മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റിംഗ് വിസ അപേക്ഷകള്‍ നിരസിക്കുന്ന ഹോം ഓഫീസ് നടപടി വംശീയതയെന്ന് ഇമിഗ്രേഷന്‍ ലോയര്‍മാര്‍. കുറഞ്ഞ കാലയളവിലേക്കുള്ള സന്ദര്‍ശക വിസയ്ക്ക് അപേക്ഷിച്ചാല്‍ ഗൗരവമില്ലാത്തതും യുക്തിരഹിതവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവ ഹോം ഓഫീസ് നിരസിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനെതിരെ പരാതിപ്പെടുത്തുന്നവരെ ഭയപ്പെടുത്തുന്ന തന്ത്രമാണ് ഹോം ഓഫീസ് സ്വീകരിക്കുന്നതെന്നും ഇതിലൂടെ പരാതി പിന്‍വലിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മറ്റൊരു സ്‌പെഷ്യലിസ്റ്റ് ലോയര്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ അവാസ്തവവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഹോം ഓഫീസ് പറഞ്ഞു.
ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ക്യൂബ, വിയറ്റ്‌നാം, ഫിജി, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് വിസിറ്റിംഗ് വിസയ്ക്കായി ലഭിച്ച അപേക്ഷകള്‍ അകാരണമായി നിരസിച്ച ഒരുഡസന്‍ സംഭവങ്ങളെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോം ഓഫീസ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിഞ്ഞാല്‍ നഷ്ടപരിഹാരമുള്‍പ്പെടെ നല്‍കേണ്ടി വരുമെന്ന് ഇമിഗ്രേഷന്‍ ലോ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാനും അഭിഭാഷകനും ബാരിസ്റ്ററുമായ ഏഡ്രിയന്‍ ബെറി പറഞ്ഞു. വിന്‍ഡ്‌റഷ് സ്‌കാന്‍ഡലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ കുടിയേറ്റ നയത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹ്രസ്വകാല സന്ദര്‍ശക വിസകളിലുള്ള അനൗദ്യോഗിക വിലക്കിനെതിരെ ഇമിഗ്രേഷന്‍ ലോയര്‍മാരും ക്യാംപെയിനര്‍മാരും എംപിമാരും രംഗത്തെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് പൗരത്വമുള്ള തന്റെ കുട്ടികളെ പരിചരിക്കുന്നതിനായി വിസയ്ക്ക് അപേക്ഷിച്ച ബംഗ്ലാദേശി പിതാവിന്റെ അപേക്ഷ നിരസിച്ചതും സഹോദരിയുടെ വിവാഹത്തിനെത്താന്‍ ശ്രമിച്ച നൈജീരിയക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചതുമൊക്കെ ഇതിന് ഉദാഹരണങ്ങളാണെന്നും പ്രത്യക്ഷ വംശീയതയാണ് ഇതെന്നുമാണ് വിമര്‍ശനം.
Leave a Reply