ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ട് ദിവസം ദുഖം ആചരിക്കും. ഗായികയോടുള്ള ആദരസൂചകമായി ദേശീയ പതാക പകുതി താഴ്ത്തും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയ പ്രമുഖര്‍ അനുശോചനമറിയിച്ചു.
കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രയില്‍ ചികിത്സയിലായിരുന്ന ലതാ മങ്കേഷ്‌കര്‍ ഇന്ന് രാവിലെയാണ് വിട പറഞ്ഞത്. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചത് ആരോഗ്യ നില ഏറെ വഷളാക്കിയിരുന്നു.
കദളീ കണ്‍കദളീ ചെങ്കദളീ പൂ വേണോ….
ഈ പാട്ടിന്റെ ബാക്കി വരിയറിയാത്ത മലയാളികള്‍ വിരളമാവും. രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ 1974ല്‍ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലെ ഗാനമാണിത്. വിവിധ ഭാഷകളിലായി മുപ്പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടും ഇന്ത്യയുടെ സുവര്‍ണ നാദം ലതാ മങ്കേഷ്‌കര്‍ മലയാളത്തില്‍ പാടിയിട്ടുള്ള ഒരേയൊരു പാട്ട്.
തലമുറകള്‍ പിന്നിട്ടിട്ടും ഈ ഗാനം ഇപ്പോഴും മലയാളികളുടെ മനസ്സിലുള്ളതിന്റെ പ്രധാന കാരണം ലഗ് ജാ ഗലേയിലൂടെ നമുക്ക് മുന്നിലെത്തിയ ശബ്ദമാധുര്യം തന്നെയാണ്. വയലാറിന്റെ വരികള്‍ക്ക് സലില്‍ ചൗധരി ഈണം പകര്‍ന്ന കദളീ കണ്‍കദളി സര്‍വകാല ഹിറ്റായാണ് ഇപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. ചിത്രത്തില്‍ ജയഭാരതി വേഷമിടുന്ന ആദിവാസി പെണ്‍കുട്ടി പാടുന്നതാണ് പാട്ട്.
ഈ ഗാനം യഥാര്‍ഥത്തില്‍ ലതാജിയുടെ മലയാളത്തിലെ രണ്ടാമത്തെ പാട്ട് ആവേണ്ടതാണെന്നതാണ് യാഥാര്‍ഥ്യം. മലയാളം വഴങ്ങാത്തതിന്റെ പേരില്‍ ചെമ്മീന്‍ സിനിമയിലെ കടലിനക്കരെ പോണോരെ എന്ന ഗാനം പാടാന്‍ ലതാ മങ്കേഷ്‌കര്‍ വിസമ്മതിച്ചിരുന്നു. സലില്‍ ചൗധരി തന്നെയായിരുന്നു ആ പാട്ടിന്റെയും സംഗീതം.
ചെമ്മീന്‍ ഇറങ്ങി ഒമ്പത് വര്‍ഷത്തിന് ശേഷമായിരുന്നു നെല്ലിന്റെ റിലീസ്. നെല്ലില്‍ സലില്‍ ദാ ലതാ മങ്കേഷ്‌കറെ വിടാതെ പിടികൂടി. സലില്‍ ചൗധരിയുടെ നിര്‍ബന്ധപ്രകാരമാണ് കദളീ കണ്‍കദളീ ലതാജി പാടുന്നതും ലതാ മങ്കേഷ്‌കറുടേതെന്ന് മലയാളികള്‍ക്കഹങ്കരിക്കാന്‍ ഒരു പാട്ടെങ്കിലും ഉണ്ടാവുന്നതും. ഈ പാട്ടിന്റെ റെക്കോര്‍ഡിംഗിന് മുമ്പ് ലതാജിയെ മലയാളം ഉച്ചാരണം പഠിപ്പിച്ചത് ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ് ആയിരുന്നു എന്നത് മറ്റൊരു കൗതുകം.
ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും പ്രണയവുമെല്ലാം തുളുമ്പുന്ന ഗാനം വലിയ രീതിയില്‍ ഹിറ്റായെങ്കിലും പാട്ടിലെ ഉച്ചാരണം ശരിയല്ലെന്ന വിമര്‍ശനവും അതിനോടൊപ്പം ഉയര്‍ന്നു. ഇതുകൊണ്ട് തന്നെയാവാം മലയാളത്തില്‍ പിന്നൊരു പാട്ട് ലതാജീയുടേതായി ഉണ്ടായില്ല. നെല്ലിലെ ഒരു പാട്ട് തന്നെ വീണ്ടും വീണ്ടും കേട്ട് മലയാളികള്‍ ഇന്നും നികത്തുകയാണ് ആ കുറവ്.
മലയാളത്തില്‍ അധികം സംഭാവനകളില്ലെങ്കിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ലതാജിയുടേതായിട്ടുണ്ട്. തമിഴില്‍ ഇളയരാജ ഈണമിട്ട നാല് ചിത്രങ്ങളില്‍ ലതാജിയുടെ പാട്ടുകളുണ്ട്. ഇത് കൂടാതെ കന്നഡയിലും തെലുങ്കിലും അവര്‍ മികച്ച സംഭാവനകള്‍ നല്കി.
1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ആദ്യമായി ലത ആലപിച്ചത്. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം.
മജ്‌ബൂർ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്.ഒരുകാലത്ത് ഹിന്ദിസിനിമാരംഗം ലതയും സഹോദരി ആഷഭോസ്ലെയും ഏതാണ്ട് പൂർണമായും കീഴടക്കിയിരുന്നു .ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്.
നർഗീസ്, നിമ്മി, മാലാ സിൻഹ, നന്ദ, ശർമിള ടാഗോർ, വൈജയന്തിമാല, പദ്മിനി, ഹെലൻ, വഹീദ റഹ്മാൻ, ബീനാറായി, ഗീതാ ബാലി, സീനത്ത് അമൻ, സൈറാ ബാനു, ആശ പരേഖ്, മുംതാസ്, മൗഷ്മി ചാറ്റർജി, ഹേമമാലിനി, ജയഭാദുരി, രേഖ, മാധുരി ദീക്ഷിത്, ഡിംപിൾ കപാഡിയ, ജൂഹി ചൗള തുടങ്ങി നിരവധി നായികമാരുടെ പിന്നണി പാടി നിറഞ്ഞുനിന്ന ശബ്ദമായിരുന്നു ലതാജി. തന്റെ പാട്ടുകള്‍ ലതാജി പാടണമെന്ന് മധുബാല അക്കാലത്ത് വാശി പിടിക്കുമായിരുന്നത്രേ.
ലതാജി പാടിയാലേ നായികയെന്ന നിലയില്‍ തങ്ങള്‍ അംഗീകരിക്കപ്പെടൂ എന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു ബോളിവുഡ് നടിമാര്‍ക്കെന്നാണ് ജയാബച്ചന്‍ ലതാ മങ്കേഷ്‌കറുടെ വിയോഗത്തോട് പ്രതികരിച്ചത്.എഴുപതുകള്‍ അടക്കി വാണിരുന്ന ഒട്ടുമിക്ക ബോളിവുഡ് നായികമാരുടേയും ഒരേയൊരു ശബ്ദമായിരുന്ന ലതാജിക്ക് മലയാളത്തില്‍ മുന്നണി പാടാന്‍ ഭാഗ്യം സിദ്ധിച്ച ഒരേ ഒരാളായിരുന്നു ജയഭാരതി.
Leave a Reply