ഇസ്ലാമോഫോബിയയില്‍ നിന്ന് സമ്പൂര്‍ണ്ണ നിയമ പരിരക്ഷ ആവശ്യപ്പെട്ട് മുസ്ലീം സമൂഹം. ഇസ്ലാമോഫോബിയക്ക് പുതിയ നിര്‍വചനം നല്‍കണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും പ്രധാനമന്ത്രി തെരേസ മേയോടും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനോടും ആവശ്യപ്പെട്ടിരിക്കുകയാണ് മുസ്ലീം സംഘടനകള്‍. ഇക്കാര്യത്തില്‍ വഴങ്ങാതെ ഹോം ഓഫീസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് നീക്കം. ഹഡേഴ്‌സ്ഫീല്‍ഡില്‍ സിറിയന്‍ അഭയാര്‍ത്ഥി ബാലന്‍ മര്‍ദ്ദനത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടനും മറ്റ് ഇസ്ലാമിക് സംഘടനകളും ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ കണ്‍സര്‍വേറ്റീവും ലേബറും മുന്‍കയ്യെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഹഡേഴ്‌സ്ഫീല്‍ഡ് സ്‌കൂളില്‍ നടന്ന വംശീയാക്രമണത്തില്‍ വലിയ ജനരോഷം ഉണ്ടായിരുന്നു. ഇസ്ലാമോഫോബിയക്ക് പുതിയ നിര്‍വചനം നല്‍കാനുള്ള നിര്‍ദേശം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച സര്‍വകക്ഷി എംപിമാരുടെ റിപ്പോര്‍ട്ടിലാണ് ഉള്ളത്. ഇസ്ലാമോഫോബിയ വംശീയതയില്‍ അധിഷ്ഠിതമാണെന്നും ഇസ്ലാമികതയുടെ സൂചകങ്ങളെയും സംവേദനദങ്ങളെയുമാണ് ഇത് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് നിര്‍വചിക്കുന്നു. ഈ നിര്‍വചനം അംഗീകരിച്ചുകൊണ്ട് ഒരു അനുകൂല നിലപാട് എടുക്കണമെന്നും കമ്യൂണിറ്റിയെ കേള്‍ക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കണമെന്നും മുസ്ലീം കൗണ്‍സില്‍ ബ്രിട്ടന്‍ സെക്രട്ടറി ജനറല്‍ ഹാരൂണ്‍ ഖാന്‍ പറയുന്നു.

ഈ നിര്‍വചനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു നേരത്തേ ഒരു ഹോം ഓഫീസ് മിനിസ്റ്റര്‍ പറഞ്ഞിരുന്നത്. ഇസ്ലാമോഫോബിയയ്ക്ക് പല നിര്‍വചനങ്ങളുമുണ്ടാകും, ഒരു പ്രത്യേക നിര്‍വചനം നാം അംഗീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു കണ്‍സര്‍വേറ്റീവ് എംപി അന്ന സൗബ്രി കോമണ്‍സില്‍ പറഞ്ഞത്. ഇസ്ലാമോഫോബിയ തിരിച്ചറിയാനായിട്ടുണ്ട. അത്തരം വംശീയ കുറ്റകൃത്യങ്ങളില്‍ കൃത്യമായ നിരീക്ഷണത്തിനും നടപടികള്‍ക്കും സംവിധാനമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.