സി.വിയില്‍ ഡോക്ടറാണെന്ന് കള്ളം പറഞ്ഞ് എന്‍എച്ച്എസിനെ കബളിപ്പിച്ച നഴ്‌സിന് അഞ്ചു വര്‍ഷം തടവ്. ചെഷയര്‍ സ്വദേശിയായ ഫിലിപ്പ് ഹഫ്ടണ്‍ എന്ന 52 കാരനാണ് ശിക്ഷ ലഭിച്ചത്. നഴ്‌സിംഗ് യോഗ്യത മാത്രമുള്ള ഇയാള്‍ താന്‍ ഒരു ഡോക്ടറാണെന്നായിരുന്നു സിവിയില്‍ കാട്ടിയിരുന്നത്. എന്‍എച്ച്എസിനെ ഈ വിധത്തില്‍ കബളിപ്പിച്ച് ജോലി നേടിയ ശേഷം ബിസിനസ് ട്രിപ്പുകള്‍ എന്ന പേരില്‍ വിദേശയാത്രകള്‍ നടത്തുകയും ആഢംബര ജീവിതം നയിക്കുകയും ചെയ്തു. മൂന്നര ലക്ഷം പൗണ്ടാണ് എന്‍എച്ച്എസില്‍ നിന്ന് ഇവയ്ക്കായി ഇയാള്‍ വാങ്ങിയത്. 17 മാസത്തോളം ഇയാള്‍ എന്‍എച്ച്എസ് ജോലിയില്‍ തുടര്‍ന്നിരുന്നു. സൈന്യത്തില്‍ ഡോക്ടറായി ജോലി ചെയ്തിട്ടുണ്ടെന്നും വിദ്യാഭ്യാസ യോഗ്യതകള്‍ ഏറെയുണ്ടെന്നുമൊക്കെയാണ് ഇയാള്‍ കള്ളം പറഞ്ഞത്.

എന്നാല്‍ ഇയാള്‍ക്ക് നഴ്‌സിംഗ് യോഗ്യത മാത്രമേ ഉള്ളുവെന്ന് പിന്നീട് കണ്ടെത്തി. ടെറിട്ടോറിയല്‍ ആര്‍മിയില്‍ കുറച്ചുകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഇയാള്‍ ഓണ്‍ലൈനില്‍ വാങ്ങിയ വ്യാജ മെഡലുകള്‍ ധരിച്ചുകൊണ്ട് ഫോട്ടോകള്‍ എടുക്കുകയും അവ കബളിപ്പിക്കാനായി ഉപയോഗിക്കുകയും ചെയ്തു. കേംബ്രിഡ്ജ്ഷയര്‍ ആന്‍ഡ് പീറ്റര്‍ബറോ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് ഈ വ്യാജ വിവരങ്ങള്‍ നല്‍കി ഹഫ്ടണ്‍ ജോലിയില്‍ പ്രവേശിച്ചത്. ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായാണ് നിയമിക്കപ്പെട്ടത്. മിഡില്‍ ഈസ്റ്റില്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രമോട്ട് ചെയ്യുകയായിരുന്നു ജോലി. പിന്നീട് നടന്ന ആഭ്യന്തര അന്വേഷണത്തില്‍ ജോലിയിലും സാമ്പത്തികച്ചെലവുകളിലും ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ 2013 ജനുവരിയില്‍ ഇയാളെ പുറത്താക്കി.

ജോര്‍ദാനിലെ അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കാനെന്ന പേരില്‍ ഇയാള്‍ നടത്തിയ യാത്ര അമേരിക്കയിലേക്കും കരീബിയനിലേക്കുമാണെന്ന് ജിപിഎസ് വിവരങ്ങള്‍ വ്യക്തമാക്കി. 9000 പൗണ്ടാണ് ഈ യാത്രക്കായി ഇയാള്‍ എന്‍എച്ച്എസില്‍ നിന്ന് ഈടാക്കിയത്. ഒരു വ്യാജ ഇമെയില്‍ അക്കൗണ്ടിലൂടെ 13,000 പൗണ്ടും ഇയാള്‍ എന്‍എച്ച്എസില്‍ നിന്ന് തട്ടിയെടുത്തു. 2015 ഒക്ടോബറില്‍ നടന്ന യാത്രയിലായിരുന്നു ഇത്. ജോര്‍ദാനിലെ അമ്മാനില്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് താനെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടത്. തെളിവിനായി ഗൂഗിളില്‍ നിന്ന് എടുത്ത ഒരു ഫോട്ടോയും ഇയാള്‍ മെയില്‍ ചെയ്തിരുന്നു. കേംബ്രിഡ്ജ്ഷയര്‍ ആന്‍ഡ് പീറ്റര്‍ബറോ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഇയാള്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് അഭിനയിച്ച് ശസ്ത്രക്രിയക്കായി അവധി വാങ്ങിയിരുന്നതായും വ്യക്തമായി.