ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലീഡ്സ് റീജിണൽ ബൈബിൾ കലോത്സവം വിജയകരമായി സമാപിച്ചു . ലീഡ്സ് റീജണിന്റെ നാനാഭാഗത്തുനിന്നും മികച്ച പങ്കാളിത്തമാണ് കലോത്സവത്തിൽ ഉണ്ടായിരുന്നത്. സെൻറ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവകയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത് . രണ്ടും മൂന്നും സ്‌ഥാനങ്ങൾ യഥാക്രമം ഔവർ ലേഡി ചർച്ച് ന്യൂ കാസ്റ്റിലൈനും മറിയം ത്രേസ്യ മിഷൻ ഷെഫീൽഡും നേടി . ലീഡ്സ് റീജണൽ കോർഡിനേറ്റർ ഫാ. ജോജോ പ്ലാപ്പള്ളിൽ ആണ് ബൈബിൾ കലോത്സവം ഉദ്ഘാടനം ചെയ്തത്. പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ജോസഫ് പിണക്കാടിനെ സമാപന സമ്മേളനത്തിൽ ആദരിച്ചു.

വിശ്വാസത്തെയും ബൈബിൾ പഠനത്തെയും പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ബൈബിൾ കലോത്സവത്തിൽ കുട്ടികളും യുവാക്കളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്തു. പ്രസംഗം, ഗ്രൂപ്പ് ഡാൻസ് , നാടകങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി മത്സരങ്ങൾ ആവേശപൂർവ്വം നടന്നു. വിശ്വാസത്തോടുള്ള ആത്മീയ പ്രതിബന്ധത എടുത്തുകാട്ടിയ ഈ പരിപാടി യുകെയിലെ സീറോ മലബാർ സമൂഹത്തിന് അഭിമാന നിമിഷമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരിപാടിയുടെ വിജയകരമായ നടത്തിപ്പ് ലീഡ്സ് റീജിയൻ ബൈബിൾ കലോത്സവ ഡയറക്ടർ ഫാ. തോമസ് വാലുമ്മലിൻ്റെ നേതൃത്വത്തിലായിരുന്നു. മികവുറ്റ സംഘാടനത്തിന് മുക്തകണ്ഠ പ്രശംസയാണ് ബൈബിൾ കലോത്സവത്തിൽ പങ്കെടുത്തവരും കാണികളും അറിയിച്ചത് . കോർഡിനേറ്റർ ജോൺ കുര്യൻ, സെക്രട്ടറി ജിമ്മിച്ചൻ, ടാബുലേഷൻ ചുമതലയുള്ള വിമൽയും സംഘവും, ഷെഫീൽഡ് ഉൾപ്പെടെ വിവിധ പള്ളികളിലെ പ്രാദേശിക കോർഡിനേറ്റർമാരും പരിപാടിയുടെ വിജയത്തിന് അതുല്യമായ പങ്കുവഹിച്ചു. പങ്കെടുക്കുന്നവർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനമാവുന്ന രീതിയിൽ ക്രമീകരിച്ച ചടങ്ങ് ആത്മീയതയും ആഘോഷവും ചേർന്ന മനോഹര അനുഭവം ആണ് പങ്കെടുത്തവർക്ക് സമ്മാനിച്ചത്. മികച്ച സംഘാടനത്തിനും ശുചിത്വം പാലിച്ചതിനും പരിപാടി നടന്ന സ്കൂളിന്റെ അധികൃതർക്ക് അഭിനന്ദനം അറിയിച്ചത് ശ്രദ്ധേയമായി.