ഫാ. ഹാപ്പി ജേക്കബ്ബ്

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഇന്നത്തെ കാലഘട്ടങ്ങളില്‍ സാധാരണ നമ്മള്‍ എത്തപ്പെടുന്ന ഒരു
മേഖലയാണ് സാമൂഹികസേവനം. വലിയ മുതല്‍ മുടക്കോ
ആത്മാര്‍ത്ഥതയോ ഇല്ലാതെ തന്നെ നമ്മള്‍ ശ്രദ്ധിക്കപ്പെടും എന്ന ഒരു
തോന്നല്‍ ആയിരിക്കാം ഇതിന്റെ പിന്നില്‍. ധാരാളം സാമൂഹിക
സംഘടനകള്‍ നമ്മുടെ മധ്യേ ഉയര്‍ത്തെഴുന്നേല്‍ക്കാറുണ്ട്. ചിലതൊക്കെ
കുറേ കാലം കഴിയുമ്പോള്‍ എങ്ങോട്ട് പോയി എന്ന് അന്വേഷിച്ചാല്‍
പോലും കണ്ടെത്താന്‍ സാധിക്കുകയില്ല. എന്നാല്‍ മറ്റു ചിലതാകട്ടെ
സമൂഹത്തില്‍ വളരെ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍
പര്യാപ്തമായിട്ടുള്ളതാണ്. അതുപോലെതന്നെയാണ് ഇതിന്റെ
നേതൃത്വത്തില്‍ കടന്നുവരുന്നവരും. സേവനം മുഖമുദ്ര ആക്കിയിട്ട് ഉള്ളവര്‍
തങ്ങളുടെ സമയവും കുടുംബവും സ്‌നേഹബന്ധങ്ങളും ഒക്കെ മാറ്റി
വച്ചിട്ടാണ് അവര്‍ സമൂഹത്തെ സേവിക്കുവാന്‍ ഇറങ്ങുന്നത്. എന്നാല്‍
മറ്റു ചിലരാകട്ടെ ചില ഗൂഢലക്ഷ്യങ്ങള്‍ മുന്നില്‍ വച്ച് അതിലേക്കുള്ള
ചവിട്ടുപടിയായി ഈ മേഖലയെ വിനിയോഗിക്കും. അവര്‍ക്ക് സമൂഹവും
സേവനവും ഒന്നുമല്ല വലുത് തന്റെ ലക്ഷ്യം മാത്രം. എന്നാല്‍
ഇതിലൊന്നും പെടാതെ ആരുടെയും ശ്രദ്ധ പിടിച്ചു പറ്റാതെ സേവനവും
ശുശ്രൂഷയും ജീവിത കാലം മുഴുവന്‍ ചെയ്യുന്ന ധാരാളം ആളുകളും
നമ്മുടെ ഇടയില്‍ ഉണ്ട്. ഇങ്ങനെ ഉള്ളവരെ പറ്റി അവരുടെ ജീവിത
കാലശേഷം ആയിരിക്കാം നാം പോലും അറിയുന്നത്.

ഈ പരിശുദ്ധമായ വലിയനോമ്പിലെ മൂന്നാമത്തെ ആഴ്ച
ആരംഭിക്കുമ്പോള്‍ ഇപ്രകാരമുള്ള ഒരു സാമൂഹിക സേവനവും
അതിലൂടെ ലഭിച്ച സൗഖ്യവുമാണ് ചിന്ത ഭാഗം ആയിട്ടുള്ളത്. വിശുദ്ധ
മാര്‍ക്കോസിന്റെ സുവിശേഷം രണ്ടാം അധ്യായം ഒന്നു മുതല്‍ പന്ത്രണ്ട്
വരെയുള്ള വാക്യങ്ങളില്‍ ഇത് പ്രതിപാദിച്ചിട്ടുണ്ട്. കര്‍ത്താവ് ഒരു
ഭവനത്തില്‍ പ്രസംഗിച്ചുകൊണ്ടും പഠിപ്പിച്ചു കൊണ്ടും ഇരിക്കുകയായിരുന്നു. സാധാരണക്കാര്‍
ഉണ്ടായിരുന്നു, ആവശ്യങ്ങളില്‍ ഇരിക്കുന്നവര്‍ ഉണ്ടായിരുന്നു, രോഗ
സൗഖ്യത്തിനുവേണ്ടി വന്നവര്‍ ഉണ്ടായിരുന്നു, എന്തുസംഭവിക്കുമെന്ന്
കാണുവാന്‍ വേണ്ടി വന്നവര്‍ ഉണ്ടായിരുന്നു, ചെയ്യുന്ന കാര്യങ്ങളുടെ
കുറ്റം കണ്ടുപിടിക്കാന്‍ തക്കവണ്ണം സമൂഹത്തിലെ ഉന്നതരും അവിടെ
ഉണ്ടായിരുന്നു. ന്യായപ്രമാണ വാക്കുകളെ അക്ഷരംപ്രതി
പ്രവര്‍ത്തിക്കുവാന്‍ ശഠിക്കുന്ന പരീശന്മാരും ന്യായപ്രമാണത്തെ
വ്യാഖ്യാനിക്കുന്ന ശാസ്ത്രിമാരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
ഈ ആള്‍ക്കൂട്ടത്തിന് നടുവിലേക്കാണ് സാമൂഹികപ്രതിബദ്ധത
തോളിലേറ്റി നാലുപേര്‍ ഒരുവനെയും കൊണ്ട് കടന്നു വരുന്നത്. ഈ നാലു
പേര്‍ ആരാണെന്നോ അവരുടെ പേര് എന്താണെന്നോ ഈ രോഗിയും
ആയിട്ടുള്ള ബന്ധം എന്താണെന്നോ ഒന്നും ഇവിടെ പറയുന്നില്ല. ഒരു
ലക്ഷ്യമേ അവരുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ ഏതുവിധേനയും ഇവനെ
കര്‍ത്താവിന്റെ മുന്നിലെത്തിക്കണം. പ്രതിബന്ധങ്ങള്‍ കോട്ടപോലെ മുമ്പില്‍
നില്‍ക്കുകയാണ്. ഒരു വിധേനയും മുന്‍പോട്ടു പോകാന്‍ പറ്റുന്നില്ല.
