ഷിബു മാത്യൂ.
ലീഡ്‌സ്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലീഡ്‌സിലെ പെട്രോള്‍ സ്റ്റേഷനില്‍ വന്‍ കവര്‍ച്ച. ആസൂത്രിതമായി നടത്തിയ കവര്‍ച്ചയില്‍ നഷ്ടപ്പെട്ടത് പതിനയ്യായിരത്തോളം പൗണ്ട്. രണ്ട് മിനിറ്റ് നീണ്ട് നിന്ന മോഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ മലയാളം യുകെ ന്യൂസിന് ലഭിച്ചു. ലീഡ്‌സില്‍ ഇന്ത്യാക്കാരെ, പ്രത്യേകിച്ചും മലയാളികളെ ലക്ഷ്യംവെച്ചു കൊണ്ടുള്ള മോഷണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഇതുവരെ നടന്ന ഒരു മോഷണത്തിനും ഒരു തുമ്പും ഇതുവരെ കിട്ടിയിട്ടില്ല. പ്രാരംഭ ദിശയിലെ പോലീസിന്റെ സമീപനമൊഴിച്ചാല്‍ പോലീസ് നിഷ്‌ക്രിയരാവുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്.
മലയാളം യുകെ ന്യൂസിന് ലഭിച്ച കവര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇങ്ങനെ!
ഏപ്രില്‍ 21 ബുധന്‍. സമയം 7.42pm.
സാമാന്യം തിരക്കുള്ള പെട്രോള്‍ സ്റ്റേഷനാണെങ്കിലും ഈ സമയം തിരക്ക് വളരെ കുറവായിയിരുന്നു. മലയാളി സ്റ്റാഫുകള്‍ എല്ലാം ഏഴു മണിക്ക് ഷിഫ്റ്റ് പൂര്‍ത്തിയാക്കി പോയി. അതിനു ശേഷം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗുജറാത്തി പെണ്‍കുട്ടി സ്റ്റോറിലെ ഷെല്‍ഫില്‍ സാധനങ്ങള്‍ നിറയ്ക്കുന്ന തിരക്കിലായിരുന്നു. പെട്ടന്ന് അഞ്ച് പേരടങ്ങുന്ന ഒരു സംഘം കാറില്‍ പെട്രോള്‍ സ്റ്റേനിലെ സ്റ്റോറിന്റെ മുമ്പിലെത്തി. നാല് പേര്‍ കാറില്‍ നിന്നിറങ്ങി. ഡ്രൈവര്‍ കാര്‍ റെഡിയാക്കി കാറില്‍ തന്നെയിരുന്നു. ഇറങ്ങിയ നാലുപേരിലൊരാള്‍ സ്റ്റോറിന്റെ ഓട്ടോമാറ്റിക് ഡോറിന്റെ സെന്‍സര്‍ കൈ കൊണ്ട് മറച്ചു പിടിച്ചു. രക്ഷപെടാന്‍ ഡോര്‍ എപ്പോഴും തുറന്നിരിക്കണം എന്നതായിരിക്കണം അവരുടെ ഉദ്ദേശം. ബാക്കി മൂന്നു പേര്‍ സ്റ്റോറിനുള്ളില്‍ കടന്നു. അതില്‍ രണ്ട് പേര്‍ കൗണ്ടര്‍ ലക്ഷ്യമാക്കി പോയി. ഒരാള്‍ സ്റ്റോറിലെ ഷെല്‍ഫില്‍ സാധനങ്ങള്‍ നിറയ്ക്കുന്ന പെണ്‍കുട്ടിയുടെ അടുത്തേയ്ക്കും പോയി. അയാള്‍ ആ കുട്ടിയെ കത്തികാട്ടി വലിച്ചിഴയ്ച്ച് കൗണ്ടറില്‍ കൊണ്ടുവന്നു. കൗണ്ടറില്‍ പൂട്ടിയിട്ടിരിക്കുന്നതൊക്കെ തുറന്നുകൊടുക്കുവാനാണ് അങ്ങനെ ചെയ്തത്. ഈ സമയം ആദ്യം കൗണ്ടറിലെത്തിയവര്‍ പരമാവധി സാധനങ്ങള്‍ സഞ്ചിയിലാക്കിയിരുന്നു. കൗണ്ടറിലെത്തിയ പെണ്‍കുട്ടി ഇതിനിടയില്‍, അടിയന്തിരമായി അപകടസമയത്ത് പൊലീസിനെ വിവരമറിയ്ക്കാനായി തയ്യാറാക്കിയിരിക്കുന്ന സ്വിച്ചിലമര്‍ത്തി. അതോടെ സ്റ്റോറിലെ എമര്‍ജന്‍സി അലാറങ്ങള്‍ അടിച്ചു തുടങ്ങി. ഇതിനോടകം അപകടം മണത്തറിഞ്ഞ മോഷ്ടാക്കള്‍ കിട്ടിയതെല്ലാം ചാക്കിലാക്കി സ്ഥലം വിട്ടു. അലാറം അടിച്ച് ഒരു മിനിറ്റിനുള്ളില്‍ പൊലീസ് എത്തി. എങ്കിലും മോഷ്ടാക്കളെ പിടിക്കാന്‍ സാധിച്ചില്ല. സാഹചര്യതെളിവുകള്‍ വെച്ച് മോഷ്ടാക്കള്‍ പ്രാദേശികരാണെന്ന് പോലീസ് പറയുന്നു.
മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. സ്വന്തം ജീവിതം അപകടമായപ്പോഴും അവസരോചിതമായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയെ അഭിനന്ദിക്കാനും പോലീസ് മറന്നില്ല.
(കേസിന് ആസ്പദമായ അന്വേഷണങ്ങള്‍ നിലനില്ക്കുന്നതു കൊണ്ട് ആധികാരിക വിവരങ്ങള്‍ പുറത്തു വിടാന്‍ മലയാളം യുകെ ന്യൂസിന് സാധിക്കില്ല എന്ന് വിനയപൂര്‍വ്വം അറിയ്ക്കുന്നു)
Leave a Reply