തഞ്ചാവൂരില്‍ രഥ ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം. കാളിമേട് ക്ഷേത്രത്തില്‍ ബുധനാഴ്ച രാത്രി നടന്ന ഘോഷയാത്രയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.

രഥം വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വളവ് തിരിയാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെ റിവേഴ്‌സ് എടുക്കുകയും ഈ സമയം ലൈനില്‍ തട്ടുകയുമായിരുന്നു. ഘോഷയാത്ര പ്രമാണിച്ച് ലോ ടെന്‍ഷന്‍ ലൈനുകളെല്ലാം ഓഫ് ആക്കി ഇട്ടിരുന്നു. ഹൈ ടെന്‍ഷന്‍ ലൈനില്‍ രഥം തട്ടിയതാണ് അപകടമുണ്ടാക്കിയത്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇത് സ്ഥിരീകരിക്കാനാവൂ. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഷോക്കിന്റെ ആഘാതത്തില്‍ രഥത്തിലുണ്ടായിരുന്നവര്‍ ദൂരേക്ക് തെറിച്ച് വീണതായാണ് ദൃക്‌സാക്ഷികള്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരില്‍ ആറോളം പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്ന് അമ്പതിനായിരം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.