സംസ്ഥാനത്ത് നിലവില്‍ വരിക 21 അംഗ മന്ത്രിസഭ. സിപിഎമ്മിനു പന്ത്രണ്ടും സിപിഐയ്ക്ക് നാലും മന്ത്രിമാരാണുണ്ടാവുക. കേരള കോണ്‍ഗ്രസ് എം, ജനതാദള്‍ എസ്, എന്‍സിപി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയാണു മറ്റു പാര്‍ട്ടികളുടെ മന്ത്രിമാരെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികള്‍ക്ക് ആദ്യത്തെ രണ്ടര വര്‍ഷം മന്ത്രിസ്ഥാനം ലഭിക്കും. തുടര്‍ന്നുള്ള രണ്ടര വര്‍ഷത്തില്‍ ഇവര്‍ക്കു പകരമായി കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ മന്ത്രിമാരാകും.
സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനുമാണ്. വിവിധ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
സത്യപ്രതിജ്ഞ 20നു നടക്കും. കോവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങാണ് സംഘടിപ്പിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് ആളുകള്‍ക്കു പങ്കെടുക്കാവുന്ന തരത്തിലായിരിക്കും ചടങ്ങ്.
18നു വൈകിട്ട് അഞ്ചിന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്ക് അഭ്യര്‍ഥിക്കും.
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാണു നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ചത്. ആ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന നിലയിലാണ് കാര്യങ്ങളെ കാണുന്നത്.
മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ ലോക് താന്ത്രിക് ജനതാദളിനെ തഴഞ്ഞിട്ടില്ല. ജനതാദള്‍ എസിനു മന്ത്രിസ്ഥാനം കൊടുക്കാനാണ് ഇപ്പോള്‍ എല്‍ഡിഎഫ് കൂട്ടായെടുത്ത തീരുമാനം. ഭരണഘടനാപരമായി 21 അംഗ മന്ത്രിസഭയേ രൂപീകരിക്കാന്‍ കഴിയൂ. ആ പരിമിതിയില്‍നിന്നു കൊണ്ടേ തീരുമാനം എടുക്കാന്‍ കഴിയൂ. ആര്‍എസ്പി എല്‍ഡിഎഫ് ഘടക കക്ഷി അല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
ഘടകകക്ഷികളെ പരിഗണിച്ചപ്പോള്‍ മന്ത്രിമാരുടെ എണ്ണത്തില്‍ സിപിഎമ്മിനു നഷ്ടം സംഭവിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 13 മന്ത്രിമാരാണു സിപിഎമ്മിനു ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 12 ആയി കുറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മില്‍നിന്നു റോഷി അഗസ്റ്റിന്‍ മന്ത്രിയും എന്‍.ജയരാജ് ചീഫ് വിപ്പുമായേക്കും. എന്‍സിപിയില്‍നിന്ന് എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും. രണ്ടര വര്‍ഷം മന്ത്രിയാകുന്ന ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍ കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജു എന്നിവര്‍ മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്. ഇവര്‍ക്കു പകരം കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി, കേരള കോണ്‍ഗ്രസ് ബിയിലെ ബി.ഗണേശ് കുമാര്‍ എന്നിവര്‍ അടുത്ത രണ്ടര വര്‍ഷം മന്ത്രിയാകും. ജനതാദള്‍ എസിനു ലഭിച്ച മന്ത്രിസ്ഥാനം കെ.കൃഷ്ണന്‍ കുട്ടിയും മാത്യു ടി.തോമസും തമ്മില്‍ രണ്ടര വര്‍ഷം എന്ന നിലയില്‍ വീതം വയ്ക്കാനാണു സാധ്യത.
Leave a Reply