ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ന്   പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ്-19 സംബന്ധിച്ച വിവരങ്ങൾ പങ്കുവെയ്ക്കാൻ പത്രസമ്മേളനം നടത്തും. ഫിലിപ്പ് രാജകുമാരന്റെ മരണത്തിന് ശേഷം ആദ്യമായാണ് മഹാമാരിയെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രോഗവ്യാപനവും മരണനിരക്കും കുറഞ്ഞതിനാൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷ രാജ്യമൊട്ടാകെയുണ്ട്. രാജ്യത്ത് രോഗവ്യാപനവും മരണനിരക്കും ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 24 മണിക്കൂറിനിടെ നാലുപേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്.

രോഗവ്യാപനം കുറഞ്ഞതിനെ തുടർന്ന് വെയിൽസിൽ ശനിയാഴ്ച മുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തും. വ്യത്യസ്ത ഭവനങ്ങളിൽ നിന്നുള്ള ആറ് പേർക്ക് ഒന്നിച്ചു കൂടാൻ പുതിയ നിയമത്തിൽ അനുമതി ഉണ്ടാകും എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളിലെ ഇളവുകൾ ഉപയോഗിക്കുന്നവർ മറ്റ് വീടുകളിൽ നിന്നുള്ളവരിൽ നിന്ന് സാമൂഹിക അകലം പാലിക്കുന്നത് തുടരണമെന്ന് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് ആവശ്യപ്പെട്ടു. യുകെയിൽ 33 ദശലക്ഷത്തിലധികം ജനങ്ങൾക്ക് ഒരു ഡോസ് വാക്‌സിൻ എങ്കിലും നൽകാൻ ആയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. രാജ്യത്ത് 10 ദശലക്ഷത്തിലധികം ആൾക്കാർക്ക് രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പും ലഭിച്ചുകഴിഞ്ഞു.