ടോറി പാർട്ടി സ്ഥാനാർത്ഥി ആരാണെന്ന് അറിയാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് കൂടുതൽ ആവേശകരമാവുന്നു. ജൂൺ 19ന് നടന്ന തെരഞ്ഞെടുപ്പിൽ 27 വോട്ടുകൾ മാത്രം ലഭിച്ചതിനാൽ റോറി സ്റ്റെവാർട്ട് പുറത്തായിരിക്കുന്നു. ബോറിസ് ജോൺസൺ, ജെറമി ഹണ്ട്, മൈക്കിൾ ഗോവ്, സാജിദ് ജാവീദ് എന്നിവരാണ് ഇനി മത്സരരംഗത്തുള്ളത്. 143 വോട്ടുകളാണ് ബോറിസ് ജോൺസന് ലഭിച്ചത്. അതിനാൽ അവസാനം വരുന്ന രണ്ട് സ്ഥാനാർഥികളിൽ ഒന്ന് ജോൺസൺ ആകും എന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. വിദേശകാര്യസെക്രട്ടറി ജെറമി ഹണ്ടിന് 54 വോട്ടുകളും പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവിന് 51ഉം ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദിന് 38 വോട്ടുകളുമാണ് ലഭിച്ചത്. ഈ ഫലം കൂടി പുറത്തുവന്നതോടെ ബാക്കിയുള്ള സ്ഥാനാർഥികൾ സ്റ്റെവാർട്ടിന്റെ വോട്ടർമാരുടെ പിന്തുണ കൂടി തങ്ങൾക്ക് ലഭിക്കുവാൻ പ്രയത്നിക്കുന്നു.
ബാലറ്റിൽ എന്ത് തിരിമറിയും നടക്കാമെല്ലോ എന്നാണ് ഫലം വന്ന ശേഷം സ്റ്റെവാർട്ട് പറഞ്ഞത്. “ബിബിസി ചർച്ചയിലെ മോശം പ്രകടനമാണ് സ്റ്റെവാർട്ടിന്റെ വീഴ്ചയ്ക്ക് കാരണം. അല്ലാതെ ഒരു കള്ളത്തരമോ തിരിമറിയോ നടന്നിട്ടില്ല.” ഡൊമിനിക് റാബിന്റെ പിന്തുണക്കാരൻ പറയുകയുണ്ടായി. തന്റെ പ്രകടനം അത്രത്തോളം മികച്ചതായിരുന്നില്ല എന്ന് സ്റ്റെവാർട്ടും തുറന്ന് സമ്മതിക്കുന്നു. “ഈ കഴിഞ്ഞ ആഴ്ചകളിൽ എനിക്ക് ലഭിച്ച പിന്തുണയിൽ ഞാൻ ഏറെ സന്തോഷവാനാണ്. അതിൽ നിന്ന് ഞാൻ പ്രചോദനമുൾക്കൊണ്ടിരിക്കുന്നു. ഇത് എനിക്ക് രാഷ്ട്രീയത്തിലും എന്റെ രാജ്യത്തിലും പുതിയൊരു വിശ്വാസം നൽകിയിരിക്കുന്നു. ഇന്ന് എനിക്ക് മതിയായ എംപിമാരുടെ പിന്തുണ ലഭിച്ചില്ല. എന്നാൽ ഒരുനാൾ അത് സംഭവിക്കും. ഞാൻ നിങ്ങളിലും ഈ രാജ്യത്തിന്മേലും വിശ്വാസമർപ്പിച്ചിരിക്കുന്നു. ” തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സ്റ്റെവാർട്ട് ഇപ്രകാരം ട്വീറ്റ് ചെയ്തു.
ബോറിസ് ജോൺസന് കടുത്ത മത്സരം നൽകാൻ ഹണ്ട് തയ്യാറാണെന്നും അവസാന രണ്ടിൽ എത്തിയാൽ ജോൺസനെ ശക്തമായിത്തന്നെ നേരിടുമെന്നുമാണ് ഹണ്ടിന്റെ പിന്തുണക്കാർ പറയുന്നത്. സ്റ്റെവാർട്ടിന്റെ പിന്തുണക്കാരുടെ വോട്ട് ലഭിക്കുവാൻ വേണ്ടി സാജിദിന്റെ പിന്തുണക്കാർ ശ്രമിക്കുന്നു.ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോഗ് ഇപ്രകാരം പറഞ്ഞു “റോറി സ്റ്റെവാർട്ട് പുറത്തായി എന്നറിഞ്ഞതിൽ നിരാശയുണ്ട്. നേരിന്റെയും വിശ്വാസത്തിന്റെയും സന്ദേശങ്ങൾ നൽകിയ ഒരു മികച്ച സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. ഒക്ടോബർ 31 കൊണ്ട് ബ്രക്സിറ്റ് നടപ്പിലാക്കാമെന്ന് ജോൺസൺ ബിബിസി ചർച്ചയിൽ പറയുകയുണ്ടായി. എന്നാൽ ബ്രക്സിറ്റ് അത്ര എളുപ്പമാകില്ല എന്നും തനിക്ക് അതിൽ ഒരുറപ്പുമില്ല എന്നും ജോൺസൺ തന്റെ ടീമിനോട് ഇന്നലെ പറയുകയുണ്ടായി. ഈ പ്രസ്താവന ജോൺസന് തന്നെ തിരിച്ചടിയാവാൻ സാധ്യതയുണ്ട്. ഇന്നാണ് അവസാന രണ്ട് സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ്.ടോറി ലീഡർ ആരാണെന്ന് അറിയാൻ ഇനിയും മണിക്കൂറുകൾ മാത്രം ശേഷിക്കുന്നു.
Leave a Reply