ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിലെ പ്രമുഖ ഷെഫും യൂട്യൂബറുമായ നോർത്ത് യോർക്ക് ഷെയറിലെ നോർത്ത് അലർറ്റൻ സ്വദേശി നോബി ജെയിംസിനെ ആക്രമിച്ച സംഭവത്തിൽ ബ്രിട്ടീഷ് പൗരനും, മുൻ ആർമി ഓഫീസറുമായ സ്റ്റെഫാൻ വിൽസണെ( 26) 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 11 വർഷത്തെ തടവിനാണ് ശിക്ഷിച്ചതെങ്കിലും പ്രതിയുടെ പ്രായവും, പ്രതി നോബിയോടും കുടുംബത്തോടും ക്ഷമാപണം നടത്തിയതും, വിചാരണകൂടാതെ തന്നെ കുറ്റം സമ്മതിച്ചതും പരിഗണിച്ച് 11 മാസത്തെ ശിക്ഷ ഇളവു നൽകുകയായിരുന്നു.

പ്രതി : സ്റ്റെഫാൻ വിൽസൺ
2019 ഡിസംബർ ഒന്നാം തീയതി നോബിയുടെ ജന്മദിനത്തിലാണ് ജീവിതത്തിലെ വഴിത്തിരുവായ ദുരനുഭവം ഉണ്ടാകുന്നത്. ഷെഫായിട്ട് ജോലിചെയ്യുന്ന നോബി ഒഴിവുസമയങ്ങളിൽ ടാക്സി ഓടിക്കാൻ പോകുമായിരുന്നു. നോബിക്ക് പാചകത്തോടും ഡ്രൈവിങ്ങിനോടുമുള്ള പ്രണയം സുഹൃത്തുക്കൾക്കിടയിൽ പ്രശസ്തമാണ്. ഡിസംബർ ഒന്നാം തീയതി പുലർച്ചെ മൂന്നുമണിയോടെയാണ് പ്രതി നോബിയുടെ സേവനം തേടുന്നത്. അമിതമായി മദ്യപിച്ചിരുന്ന പ്രതി വീട്ടിൽ പോകാനായി വാഹനത്തിൽ കയറി. പാതിവഴിയിൽ എത്തിയപ്പോൾ പ്രകോപനമൊന്നുമില്ലാതെ നോബിയെ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ നോബി കാർ നിർത്തി പുറത്തിറങ്ങി പോലീസിനെ വിളിക്കാൻ ശ്രമിച്ചത് ജീവൻ രക്ഷിക്കാൻ കാരണമായി. പോലീസിനോട് സംസാരിക്കാൻ സാധിച്ചില്ലെങ്കിലും കോൾ പിന്തുടർന്ന് പോലീസ് എത്തിയപ്പോൾ മൃതപ്രായനായ നോബിയെ പ്രതി മർദ്ദിക്കുന്നതാണ് കാണുന്നത്. തടയാൻ ശ്രമിച്ച പോലീസിനെയും പ്രതി ആക്രമിച്ചു. സംഭവത്തെതുടർന്ന് തലച്ചോറിന് ഗുരുതര പരിക്ക് പറ്റിയ നോബി രണ്ടുമാസത്തോളം ജെയിസ് കുക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അബോധാവസ്ഥയിലായിരുന്നു. ആക്രമണം മൂലമുണ്ടായ ശാരീരിക അസ്വസ്ഥതകൾ ഇപ്പോഴും നോബിയെ അലട്ടുന്നുണ്ട്. തനിക്കും കുടുംബത്തിനുമുണ്ടായ നഷ്ടങ്ങൾക്ക് പകരമാവില്ല കോടതി പ്രതിക്ക് നൽകിയ ശിക്ഷ എന്ന് നോബി മലയാളം യുകെയോടെ പ്രതികരിച്ചു . തന്റെ ജീവിതത്തിൻറെ വിലയും സുരക്ഷയും എന്താണെന്ന ചോദ്യം പോലീസിനോടും കോടതിയോടും നോബി ഉന്നയിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന നോബി വീണ്ടും ജോലിക്ക് പോകാൻ ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. ആർമി ഉദ്യോഗസ്ഥനായ പ്രതി ജോലി സംബന്ധമായ മാനസിക സമ്മർദ്ദത്തിൽ നിന്ന് ഉണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് വാദിച്ചെങ്കിലും, പോലീസ് അന്വേഷണത്തിൽ പ്രതി മാനസികസമ്മർദ്ദം ഉണ്ടാക്കുന്ന ആർമി ഓപ്പറേഷനിലൊന്നും പങ്കെടുത്തില്ലെന്ന് തെളിഞ്ഞു. പ്രതി സ്റ്റെഫാൻ വിൽസണെ മുൻകാല ക്രിമിനൽ റിക്കോർഡ് ഇല്ലാതിരുന്നത് ശിക്ഷ 10 വർഷമായി കുറയാൻ കാരണമായി .
തലയോലപ്പറമ്പ് സ്വദേശിയായ നോബി ജെയിംസിന്റെ പാചക നൈപുണ്യം യുകെയിലെമ്പാടും പ്രശസ്തമാണ്. നോബിയുടെ യൂട്യൂബ് ചാനലായ നോബിസ് ഫാമിലി ഓറിയൻറഡ് കിച്ചണിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രേക്ഷകരാണ് ഉള്ളത്. യുകെയിലെ സാഹചര്യത്തിൽ ഉണക്ക ഇറച്ചി എങ്ങനെ ഉണ്ടാക്കാമെന്ന് തുടങ്ങി പല യൂട്യൂബ് വീഡിയോകളും പ്രശസ്തമാണ്. യുകെയിലെമ്പാടും നിരവധി സുഹൃത്തുക്കളുള്ള നോബിയുടെ പാചക നൈപുണ്യത്തിന്റെ മികവ് സൗഹൃദക്കൂട്ടായ്മകളിലെ പ്രധാന ആകർഷണമാണ്. നോബിയുടെ യൂട്യൂബ് ചാനൽ കാണാനും സബ്സ്ക്രൈബ് ചെയ്യാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Leave a Reply