സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
വലിയ നോമ്പിലെ അവസാന ആഴ്ച്ചയിലേയ്ക്ക് നാം
എത്തിചേര്‍ന്നിരിക്കുകയാണ്. ശാരീരികമായ അവയവങ്ങള്‍ക്ക്
സൗഖ്യം നല്‍കുന്ന ചിന്തകള്‍ പല ഇടങ്ങളിലായി ധ്യാനിച്ചു ചിന്തിച്ചു.
കാഴ്ചകളും കാഴ്ചപ്പാടുകളും വ്യത്യസ്തം ആകേണ്ടുന്ന സമയം
കൂടിയാണ്. നോമ്പിന്റെ ആദ്യ ദിനത്തില്‍ നാം എവിടെയായിരുന്നോ
അവിടെ നിന്നും ബഹുദൂരം സഞ്ചരിച്ച് കാല്‍വരിയിലേയ്ക്കുള്ള
യാത്രയിലാണെന്നുള്ള ബോധം നമ്മെ ഭരിക്കേണ്ടതാണ്.
എന്തിനുവേണ്ടി എന്ന് ചോദിച്ചാല്‍, പാപത്തിലും രോഗത്തിലും അടിമ
പെട്ടിരുന്ന നാമോരോരുത്തരും നമ്മുടെ പാപമോചനത്തിനായി
കാല്‍വരിയില്‍ യാഗമായ കര്‍ത്താവിന്റെ രെക്ഷണ്യ ഓര്‍മ്മയെ
പുതുക്കുവാന്‍ തക്കവണ്ണമുള്ള ദിനങ്ങളിലേക്കു കടന്നു വരേണ്ടുന്ന
സമയം. സര്‍വ്വം കാണുന്നു എന്ന് അഹങ്കരിക്കുന്ന നമ്മള്‍ ഒന്നും
കാണുന്നില്ല എന്നും, ഒന്നും കാണുന്നില്ല എന്ന് ധരിച്ചിരിക്കുന്ന ആളുകള്‍
എല്ലാം കാണുന്നുണ്ട് എന്നും ഉള്ള ഒരു തിരിച്ചറിവ് ഈ ദിനത്തില്‍
നമുക്ക് ലഭിക്കേണ്ടതാണ്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒമ്പതാം അധ്യായം 1 മുതല്‍
41 വരെയുള്ള വാക്യങ്ങള്‍ ആണ് ഇന്നത്തെ ചിന്തയ്ക്ക് വിഷയിഭവിക്കുന്നത്. പിറവിയിലേ കുരുടന്‍ ആയിരുന്ന ഒരുവനെ കര്‍ത്താവ്
കണ്ണുതുറന്നു കൊടുക്കുന്ന വേദഭാഗം ആണ് ഇത്. അവനുണ്ടായ
മാറ്റം അംഗീകരിക്കുവാന്‍ പാടുപെടുന്ന കുടുംബാംഗങ്ങളെയും
സമൂഹത്തിന്റെ വക്താക്കളെയും നമുക്ക് കാണുവാന്‍ കഴിയും.
കാഴ്ചയെ കുറിച്ച് പറയുമ്പോള്‍ ധാരാളം കാര്യങ്ങള്‍ താന്‍
കേട്ടിട്ടുണ്ടാകും. കണ്ണുകള്‍ കൊണ്ട് കാണുന്നു എന്നുള്ളത് മാത്രമല്ല
കണ്ട കാര്യങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നുള്ളതും അതിന്റെ
ഭാഗമായി മനസ്സിലാക്കേണ്ടതാണ്. അപ്രകാരമുള്ള ഒരു ധാരണയില്‍
നമ്മളെ തന്നെ ഒന്ന് വിചാരണം ചെയ്യുന്നത് നന്നായിരിക്കും. ദൈവ
സൃഷ്ടികളെ കാണുവാനും പരിചരിക്കുവാനും സ്‌നേഹിക്കുവാനും
സഹാനുഭൂതി കാണിക്കുവാനും ഒക്കെ ഈ കാഴ്ചയാണ് ആരംഭം
കുറിക്കുന്നത്. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ഇതിനു എത്രമാത്രം
ന്യായീകരണം നല്‍കുവാന്‍ സാധിക്കും? കാണേണ്ടവ കാണാതിരുന്നും
കാണരുതാത്തവ കണ്ടും ജീവിക്കുന്നവരല്ലേ നമ്മള്‍. സത്യവും നീതിയും
കഠിനാധ്വാനവും സമര്‍പ്പണവും ഒന്നും കാണാതെ കുറവുകളും
ന്യൂനതകളും ബലഹീനതകളും നമ്മുടെ കാഴ്ചയില്‍ പെടുമ്പോള്‍ ഈ
