രമിച്ചതും വാർത്തയായിരുന്നു.

സംഭവത്തിന്റെ യഥാർത്ഥ കാരണം അറിയാതെ, സോഷ്യൽ മീഡിയയിൽ പരസ്പരം വിദ്വേഷ പ്രചാരണങ്ങൾക്കും ജനങ്ങൾ മുതിർന്നത് പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കി. സ്ഥലത്തെ മുസ്ലീം ന്യൂനപക്ഷമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് തരത്തിലുള്ള പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇതിനിടെ സംഭവസ്ഥലത്ത് എത്തി പ്രശ്നം പരിഹരിക്കുന്നതിന് സഹായിച്ച, ഹയർഹിൽസ് ഗ്രീൻ പാർട്ടി കൗൺസിലർ മോതിൻ അലിക്കെതിരെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ അണിനിരന്നതോടെ സോഷ്യൽ മീഡിയയിൽ പ്രശ്നത്തിന്റെ ചർച്ച രൂക്ഷമാക്കപ്പെടുകയാണ് ചെയ്തത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രദേശത്തെ കൗൺസിലർ രാത്രി ലീഡ്‌സിൽ കലാപം നടത്തുകയാണ് എന്ന പ്രസ്താവനയാണ് തീവ്ര വലതുപക്ഷ എതിരാളിയായ ടോമി റോബിൻസൺ നടത്തിയത്. എന്നാൽ സംഭവസ്ഥലത്ത് എത്തി പ്രശ്നത്തെ ശാന്തമാക്കാനും, പോലീസ് അധികൃതരെ സഹായിക്കുവാനുമാണ് യഥാർത്ഥത്തിൽ കൗൺസിലർ ശ്രമിച്ചത്.

സ്ഥലത്തെ സമാധാന അന്തരീക്ഷം തടസ്സപ്പെടുത്തുന്നതിനായി ക്രിമിനൽ പശ്ചാത്തലമുള്ള ഒരു ചെറിയ സംഘമാണ് സംഘർഷത്തിന് ശ്രമിച്ചതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കുന്നു. ഇപ്പോൾ സംഘർഷങ്ങൾ എല്ലാം തന്നെ അവസാനിച്ചതായും പ്രതികരികൾ എല്ലാം തന്നെ നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി. നാട്ടുകാരും പ്രദേശവാസികളും എല്ലാം തന്നെ ഒരേ മനസ്സോടെ പ്രവർത്തിച്ചതും സംഘർഷങ്ങൾക്ക് അയവ് വരുത്തുന്നതിന് കാരണമായി. നിരവധി മലയാളികൾ താമസിക്കുന്ന പ്രദേശമായ ലീഡ്സിൽ ഇത്തരത്തിൽ സംഘർഷങ്ങൾ ഉണ്ടായത് തുടക്കത്തിൽ ആശങ്ക ഉണ്ടാക്കിയെങ്കിലും, സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത് ആശ്വാസം നൽകുന്നതാണ്.