സ്‌ട്രോക്ക് വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികള്‍ക്ക് വിഷം നല്‍കിയെന്ന സംശയത്തെത്തുടര്‍ന്ന് നഴ്‌സിനെ അറസ്റ്റ് ചെയ്തു. ലങ്കാഷയര്‍, ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ നഴ്‌സാണ് അറസ്റ്റിലായിരിക്കുന്നത്. രോഗികള്‍ക്ക് ഹാനിയുണ്ടാക്കുന്ന വിധത്തില്‍ വിഷമോ മാരകമായ വസ്തുക്കളോ രോഗികള്‍ക്ക് ഇവര്‍ നല്‍കിയെന്ന സംശയത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. നഴ്‌സിനെതിരെ സഹപ്രവര്‍ത്തകരാണ് ആദ്യം സംശയമുന്നയിച്ചത്. ഇതേത്തുടര്‍ന്ന് ബ്ലാക്ക്പൂള്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് നവംബര്‍ 8ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കുന്നതില്‍ ട്രസ്റ്റ് മതിയായ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നഴ്‌സ് പിടിയിലാകുന്നത്. ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലാണ് അറസ്റ്റ് നടന്നിരിക്കുന്നതെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ജില്‍ ജോണ്‍സ്റ്റണ്‍ പറഞ്ഞു. അന്വേഷണം കുറച്ച് സങ്കീര്‍ണ്ണമാണെന്നും ഒരു പ്രത്യേക ഡിറ്റക്ടീവ് സംഘത്തെ ഇതിനായി നിയോഗിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രാഥമിക ലക്ഷ്യമെന്നും പോലീസ് അറിയിക്കുന്നു.

ജീവനക്കാരുടെ കുറവു മൂലം ഏജന്‍സി നഴ്‌സുമാരെ കണക്കിലധികം നിയോഗിക്കുന്നുവെന്ന പരാതി ഈ ആശുപത്രിക്കെതിരെ നിലവിലുണ്ട്. എന്നാല്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന നഴ്‌സ് ഇവിടത്തെ സ്ഥിരം ജീവനക്കാരിയാണെന്നാണ് വിവരം. ഇവരെ സസ്‌പെന്‍ഡ് ചെയ്തത് സ്‌ട്രോക്ക് യൂണിറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് വെന്‍ഡ് സ്വിഫ്റ്റ് പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഗൗരവത്തോടെയാണ് തങ്ങള്‍ കാണുന്നതെന്നും അതുകൊണ്ടാണ് പെട്ടെന്നു തന്നെ പോലീസിനെ വിവരം അറിയിച്ചതെന്നും സ്വിഫ്റ്റ് വ്യക്തമാക്കി.