ബലഹീനത നമ്മളെയും ബാധിച്ചില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അക്ഷരാഭ്യാസത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന
മൂല്യങ്ങളില്‍ പ്രധാനമാണ് അന്ധകാരം ആയ നമ്മുടെ മനോമണ്ഡലങ്ങളെ പ്രകാശപൂരിതമാക്കുക എന്നുള്ളത്. ബാഹ്യ
നയനങ്ങള്‍ കൊണ്ട് കാണുന്നതിനേക്കാള്‍ കൂടുതല്‍ ആയി
വിദ്യാഭ്യാസത്തിലൂടെ ആര്‍ജിച്ച പരിശീലനം കൊണ്ട് അന്തരംഗങ്ങളില്‍
അതിന് വ്യാകരണങ്ങള്‍ ചമയ്ക്കുവാന്‍ നമുക്ക് കഴിഞ്ഞാലല്ലേ
വിദ്യാഭ്യാസം മൂല്യമുള്ളതാവുകയുള്ളൂ. ചിതറിപ്പോയ
അനുഭവങ്ങളില്‍ കഴിയുന്നവര്‍ക്ക് ഐക്യത്തിന്റെ ഭാവം നല്‍കിയാല്‍
അത് പുണ്യം അല്ലേ? ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തവര്‍ക്ക് നമ്മളാല്‍
നന്മ പകര്‍ന്നു കൊടുത്താല്‍ അതും പുണ്യമല്ലേ! വാക്കുകളിലും
വരികളിലും അല്ല അതിനുമപ്പുറം അതിന്റെ നല്ല അര്‍ത്ഥങ്ങളെ
നന്മയ്ക്കു ഉതകുന്ന രീതിയില്‍ കാട്ടിക്കൊടുക്കുമ്പോള്‍ അല്ലേ
അനേകരുടെ കണ്ണ് നമുക്ക് തുറക്കുവാന്‍ പറ്റുകയുള്ളൂ?
ഇന്ന് ലോകത്തിന്റെ എല്ലാ മേഖലകളും വളരെ വിപ്ലവകരമായ
വിധം ആധുനിക വത്ക്കരിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ അതേ
സമയം തന്നെ അന്ധകാരവും ഭീതിയും ഭീകരതയും ലോകത്തെ മൂടി
കളഞ്ഞു. നന്മകളെക്കാള്‍ തിന്മകളെ കൊണ്ട് ഈ ലോകം നില്‍ക്കുന്ന
അവസ്ഥകള്‍ ധാരാളം നമ്മുടെ ചുറ്റും ഏറിക്കൊണ്ടിരിക്കുന്നു.
സാമൂഹിക മേഖലകളിലും ആത്മീക മേഖലകളിലും ഈ ജീര്‍ണ്ണത
ധാരാളം നമുക്ക് കാണേണ്ടി വരുന്നു. ഓരോ ഭാരതീയനും കേട്ടുശീലിച്ച ഗായത്രി മന്ത്രത്തിലും അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക്
വരേണ്ടുന്നതിന്റെ ആവശ്യകഥ പഠിപ്പിച്ചു തരുന്നു. ഞാന്‍
വെളിച്ചമാകുന്നു എന്നും ഈ വെളിച്ചത്തിലേക്ക് അടുത്തുവരുന്ന
ആരും ഇരുളില്‍ ആവുകയില്ല എന്നും കര്‍ത്താവും നമ്മെ
പഠിപ്പിക്കുന്നു.
ലോകത്തെ അന്ധകാരപ്പെടുത്തുന്ന എല്ലാ മൂല്യച്യുതികള്‍ക്കും
കാരണം നമ്മുടെ ഉള്‍ക്കാഴ്ചകള്‍ നഷ്ടപ്പെട്ടതാണ്. ഒരു വീണ്ടെടുപ്പും
തിരിച്ചു വരവ് വളരെ അത്യാവശ്യമാണ് എന്ന് ലോകത്ത് ഇന്ന്
നടമാടുന്ന ഓരോ സംഭവങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നു. വിദ്യാഭ്യാസ
മേഖലയാകട്ടെ സാമൂഹിക മേഖല ആകട്ടെ ആധ്യാത്മിക മേഖല
ആകട്ടെ എവിടെയായാലും ലഭിക്കുന്ന ഓരോ അറിവും
അവസരങ്ങളും നമ്മുടെ കണ്ണുകളെ തുറന്നു സൃഷ്ടികളെ കാണുവാന്‍
പര്യാപ്തമാക്കുവാന്‍ ഈ നോമ്പില്‍ നമുക്ക് ശ്രമിക്കാം.
