സ്റ്റോക്ക് ഓൺ ട്രെന്റ്:  ഇന്ത്യയിലെ ഭാഷകൾക്കതീതമായി എല്ലാ മാധ്യമങ്ങളും ഒരു പോലെ റിപ്പോർട്ട് ചെയ്ത വാർത്തയായിരുന്നു യുകെ മലയാളി നഴ്‌സായ സിമി ഫിലിപ്പിന്റെ ലണ്ടൻ ഹീത്രുവിൽനിന്നും  നാട്ടിലേക്കുള്ള യാത്രാ മധ്യേ വിമാനത്തിൽ ഉണ്ടായ പ്രസവം. വാർത്തകൾ പല രീതിയിൽ അവതരിപ്പിക്കപ്പെട്ടു. ആരൊക്കെയാണ്, എങ്ങനെയായിരുന്നു എന്നൊന്നും അറിയാതെ പലരും വാർത്തകൾ പടച്ചു വിടുകയായിരുന്നു. എന്നാൽ എന്താണ്  വിമാനത്തിൽ നടന്നതെന്നും ആരൊക്കെയായാണ് പ്രവസമയത്തെ ജീവൻ മരണ പോരാട്ടത്തിൽ ഉണ്ടായിരുന്നതെന്നും വസ്തുനിഷ്ടമായി മലയാളം യുകെ യുകെ മലയാളികളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്.

ഈ സംഭവങ്ങളുടെ ലീഡ് ചെയ്‌ത നഴ്സുമാരിൽ ഒരാളായിരുന്നു സസ്സെക്‌സ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഓൺകോളജി നഴ്‌സായ ലീല ബേബി. എല്ലാത്തിനും സാക്ഷിയായ എയർ ഇന്ത്യ പോലും ഇവരെ അവഗണിച്ച സംഭവമാണ് യുകെയിലെ മലയാളികളുമായി പങ്കുവെക്കുന്നത്. എന്നാൽ ലീല ബേബി ചെയ്ത കാര്യങ്ങൾ സഹപ്രവർത്തകർ വഴി കേട്ടറിഞ്ഞ സസ്സെക്‌സ് NHS ട്രസ്ററ് വളരെ പ്രാധാന്യത്തോടെ അവരുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നു.

15 വർഷത്തെ അബുദാബി നഴ്സിംഗ് സേവനത്തിന് ശേഷമാണ് 2003 ൽ ലീല ബേബി കുടുംബസമേതം യുകെയിൽ എത്തുന്നത്. കോലഞ്ചേരി സ്വദേശിനി. ഭർത്താവ് പിറവം മാമ്മലശ്ശേരി സ്വദേശി ബേബി ജോസഫ്, മക്കൾ  രൂപ നൈസിൽ, ദീപ നിബിൻ, ലോ വിദ്യാർത്ഥിനിയായ അനുപമ ബേബി എന്നിവരടങ്ങുന്നതാണ് ലീല യുടെ കുടുംബം.

ഹീത്രുവിൽനിന്നും പുറപ്പെട്ട് എല്ലാവരും ഉറക്കത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു സമയം. പെട്ടെന്നാണ് പൈലറ്റ് അറിയിപ്പ് വരുന്നത്. രണ്ടാമത്തെ അറിയിപ്പാണ് ലീല ബേബി കേൾക്കുന്നതും സീറ്റിൽ നിന്നും എഴുന്നേൽക്കുന്നതും. ഈ സമയം കുറച്ചുപേർ എഴുന്നേറ്റ് നിൽക്കുന്നുണ്ടായിരുന്നു.

