ലെസ്റ്റര്‍: ജീവനക്കാരി ഉള്‍പ്പെടെ 5 പേരുടെ മരണത്തിനിടയാക്കിയ ലെസ്റ്റര്‍ സ്ഥാപനത്തിലെ തീപിടുത്തം ഉടമയുടെ സൃഷ്ടിയെന്ന് റിപ്പോര്‍ട്ട്. കോടതിയില്‍ കേസിന്റെ വാദത്തിനിടയിലാണ് ഉടമയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആരം കുര്‍ദ്, ആര്‍ക്കാന്‍ അലി, ഹവാക്കര്‍ ഹസന്‍ എന്നിവരാണ് കഴിഞ്ഞ ഫെബ്രുവരി 25നുണ്ടായ തീപിടുത്തത്തിന് കാരണമെന്നാണ് കോടതിയില്‍ വാദമുയര്‍ന്നിരിക്കുന്നത്. ഏറെ നാള്‍ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമായിരുന്നു മൂവരും ചേര്‍ന്ന് സ്ഥാപനത്തിന് തീകൊടുക്കാന്‍ പദ്ധതിയിട്ടത്. സ്ഥാപനത്തില്‍ പെട്രോള്‍ ശേഖരിച്ചുവെച്ചിരുന്നതായും കോടതിയില്‍ വാദമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആര്‍ക്കാന്‍ അലി, ഹവാക്കര്‍ ഹസന്‍ എന്നിവരോടപ്പം ചേര്‍ന്ന് ആരം കുര്‍ദ് സ്വന്തം സ്ഥാപനം തീയിടാന്‍ തീരുമാനിക്കുന്നത്. വന്‍ തുകയ്ക്ക് സ്ഥാപനം ഇന്‍ഷൂറന്‍സ് ചെയ്തതിന് ശേഷമായിരുന്നു തീയിടാന്‍ പദ്ധതിയൊരുക്കിയത്. ഏതാണ്ട് 300,000 പൗണ്ട് അപകടത്തില്‍ കട നശിച്ചാല്‍ ഇയാള്‍ക്ക് ലഭിക്കും. ഇത് സ്വന്തമാക്കുന്നതിന് സ്വഭാവിക അപകടമെന്ന രീതിയില്‍ കട കത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി സ്ഥാപനത്തിനുള്ളില്‍ പെട്രോള്‍ ശേഖരിച്ചു വെക്കുകയും ചെയ്തു. ജീവനക്കാരിയും സ്ഥാപനത്തിന് മുകളില്‍ താമസിക്കുന്ന കുടുംബവും തീപിടുത്തത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു.
സ്ഥാപനത്തിന് മുകളില്‍ താമസിച്ചിരുന്ന നേരി രഘുബീര്‍(46), മകന്‍ ഷെയിന്‍(18), ഷീന്‍(17), ഷെയിനിന്റെ കാമുകിയായ ലേയ് റീക്ക്(18) എന്നിവരാണ് കൊല്ലപ്പെട്ടത്. സാധാരണ തീപിടത്തത്തില്‍ നിന്നും വ്യത്യസ്തമായി ബില്‍ഡിംഗ് മുഴുവനും കത്തിയമര്‍ന്നതിന് പിന്നില്‍ അട്ടിമറി ശ്രമമാണോയെന്ന് തുടക്കം മുതല്‍ പോലീസിന് സംശയമുണ്ടായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രതികള്‍ക്കെതിരെ കൊലപാതകം, നരഹത്യ, വ്യാജരേഖകള്‍ ചമച്ച് പണം തട്ടാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. കേസില്‍ വാദം കേള്‍ക്കുന്നത് തുടരുകയാണ്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണെന്നും തീപിടുത്തം സ്വഭാവികമായ അപകടമാണെന്നുമാണ് പ്രതികളുടെ വാദം.
Leave a Reply