ഭൗതികമായ കാഴ്ചയില്‍ കാണുന്ന കാര്യങ്ങള്‍ അവിടെ കൊണ്ട്
അവസാനിക്കുമ്പോള്‍ അക കണ്ണുകളില്‍ കാണുന്ന കാര്യങ്ങള്‍
ചിന്തനീയമായ മറ്റൊരു തലത്തിലേക്ക് നമ്മെക്കൊണ്ട് പോകും.
വിഷമിച്ചിരിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുവാനും
ക്ഷീണിച്ചിരിക്കുന്നവര്‍ക്ക് താങ്ങാകുവാനും രോഗത്തില്‍ ഇരിക്കുന്നവര്‍ക്ക് പരിചാരികയാകുവാനും ഈ ഉള്‍ കാഴ്ച്ച നമ്മെ സഹായിക്കും. അറിവിനേക്കാള്‍ കൂടുതല്‍ ആയി വിഞ്ജാനത്തെയും
കാഴ്ചകളേക്കാള്‍ കൂടുതല്‍ ആയി ഉള്‍കാഴ്ച്ചകളെയും
പരിപോഷിപ്പിക്കുവാന്‍ നമുക്ക് എന്ന് കഴിയുന്നോ അന്നേ
ദൈവരാജ്യം കാണുവാന്‍ സാധിക്കുകയുള്ളൂ.
ഒരിക്കല്‍ കുരുടന്‍ ആയിരുന്നവനെ കര്‍ത്താവ് കാഴ്ചയുള്ളവനാക്കിമാറ്റി. ഈ മാറ്റം നമ്മളില്‍ പലര്‍ക്കും സാധ്യമാകുന്നുണ്ട്.
അങ്ങനെയുള്ളവര്‍ സമൂഹത്തില്‍ പല ചലനങ്ങളും
വരുത്താറുമുണ്ട്. അങ്ങനെയുള്ള ദര്‍ശനങ്ങളെ പലരും സമൂഹത്തില്‍
ഒഴിവാക്കുവാന്‍ ശ്രമിക്കുമ്പോഴും അത് ദൈവദത്തം ആണെന്ന്
തിരിച്ചറിയുവാന്‍ ഇടയായാല്‍ അനേകര്‍ അന്ധകാരം വെടിഞ്ഞു
പ്രകാശത്തിലേക്ക് കടന്നു വരും. അങ്ങനെ ഒരു മാറ്റത്തിന്
വിധേയപ്പെടാന്‍ ഈ നോമ്പ് നമുക്ക് കരണമായെങ്കില്‍ ദൈവത്തെ
സ്തുതിക്കാം.
എല്ലാ സദ്ഗുണങ്ങളുടെ ഭണ്ഡാരം ആണല്ലോ ദൈവ സന്നിധി. ആ സന്നിധിയില്‍ ആശ്രയം വെച്ച് കര്‍ത്താവേ ഉള്‍കണുകളെ
പ്രകാശിപ്പിക്കണമേ എന്ന പ്രാര്‍ത്ഥനയോടെ നമുക്ക് നോമ്പിന്റെ
ദിനങ്ങളില്‍ സഞ്ചരിക്കാം. അപ്രകാരം ദാര്‍ശനികമായി കാണുവാന്‍ നാം
ശീലിച്ചാല്‍ കഷ്ടാനുഭവാഴ്ചയുടെ മഹത്വവും വീണ്ടെടുപ്പും ഒരു പുതിയ
അനുഭവം തന്നെ ആയിരിക്കും.
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍

ഫാ. ഹാപ്പി ജേക്കബ്
ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്,
ന്യു കാസില്‍ സെന്റ് തോമസ് ചര്‍ച്ച്,
സുന്ദര്‍ലാന്‍ഡ് സെന്റ് മേരീസ് പ്രയര്‍ ഫെല്ലോഷിപ്, നോര്‍ത്ത് വെയില്‍സ് സെന്റ് ബെഹനാന്‌സ് ചര്‍ച്ച് ഇടവകകളുടെ വികാരിയും ഭദ്രാസന സെക്രട്ടറിയുമായി സേവനം അനുഷ്ടിക്കുന്നു.
യുകെയിലെ ഹാരോഗേറ്റില്‍ താമസിക്കുന്നു.