റിപ്പബ്ലിക് ഓഫ് മാള്‍ട്ടയില്‍ മലയാളി നേഴ്‌സ് സിനി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത സംശയിക്കുന്ന സാഹചര്യത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. സിനിയുടെത് തൂങ്ങിമരണമല്ലെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയാല്‍ ഇപ്പോള്‍ നാട്ടിലുള്ള ഭര്‍ത്താവ് മോനിഷ് അറസ്റ്റിലാകാനാണ് സാധ്യത. കേരളം വിട്ടു പുറത്തുപോകരുതെന്ന നിര്‍ദേശം ഇയാള്‍ക്ക് പോലീസ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .

യുവതിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പരാതി നല്‍കിയ സാഹചര്യത്തില്‍ പോലീസ് ജാഗ്രതയിലാണ്. മാള്‍ട്ടയില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന സിനി ഫെബ്രുവരി 17നാണ് മരിച്ചത്.

സിനി ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാകാമെന്നും ബന്ധുക്കള്‍ ആരോപിച്ചു. വിദേശത്ത് വച്ചും നാട്ടില്‍ വച്ചും സിനിയെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി. സിനിയുടെ ഭര്‍ത്താവ് മോനിഷ് തന്നെയാണ് മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. ആദ്യം അപകടത്തില്‍ മരിച്ചുവെന്നാണ് നാട്ടില്‍ അറിയിച്ചിരുന്നത്.

പിന്നീട് ആത്മഹത്യയെന്ന് മാറ്റിപ്പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. മൃതദേഹം ഭര്‍ത്താവിന്‍റെ വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും സിനിയുടെ ബന്ധുക്കള്‍ അത് തടഞ്ഞു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു പോസ്റ്റുമോര്‍ട്ടം നടത്തിയാണ് സംസ്കാരം നടന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭര്‍ത്താവ് മോനിഷോ ബന്ധുക്കളോ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തില്ല. ഇതും സംശയമുളവാക്കുന്നുവെന്ന് സിനിയുടെ ബന്ധുക്കള്‍ പറയുന്നു. സിനിയെ കുറച്ചുകാലമായി മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി അമ്മ പറഞ്ഞു.

എന്തെങ്കിലുമൊക്കെ കാരണങ്ങളുണ്ടാക്കി കുറ്റം പറയുമായിരുന്നു. ചെരിപ്പ് കൊണ്ട് ഇരുകവിളിലും അടിച്ചു. അതിന്റെ ഫോട്ടോകളും സിനി വീട്ടിലേക്ക് അയച്ചിരുന്നു. മേശപ്പുറത്തിരുന്ന സാധനങ്ങള്‍ എടുത്ത് തലയ്‌ക്കെറിഞ്ഞു. മൂക്കിനും വേദനിക്കുന്നു എന്ന് സിനി പറഞ്ഞിരുന്നതായി അമ്മ വെളിപ്പെടുത്തി.

മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. തനിക്കും മോനിഷിനും അവധിയാണ്, ഞാന്‍ ബിരിയാണി ഉണ്ടാക്കാന്‍ പോകുകയാണ് എന്ന് സിനി ഈ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നതായും വീട്ടുകാര്‍ പറയുന്നു. മോനിഷിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതല്‍ ചോദ്യം ചെയ്യല്‍.