മുംബൈ ∙ അവസരങ്ങളുടെ അസാധ്യകലയാണു രാഷ്ട്രീയമെന്നു തെളിയിച്ച് എൻസിപി നേതാവ് അജിത് പവാർ ‘വീണ്ടും’ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി. ഏതാനും ആഴ്ചകൾക്കു മുൻപ് വിമതപ്രവർത്തനം നടത്തി ബിജെപിയുടെ ദേവേന്ദ്ര ഫ്ഡ്നാവിസിന് ഒപ്പവും അജിത് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ശിവസേന– എൻസിപി– കോൺഗ്രസ് സർക്കാരിന്റെ മന്ത്രിസഭാ വികസനത്തിലാണ് അജിത്തിന് രണ്ടാം നറുക്കു വീണത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും എംഎൽഎയുമായ ആദിത്യ താക്കറെ ഉൾപ്പെടെ 36 പേരാണ് ഇന്നു മന്ത്രിമാരായത്.
അജിത് പവാർ ഉപമുഖ്യമന്ത്രിയാകുമെന്നു നേരത്തെതന്നെ റിപ്പോർട്ടുണ്ടായിരുന്നു. അജിത്തിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാനാണ് എൻസിപി ശിവസേനയ്ക്കു മേൽ സമ്മർദം ചെലുത്തിയിരുന്നത്. ഉദ്ധവ് താക്കറെയും എൻസിപി അധ്യക്ഷൻ ശരദ് പവാറും നടത്തിയ ചർച്ചയിലാണ് അജിത്തിന്റെ ഉൾപ്പെടെയുള്ളവരുടെ ചുമതല സംബന്ധിച്ചു ധാരണയായത്. എൻസിപിയിൽ വിമത നീക്കം നടത്തി ബിജെപിക്കൊപ്പം ചേർന്ന അജിത്, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം നവംബർ 23നു രാവിലെയാണ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
പരസ്യവോട്ടിലൂടെ സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനു ശേഷം അജിത്തും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മണിക്കൂറുകൾക്കകം രാജിവച്ചു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ അജിത്തിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നു എൻസിപി നീക്കി. എന്നാൽ ഉദ്ധവ് താക്കറെ സർക്കാർ അധികാരമേറ്റതിനു പിന്നാലെ അജിത് എൻസിപി പാളയത്തിലേക്കു തിരിച്ചുവന്നു. ശരദ് പവാർ കഴിഞ്ഞാൽ എൻസിപിയിൽ ഏറ്റവും സ്വാധീനമുള്ള നേതാവാണ് അജിത്. പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണവും അജിത്തിനാണ്.
ആദ്യം ഉപമുഖ്യമന്ത്രിയായതിനു പിന്നാലെ, 70,000 കോടി രൂപയുടെ ജലസേചന അഴിമതിക്കേസുകളിൽ അജിത്തിന് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ക്ലീൻ ചിറ്റ് നൽകിയിരുന്നു. അഴിമതി ആരോപിക്കപ്പെട്ട നാളുകളിൽ മഹാരാഷ്ട്ര ജലസേചന മന്ത്രിയായിരുന്ന അജിത് ക്രിമിനൽ കുറ്റം ചെയ്തതിനു തെളിവില്ലെന്നാണ് എസിബി വ്യക്തമാക്കിയത്. നവംബർ 23നു രാവിലെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് 26നു വൈകിട്ടാണ് രാജിവച്ചത്. 25നാണ് അജിത് പവാര്‍ കൂടി ഉള്‍പ്പെട്ട ജലസേചന അഴിമതി കേസുകളില്‍ ഒമ്പതെണ്ണം അവസാനിപ്പിച്ചതായി എസിബി അറിയിച്ചത്.
Leave a Reply