വിശ്വാസ സമൂഹം മതില്‍ പോലെ നില്കുന്നു. ഇവിടെ നാം
ചിന്തിക്കേണ്ടത് ഇതുപോലെയുള്ള പല അവസരങ്ങളും നമ്മുടെ
സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. കര്‍ത്താവു നമ്മുടെ മദ്ധ്യേ ഉണ്ട്. രോഗികള്‍
നമ്മുടെ ഇടയില്‍ ഉണ്ട്. അവരെ സൗഖ്യത്തിനുവേണ്ടി ഒരുക്കുന്നവരും
ശുശ്രൂഷിക്കുന്നവരും നമ്മുടെ ഇടയില്‍ ഉണ്ട്. ഇതുപോലെ
പ്രതിബന്ധങ്ങള്‍ ആയി നാമും നിന്നിട്ടില്ലേ?? ഒരുവനെ പോലും
ദൈവമുമ്പാകെ കടത്തിവിടാന്‍ മനസ്സില്ലാതെ പല വാതിലുകളും നാം
അടച്ചിട്ടില്ലേ?? പല രോഗികളെയും അവരുടെ അവസ്ഥകളെയും മറന്നു
നമ്മുടെ സ്ഥാനങ്ങള്‍ ഉറപ്പിച്ചു നാം നിന്നിട്ടില്ലേ?? പ്രസംഗം കേട്ട് നിന്ന
ഈ വ്യക്തികളെ പോലെ നാമും പ്രവര്‍ത്തി ഇല്ലാത്തവരായി ആയി
തീര്‍ന്നിട്ടില്ലേ??
എന്നാല്‍ ഈ നാല് പേരും കഠിനമായ തീരുമാനവുമായി ആണ് വന്നത്.
എന്തെല്ലാം പ്രതിബന്ധങ്ങള്‍ തങ്ങളുടെ മുന്‍പില്‍ ഉണ്ടെങ്കിലും
കര്‍ത്താവിന്റെ സന്നിധിയില്‍ എത്തും വരെയും അവയൊക്കെ തരണം
ചെയ്യുവാന്‍ അവര്‍ തീരുമാനിച്ചു. ന്യായമായും നാം ചിന്തിക്കുമ്പോള്‍
ഒന്നുകില്‍ അവര്‍ സ്‌നേഹിതരായിരിക്കാം കുടുംബാംഗങ്ങള്‍
ആയിരിക്കാം എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്നത് അവര്‍ സമൂഹത്തിന്റെ
പ്രതിനിധികള്‍ ആയിരിക്കണം എന്നാണ്. ഇവിടെയാണ് ആദ്യ ഭാഗത്ത്
പറഞ്ഞ സാമൂഹിക സേവനത്തിന്റെ ഉത്തരവാദിത്വം എടുത്തു
കാണിക്കുന്നത്. നമ്മളില്‍ ഒരുവനോ നമ്മുടെ മധ്യേ ഒരു കുടുംബത്തിനോ
ആവശ്യം വന്നാല്‍ നമ്മുടെ ഉത്തരവാദിത്വം എന്താണ് എന്ന് ഈ ഭാഗം
ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ഏതുവിധേനെയും എന്ത് ത്യാഗം സഹിച്ചും
ലാഭനഷ്ടങ്ങള്‍ നോക്കാതെ ലക്ഷ്യം മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന
വ്യക്തികളും ഉണ്ട്. അവരുടെ പ്രതിനിധികളാണ് ഈ നാലു പേര്‍. ഈ
നോമ്പില്‍ ഈ നാലു പേരിലൊരുവന്‍ നമ്മള്‍ ആയിക്കൂടെ?? ഇവിടെ അവര്‍
ചെയ്തത്, ജനസമൂഹം മതില്‍ ആയി നിന്നെങ്കില്‍ അതിനും മുകളില്‍
നാം ആശ്രയിക്കുന്ന മേല്‍ക്കൂര തന്നെ അവര്‍ പൊളിച്ചു നീക്കുന്നു.