ഇതിനിടയിൽ മറിയാമ്മ നേഴ്സ് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ആരോഗ്യ പരമായ കാരണങ്ങളാൽ ചികിത്സാർത്ഥം ആണ് മറിയാമ്മ നാട്ടിലേക്ക് പുറപ്പെട്ടത്. ചെറുപ്പക്കാർ ഉണ്ടല്ലോ എന്ന് കരുതിയാണ് മറിയാമ്മ ഒന്ന് മടിച്ചത്.  ആദ്യമായി എഴുന്നേറ്റത് ബിർമിങ്ഹാമിൽ നിന്നുള്ള ഡോക്ടർ റിച്ചയാണ്. ഡോക്ടർ ബിരുദം നേടിയശേഷം നാട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു റിച്ച. ഒരമ്മയുടെയും കുഞ്ഞിന്റെയും ജീവനാണ് എന്ന തിരിച്ചറിവ് ലീല ബേബിയെ സിമിയുടെ അടുക്കലെത്തിച്ചു. ഈ സമയം എയർ ഹോസ്റ്റസ് ലീലയായോടായി  ചോദിച്ചത് പ്രസവ ശ്രുശൂഷയുമായി പരിചയം ഉണ്ടോ എന്ന് മാത്രം. ഞാൻ ഓൺകോളജി നഴ്‌സാണ് എങ്കിലും വർഷങ്ങൾക്ക് മുൻപ് നാട്ടിലെ ആശുപത്രിയിൽ ചെയ്ത പരിജ്ഞാനം ഉണ്ടെന്നും ലീല ബേബി  വ്യക്തമാക്കി.

സിമിയുടെ അടുക്കലെത്തിയ ലീല കാണുന്നത് കാര്യ വിവരങ്ങൾ തിരക്കുന്ന ഡോക്ടർ റിച്ചയെയാണ്. ലീലയെ കണ്ടതും ഡോക്ടർ റിച്ച ഫിലിപ്പ് ലീലക്കായി മാറിക്കൊടുത്തു. പിന്നീട് നടന്നത് വളരെ പെട്ടെന്ന് ആയിരുന്നു. ഇതിനകം വിമാനത്തിൽ ഉണ്ടായിരുന്ന ക്വിൽറ്റ് ഫ്ലോറിൽ നിരത്തി അതിലാണ് സിമിയെ കിടത്തിയത്. ഇതിനകം പറവൂർ സ്വദേശിയായ ഡോക്ടർ ഇൻഷാദ് ഇബ്രാഹിം റിച്ചയോടും ലീലയോടൊപ്പം ചേർന്നു. തുടർന്നെത്തിയവർ ചെങ്ങന്നൂർ സ്വദേശിനിയായ മറിയാമ്മ, മാലിനി, സ്റ്റെഫി, MALE  നഴ്സുമ്മാരായ ജെയ്സൺ, വിൻചെസ്റ്ററിൽ താമസിക്കുന്ന, മാതാവിന്റെ മരണവിവരമറിഞ്ഞു മറിഞ്ഞു നാട്ടിലേക്കു പുറപ്പെട്ട മനു മദനൻ, പ്രജേഷ്  (ITU MALE) നേഴ്സ്. ഇവരാണ് ഈ പ്രസവസമയത്തെ സഹപ്രവർത്തകർ.

ഇതിനകം സിമിയെ പരിശോധിച്ച ലീലയുടെ മനസ്സിലേക്ക് ഒരായിരം ചിന്തകൾ ആണ് ഞൊടിയിടയിൽ കടന്നുപോയത്. കുഞ്ഞിന്റെ തല വന്നു കൊണ്ടിരിക്കുന്നു. വെറും 7 മാസം മാത്രം വളർച്ചയുള്ള കുഞ്ഞ്. യാത്രയൊരു വിധ സൗകര്യങ്ങളും ഇല്ല. ലീലയും ഡോക്ടർ ഇൻഷാദും എല്ലാ കാര്യങ്ങളും ചെയ്യുന്നത് മുട്ടിൽ നിന്നുകൊണ്ടാണ്. ആത്മവിശ്വാസത്തെയും െദെവത്തെയും മനസ്സിൽ കരുതി… രണ്ടു പേരുടെ ജീവനാണ് എന്റെ കൈയിൽ എന്ന ചിന്ത… എന്തെങ്കിലും സംഭവിച്ചാൽ നഷ്ടമാവുന്നത് എന്റെയും ഡോക്ടർ ഇൻഷാദിന്റെയും പിൻ നമ്പർ ആണ് (യു കെയിൽ ജോലിചെയ്യാനുള്ള അംഗീകാരം). എന്നാൽ രണ്ട് ജീവനേക്കാൾ മേലെ എന്റെ പിൻ ഒന്നും  അല്ല എന്ന തിരിച്ചറിവ്… കുഞ്ഞിനെ പുറത്തെടുത്തപ്പോൾ ആണ് പൊക്കിൾ കോടി മുറിക്കാൻ ഒരു ബ്ലേഡ് പോലും ഇല്ല എന്ന് തിരിച്ചറിയുന്നത്. ഉച്ചത്തിൽ വിളിച്ച ലീലയുടെ വാക്കുകൾ കേട്ട് ഒരു MALE നഴ്‌സാണ് പൊക്കിൾ കൊടി മുറിച്ചത്.  ഒരു ടീമായി ഒരു മനസ്സായി എല്ലാവരും സഹായിച്ചു. കുഞ്ഞിനെ നഴ്‌സായ ലീല ബേബിയും ഡോക്ടർ ഇൻഷാദിന് ചേർന്നാണ് എടുത്തത്. തിരിച്ചു സിമിയിലേക്ക് തിരിഞ്ഞപ്പോൾ  എല്ലാവരുടെയും മുഖഭാവം ഭീതിയിലേക്ക് വഴുതിവീണു. സിമിയുടെ ബ്ലഡ് പ്രഷർ താഴുന്നു. ഈ പ്രതികൂല സാഹചര്യത്തിലും റിച്ച എന്ന ഡോക്ടറുടെ ആശയവിനമയം… കൃത്യമായി സിമിയുടെ ഭർത്താവായ ചെറിയാനെ  വിവരങ്ങൾ പറഞ്ഞു ആശ്വസിപ്പിക്കുന്ന, സാധ്വനമേകുന്ന ഒരമ്മയെപ്പോലെ…

