അമേരിക്കന്‍ ഹൗസ് ഓഫ് റെപ്രസെന്‍റേറ്റീവ് അംഗങ്ങള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പില്‍ യുഎസ് പാര്‍ലമെന്റ് അംഗവും റിപബ്ലിക്കന്‍ പാര്‍ട്ടി പ്രമുഖനുമായ സ്റ്റീവ് സ്കാലിസിന് ഗുരുതര പരിക്ക്. വെടിയേറ്റ സ്കാലിസിനെ അത്യാസന്ന നിലയില്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാഷിങ്ടണിനടുത്ത് വിര്‍ജീനിയയിലുള്ള ബേസ്ബോള്‍ ഫീല്‍ഡില്‍ വെച്ചായിരുന്നു ആക്രമണം. കാരുണ്യ പ്രവര്‍ത്തനകള്‍ക്കായി സംഘടിപ്പിക്കുന്ന ബേസ്ബോള്‍ മത്സരത്തിന്റെ പരിശീലനത്തിനെത്തിയ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെയായിരുന്നു വെടിവെയ്പ്പ്. മറ്റ് നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. 66കാരനായ ജെയിംസ് ഹോഡ്കിന്‍സണ്‍ എന്ന വ്യക്തിയാണ് വെടിയുതിര്‍ത്തത് എന്നാണ് കരുതുന്നത്. പൊലീസ് വെടിവെയ്പ്പില്‍ ഇയാള്‍ കൊല്ലപ്പെട്ടു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .
ആക്രമണത്തിന് പിന്നാലെ തന്നെ മറ്റൊരു പാര്‍ലമെന്റ് അംഗം ക്ലോഡിയ ടെന്നെയ്ക്ക് ഭീഷണി ഇമെയില്‍ ലഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഒരാള്‍ വീണു, ഇനി 216 പേര്‍ കൂടി, സമ്പന്നര്‍ക്ക് വേണ്ടി സാധാരണക്കാരെ ഉപദ്രവിക്കുമ്പോള്‍ അതിനുള്ള പ്രായശ്ചിത്തം നിങ്ങളുടെ ജീവന്‍ തന്നെ’ എന്നാണ് ഇമെയിലിലെ സന്ദേശം. ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവയായിരുന്നു ടെന്നെ.
നേരത്തെ സോഷ്യല്‍ മീഡിയയിലും മറ്റും ട്രംപിനും റിപബ്ലിക്കന്‍ എംപിമാര്‍ക്കും എതിരെ വെടിയുതിര്‍ന്നെന്ന് കരുതുന്ന ജെയിംസ് ഹോഡ്കിന്‍സണ്‍ രോഷാകുലനായി പ്രതികരിച്ചിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരെയുള്ള രാഷ്ട്രീയ ആക്രമണമാണോ എന്ന കാര്യം പൊലീസ് സ്ഥിതികരിച്ചിട്ടില്ല. എന്നാല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കെതിരായ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായിരുന്നു ജെയിംസ് ഹോഡ്കിന്‍സണ്‍. ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രസിഡന്റല്ലെന്നും റിപബ്ലിക്കന്‍ പാര്‍ട്ടിയെ അവസാനിപ്പിക്കണമെന്നും റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കായുള്ള നരകത്തിലേക്കുള്ള പാത തെളിഞ്ഞിരിക്കുന്നു എന്നുമെല്ലാം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടിയാണ് റിപബ്ലിക്കന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ ഏഴ് മണിക്കാണ് ആക്രമണം നടന്നത്. ഈ സമയത്ത് 20 എംപിമാരും 2 സെനറ്റര്‍മാരും ഇവിടെയുണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Leave a Reply