എന്തിനു വേണ്ടി? കര്‍ത്താവിനെ ഒന്നു കാണാന്‍! തങ്ങളുടെ ആവശ്യം
ഒന്ന് നടത്തി എടുക്കാന്‍! അവരുടെ മുമ്പില്‍ രണ്ടു സാധ്യതകളെ ഉള്ളൂ.
ഒന്നുകില്‍ മേല്‍ക്കൂര പൊളിക്കാം അല്ലെങ്കില്‍ തിരികെ പോകുക. ലക്ഷ്യം
മാര്‍ഗ്ഗത്തെ സാധൂകരിക്കുമല്ലോ. തങ്ങളുടെ സൗകര്യങ്ങളെക്കാള്‍ അവര്‍ക്ക്
പ്രധാനം അവരുടെ കൂട്ടുകാരന്റെ സൗഖ്യം ആയിരുന്നു. ഈ നാലു പേര്‍
മേല്‍ക്കൂര പൊളിച്ച് കട്ടിലോട്കൂടി അവനെ കര്‍ത്തൃ സന്നിധിയില്‍
എത്തിച്ചു. അവരുടെ വിശ്വാസം കണ്ടിട്ട് അവനെ സൗഖ്യമാക്കുന്നു.
അവനെ തളര്‍ത്തിയിരുന്ന പാപ ബന്ധനങ്ങളുടെ കെട്ടുകളെ കര്‍ത്താവ്
തകര്‍ക്കുകയാണ്. ശയ്യാവലംബിയായി ഇരുന്ന അവന്റെ സൗഖ്യത്തിന്
കാരണമായതു ആ നാലുപേരുടെ വിശ്വാസം. ഇതല്ലേ സാമൂഹ്യ
പ്രവര്‍ത്തകരുടെ പ്രതിബദ്ധത?

എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ക്കുവാന്‍ അവരുടെ വിശ്വാസത്തിന്
കഴിഞ്ഞു. ആലോചനകളിലും തീരുമാനങ്ങളിലും സ്ഥിരത വരണമെങ്കില്‍
വിശ്വാസത്തിന്റെ പൂര്‍ത്തീകരണം വന്നിരിക്കണം. നമ്മുടെ
വിശ്വാസവും പ്രവര്‍ത്തനവും നിഷ്‌കളങ്കമാണെങ്കില്‍ പ്രതിഫലേച്ഛ
ആഗ്രഹിക്കാത്തത് ആണെങ്കില്‍ നിശ്ചയമായും ദൈവം കൂടെ ഉണ്ടാകും.
എന്നാല്‍ സാധാരണ വിശ്വാസികള്‍ വിശ്വാസം ഉണ്ട് എന്ന് പറയുകയും
അവരില്‍ പ്രവര്‍ത്തി ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ തങ്ങള്‍
വിശ്വസിക്കുന്ന വിശ്വാസത്തിന് എന്ത് ഫലമുണ്ട്? ദൈവ സ്‌നേഹത്തിന്
ജാതിയോ മതമോ ഇല്ല. എന്നാല്‍ മനുഷ്യന്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിച്ച്
ദൈവത്തെ പോലും ജാതീയന്‍ ആക്കുന്നു. സ്‌നേഹിക്കുന്ന, സൗഖ്യം
നല്‍കുന്ന ദൈവം നമ്മെ വിളിക്കുന്നു. നിങ്ങള്‍ എന്റെ അടുക്കല്‍
വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. നമ്മുടെ ആത്മീക നിലവാരം
വച്ച് നോക്കിയാല്‍ ഇതെല്ലം അറിയാം എങ്കിലും ഞാന്‍ ദൈവത്തിന്റെ
അടുത്ത് പോകില്ല , ആരെയും പോകാന്‍ അനുവദിക്കില്ല എന്ന
മനോഭാവം ആണ് വെച്ച് പുലര്‍ത്തുന്നത്.
രോഗിക്കു പാപമോചനം ലഭിക്കുന്നു, സമൂഹം അവരുടെ കര്‍ത്തവ്യം
നിറവേറ്റുന്നു ,ദൈവം അവരില്‍ പ്രീതിപ്പെടുന്നു. ഈ നോമ്പില്‍ ദൈവ
വിശ്വാസത്തോടെ ദൈവ സന്നിധിയില്‍ ആയി ആവശ്യങ്ങളില്‍
ഇരിക്കുന്നവരെ സേവിക്കുവാനുള്ള സാമൂഹിക പ്രതിബദ്ധത
നമുക്കുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .
സ്‌നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചന്‍