സിമിയുടെ ആരോഗ്യ നില കാത്തുസൂക്ഷിക്കാൻ ഐ വി കൊടുക്കണം. വിമാനത്തിൽ ആകെയുള്ളത്  രണ്ടെണ്ണം മാത്രം. ആദ്യത്തെ ശ്രമങ്ങൾ പരാജയപ്പെട്ടു. അത്രമാത്രം മുൾമുനയിൽ നിന്നാണ് എല്ലാവരും കാര്യങ്ങൾ ചെയ്യുന്നത്. രണ്ടാമത് കുത്തിയിട്ടും ലഭിക്കാതായതോടെ എല്ലാവരും പരിഭ്രമിക്കാൻ തുടങ്ങിയ സമയത്താണ് ഐ വി ഇടാൻ  പ്രജീഷ് തയ്യാറായി മുൻപോട്ടു വരികയും ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കുകയും ചെയ്തതോടെ എല്ലാവരുടെയും ടെൻഷൻ അൽപം അയഞ്ഞു.

കുഞ്ഞിന്റെ താപനില നിലനിർത്താൻ പറ്റിയ ഒന്നും വിമാനത്തിൽ ഇല്ലായിരുന്നു. കുട്ടിയെ പിതാവായ ചെറിയാനെ കാണിക്കണം. പുതപ്പിൽ കുഞ്ഞിനെ പൊതിയാൻ സാധിക്കുന്നില്ല. നഴ്‌സായ മറിയാമ്മ പെട്ടെന്ന് കുട്ടികൾ സഹിതം സഞ്ചരിക്കുന്ന യാത്രക്കാരായ അമ്മമാരെ സമീപിച്ചു. ഒരമ്മ ഉറങ്ങിക്കിടന്ന തന്റെ കുഞ്ഞിനെ പൊതിഞ്ഞിരുന്ന ടവൽ മറിയാമ്മക്ക് എടുത്തു കൊടുത്തു. കാരണം മറ്റൊന്ന് ആരുടെയും അടുത്ത് മറ്റൊന്ന് എടുക്കാൻ ഇല്ലായിരുന്നു. പിന്നീട് നഴ്‌സായ മറിയാമ്മ തന്നെ കുഞ്ഞിനെ പിതാവായ ചെറിയാന് കൊടുക്കുകയാണ് ഉണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടയിൽ പൈലറ്റുമായി സംസാരിച്ച ഇർഷാദ്.. കൂടുതൽ ചർച്ചകൾ മറ്റു സഹപ്രവർത്തകരോടും. ഏത്രയും പെട്ടന്ന് അടുത്തുള്ള എവിടെയെങ്കിലും ഇറക്കണമെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും എല്ലാവരും ഒരേ സ്വരത്തിൽ നിർദ്ദേശം വച്ചു. കാരണം 8 മണിക്കൂർ സഞ്ചരിച്ചു നാട്ടിൽ എത്താനുള്ള ആരോഗ്യസ്ഥിതി കുഞ്ഞിനില്ല എന്ന് ടീം ഒന്നാകെ അറിയിക്കുകയിരുന്നു.

