കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകരെ പ്രതിചേര്‍ക്കാമെന്നു നിയമോപദേശം. ദിലീപിന്റെ ഫോണ്‍ രേഖകള്‍ മായ്‌ച്ചത്‌ അഭിഭാഷകന്റെ ഓഫീസില്‍ വച്ചാണെന്നു ഫോറന്‍സിക്‌ പരിശോധനയില്‍ സ്‌ഥിരീകരിച്ചിരുന്നു.

ദിലീപിന്റെ മൊബൈലിലെ ഡേറ്റകള്‍ മായ്‌ച്ചതു അഭിഭാഷകരുടെ ഉപദേശപ്രകാരമാണെന്നു സൈബര്‍ ഹാക്കര്‍ സായ്‌ശങ്കര്‍ മൊഴി നല്‍കിയിരുന്നു. കുറ്റസമ്മതമൊഴി നല്‍കിയ സായ്‌ശങ്കറെ മാപ്പുസാക്ഷിയാക്കാന്‍ ക്രൈംബ്രാഞ്ച്‌ ആലുവ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്‌. സായ്‌ശങ്കറുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ രണ്ട്‌ അഭിഭാഷകരെ പ്രതിയാക്കാമെന്നാണു നിയമോപദേശം. ദിലീപിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ മായ്‌ക്കാന്‍ മുംബൈയിലെ സ്വകാര്യ ലാബില്‍ കൊണ്ടുപോയതിനൊപ്പം അഭിഭാഷകരും പോയിരുന്നു. അവരുടെ നേതൃത്വത്തിലാണു ലാബില്‍ പരിശോധന നടന്നത്‌. ഐ.പി.സി. വകുപ്പ്‌ 302 പ്രകാരം തെളിവുനശിപ്പിച്ച കുറ്റത്തിനാണു ഇരുവരെയും പ്രതിയാക്കുന്നത്‌.

ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാല്‍ അറസ്‌റ്റിനു സാധ്യതയില്ല. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണു ചെയ്യുന്നത്‌. നടിയെ ആക്രമിച്ച കേസില്‍ തെളിവു നശിപ്പിച്ച കുറ്റത്തിനു മറ്റു രണ്ട്‌ അഭിഭാഷകരെ പ്രതിയാക്കിയിരുന്നു. പിന്നീട്‌ ഒഴിവാക്കി.സ്വകാര്യ ഫോറന്‍സിക്‌ വിദഗ്‌ദന്‍ സായിശങ്കര്‍ ദിലീപിന്റെ ഫോണ്‍ രേഖകള്‍ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചാണു മായ്‌ച്ചതെന്നാണു സായ്‌ശങ്കറിന്റെ മൊഴി.

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ അതിജീവിത ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിട്ടുണ്ട്‌. മുതിര്‍ന്ന അഭിഭാഷകന്‍ സാക്ഷികളെ നേരിട്ടുവിളിച്ചു സ്വാധീനിച്ചുവെന്ന്‌ ആരോപിച്ചാണു നടി ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്കു പരാതി നല്‍കിയത്‌. അഭിഭാഷകര്‍ക്കെതിരേ അന്വേഷണം നടത്തി നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു. പരാതിയില്‍ അഭിഭാഷകരോടു 15 ദിവസത്തിനകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. ബാര്‍ കൗണ്‍സില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും കത്തയച്ചിട്ടുണ്ട്‌.