എടത്വാ: വള്ളംക്കളി പ്രേമികള്‍ക്ക് ആവേശമായ എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട് ലോക റെക്കോര്‍ഡിലേക്ക്. 9 ദശാംബ്ദം കൊണ്ട് ഒരേ കുടുംബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ കളിവള്ളങ്ങള്‍ നിര്‍മിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്നതുമായ ബഹുമതിയുമായിട്ടാണ് ലോക റെക്കോര്‍ഡില്‍ ഇടം പിടിക്കുന്നത്. ഈ ബഹുമതി ലോകത്തില്‍ പുളിക്കത്ര തറവാടിന് മാത്രം സ്വന്തമാണെന്ന് ഗിന്നസ്, യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള പറഞ്ഞു. നവംബര്‍ 30ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ടാലന്റ് ഫെസ്റ്റില്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന് യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറം അന്തരാഷ്ട്ര ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ് അറിയിച്ചു.

ജലമേളകളില്‍ ഇതിഹാസങ്ങള്‍ രചിച്ച പാരമ്പര്യമുള്ള മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് വളളം ആണ് ‘ഷോട്ട് പുളിക്കത്ര’. 2017 ജൂലൈ 27ന് രാഷ്ടീയ – സാസ്‌ക്കാരിക-സാമൂഹിക-സാമുദായിക നേതാക്കളും ജലോത്സവ പ്രേമികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ദേശ നിവാസികള്‍ പങ്കെടുത്ത നീരണിയല്‍ ചടങ്ങ് നാടിന് തന്നെ ഉത്സവഛായ പകര്‍ന്ന അനുഭൂതിയായിരുന്നു.

എടത്വാ വില്ലേജ് യൂണിയന്‍ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേര്‍ഡ് കൃഷി ഇന്‍സ്‌പെക്ടര്‍ മാലിയില്‍ ചുമ്മാര്‍ ജോര്‍ജ് പുളിക്കത്രയാണ് 1926ല്‍ ആദ്യമായി എടത്വാ മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിക്കുന്നത്. നീലകണ്ഠന്‍ ആചാരിയായിരുന്നു ശില്‍പി.

1952ലെ നെഹ്‌റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റെക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളംമായ പുളിക്കത്ര. എന്നാല്‍ അന്നത്തെ മുഖ്യാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഓളങ്ങളെ കീറിമുറിച്ച് വെടിയുണ്ട പോലെ ചീറി പാഞ്ഞ് വന്ന പുളിക്കത്ര കളിവള്ളത്തെ നോക്കി ആവേശത്തോടെ ‘ഷോട്ട് ‘ എന്ന് വിളിച്ചപ്പോള്‍ ഇരുകരകളില്‍ നിന്നും ആര്‍പ്പുവിളി ഉയര്‍ന്നു. പിന്നീട് ഷോട്ട് എന്ന ഓമനപേരില്‍ പുളിക്കത്ര വള്ളം അറിയപെടുവാന്‍ തുടങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വള്ളംകളിയുടെ ആവേശം മുഴുവന്‍ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടന്‍ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ല്‍ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപെടാനാവാത്ത വിധം നെഹ്‌റു ട്രോഫി ജലമേളയില്‍ വിജയം നേടിയട്ടുണ്ട്. കോയില്‍മുക്ക് നാരായണന്‍ ആചാരിയായിരുന്നു ശില്‍പി. 2001ല്‍ ഉമാ മഹേശന്‍ ശില്‍പിയായി നിര്‍മ്മിച്ച വള്ളമാണ് ‘ജെയ് ഷോട്ട് ‘. 2017ലെ നെഹ്‌റു ട്രോഫി ജലമേളയില്‍ പങ്കെടുത്ത 9 വള്ളങ്ങളില്‍ 3 എണ്ണം ഒരേ കുടുബത്തില്‍ നിന്നും നീരണിഞ്ഞ വളളങ്ങള്‍ ആണെന്നുള്ളതായിരുന്നു മറ്റൊരു പ്രത്യേകത.

ഏറ്റവും പുതിയതായി നിര്‍മ്മിച്ച ‘ഷോട്ട് പുളിക്കത്ര’ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉള്‍പെടെ 60 പേര്‍ ഉണ്ട്. സാബു നാരായണന്‍ ആചാരിയാണ് ശില്‍പി.

നവതി നിറവില്‍ തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് നാലാമത്തെ വള്ളം 2017ല്‍ നിര്‍മ്മിച്ചതെന്നും പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകര്‍ന്നു നല്‍കുന്നതിനും ആണ് ആറുവയസുകാരനായ മകന്‍ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്റ്റനാക്കി മത്സരിപ്പിച്ചതെന്നും ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര പറഞ്ഞു. ഇംഗ്ലണ്ടില്‍ ബിസിനസ് രംഗത്ത് നിലകൊള്ളുന്ന ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ രജ്ഞന ജോര്‍ജ് എന്നീ ദമ്പതികളുടെ ഏകമകനായ ആദം പുളിക്കത്ര രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ജോര്‍ജീന ജോര്‍ജ് ആണ് സഹോദരി.

കഴിഞ്ഞ ദിവസം കോട്ടയം താഴത്തങ്ങാടിയില്‍ നടന്ന മത്സരത്തില്‍ കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഫോട്ടോ ഫിനിഷിലാണ് ഷോട്ട് പുളിക്കത്ര കിരിടം അണിഞ്ഞത്. പ്രായം തളര്‍ത്താത്ത ആവേശവുമായി തറവാട്ടിലെത്തിയ ട്രോഫികളില്‍ മുത്തമിട്ട് തൊഴുകൈകളുമായി ദൈവത്തിന് മഹത്വം അര്‍പ്പിക്കുകയാണ് ആദമിന്റെ മുത്തശ്ശി മോളി ജോണ്‍.