എയർ ഇന്ത്യ ബെയ്സുകളിൽ മാത്രമേ ഇറങ്ങാൻ അനുമതി ലഭിക്കു എന്ന് വെളിപ്പെടുത്തിയ പൈലററ്റിന്റെ നിന്തരമായ ശ്രമം ഫലം കണ്ടു.  ഫ്രാങ്ക്ഫർട്ടിൽ നിന്നും അനുമതി ലഭിച്ചതോടെ  അമ്മയെയും കുഞ്ഞിനേയും ഫ്രാങ്ക്ഫർട്ടിൽ ഇറക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നാട്ടിൽ ഇറങ്ങിയപ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്ത ലീലക്ക് കേരള റോട്ടറി ക്ലബ് ഗവേണർ ഒരു ഫലകം സമ്മാനിച്ചതാണ് ആകെയുള്ള അംഗീകാരം. ഒരു നന്ദി വാക്ക് എയർ ഇന്ത്യ പോലും പറഞ്ഞില്ല എന്നത് പോട്ടെ തിരിച്ചു യുകെക്ക് വരാനായി ടിക്കറ്റ് മാറ്റാനായി എയർ ഇന്ത്യ ഓഫീസിൽ എത്തിയ ലീല, കാര്യങ്ങൾ എല്ലാം ധരിപ്പിച്ചെങ്കിലും അവർക്കു ഇതുമായി യാതൊരു വിവരവും ഇല്ല എന്നാണ് അറിയിച്ചത്.

എന്നാൽ സിമിയുടെ ഹാൻഡ് ഓവർ ബാഗ് മാത്രം തയ്യാറാക്കിയ മറ്റൊരു നേഴ്സ് നാട്ടിലെ വാർത്ത ചാനലിൽ നിറയുകയായിരുന്നു അതിനർഹതപ്പെട്ടവർ പുറത്തുനിൽക്കുമ്പോൾ… മറ്റൊരു കാര്യം യുകെയിലെ മുൻനിര മാധ്യമങ്ങളിൽ നമ്മൾ മലയാളികൾ വാർത്തകൊടുക്കുമ്പോൾ ചെയ്യാത്ത കാര്യം സ്വന്തം പേരിൽ അവകാശപ്പട്ട് വാർത്ത വരുകയും പിന്നീട്  യഥാർത്ഥ അവകാശികൾ ഇതേ മാധ്യമങ്ങളെ സമീപിച്ചാൽ മെഡിക്കൽ ഫീൽഡിൽ തന്നെയുള്ള നമ്മൾ മലയാളികൾ നുണയൻമ്മാരാണ് എന്ന് അവർ മനസ്സിലാക്കുകയും പിന്നീട് ഏതൊരു കാര്യത്തിന് സമീപിച്ചാലും അവരുടെ മനോഭാവം എന്തായിരിക്കുമെന്ന് ഒന്ന് ചിന്തിക്കുക.  കാരണം എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായ ആ പ്രസവത്തിൽ 80 ശതമാനം കാര്യങ്ങളും ചെയ്‌തത്‌ ഡോക്ടർ ഇൻഷാദ്, ബിർമിങ്ഹാമിൽ നിന്നുള്ള ഡോക്ടർ റിച്ച, നഴ്‌സായ ലീല ബേബി എന്നിവർ ചേർന്നാണ്.

ഒന്നിലും പരാതിയില്ലെന്ന് ആവർത്തിച്ച ലീല ബേബി ഒന്ന് പറഞ്ഞു…. വാർത്ത എനിക്ക് നൽകുന്ന സംതൃപ്തിയേക്കാൾ അധികമായി സംതൃപ്‌തി തോന്നുന്നത് ആ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചതിൽ ആണ് എന്ന് മലയാളം യുകെയുമായി പങ്ക്‌ വെച്ചു. ഇതുതന്നെയല്ലേ ഇവർ തന്നെയല്ലേ ആ മാലാഖ എന്ന വിശേഷണത്തിന് അർഹ…