ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് പ്രധാനമന്ത്രിയായതിന് തൊട്ടുപിന്നാലെ അയല്‍രാജ്യമായ അയര്‍ലണ്ടിലും ഒരു ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നു.

അയര്‍ലണ്ടിലെ ഭരണമുന്നണിയിലെ ധാരണകള്‍ അനുസരിച്ച് ഡിസംബര്‍ 15ന് ഇപ്പോഴത്തെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രസിഡന്റിന് രാജി സമര്‍പ്പിക്കും. തുടര്‍ന്ന് ഡെയിലില്‍ ( ഐറിഷ് പാര്‍ലമെന്റ് ) ചേരുന്ന സമ്മേളനത്തില്‍ അന്ന് തന്നെ ഇന്ത്യന്‍ വംശജനായ ലിയോ വരദ്കറെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും .അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഇത് രണ്ടാം തവണയാണ് ലിയോ വരദ്കര്‍ എത്തുക.

1960 കളില്‍ ബ്രിട്ടനിലേയ്ക്ക് കുടിയേറിയ മുംബൈക്കാരനായ ഇന്ത്യന്‍ ഡോക്ടര്‍ അശോക് വരദ്ക്കറുടെയും അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് കൗണ്ടിയിലെ ഡണ്‍ഗര്‍വാനില്‍ നിന്നുള്ള നഴ്സായ ബ്രിട്ടനില്‍ ജോലി ചെയ്ത മിറിയത്തിന്റെയും മകനായാണ് ലിയോ ജനിച്ചത്. ബ്രിട്ടനിലെ പരിചയവും പ്രണയവും ലിയോയുടെ രക്ഷിതാക്കളെ മിറിയത്തിന്റെ നാടായ അയര്‍ലണ്ടിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുകയിരുന്നു. അവരുടെ മൂന്നാമത്തെ കുട്ടിയായി 1979 ലാണ് ഡബ്ലിനിലെ റോട്ടുണ്ടാ ആശുപത്രിയില്‍ ലിയോ വരദ്ക്കര്‍ ജനിച്ചത്.

ട്രിനിറ്റി കോളജില്‍ നിന്ന് 2003 യില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ വരദ്ക്കര്‍ മുംബൈയില്‍ പ്രശസ്തമായ കെഇഎം ആശുപത്രിയിലാണ് പ്രവര്‍ത്തി പരിചയം നേടിയത് . മുന്‍നിര രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് ഏഴു വര്‍ഷം അദ്ദേഹം ഡോക്ടറായി ജോലി ചെയ്തിരുന്നു. മെഡിസിന്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ 1999 യില്‍ ബ്‌ളാഞ്ചഡ്‌സ് ടൗണില്‍ നിന്നും കൗണ്‍സിലറായി വിജയിച്ചു രാഷ്ട്രീയ ജീവിതം തുടങ്ങിയ വരദ്ക്കര്‍ 2003ല്‍ പാര്‍ലമെന്റില്‍ എത്തുകയും 2017ല്‍ അയര്‍ലണ്ടിന്റെ ചരിത്രം തിരുത്തിയെഴുതി കൊണ്ട് ഇന്ത്യന്‍ വംശജനായ ആദ്യ പ്രധാനമന്ത്രി ആവുകയായിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ വരദ്കറുടെ പാര്‍ട്ടിയായ ഫിനഗേലിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ,ധാരണയുണ്ടാക്കി ഭരണം തുടരുകയായിരുന്നു.

ആദ്യ രണ്ടര കൊല്ലം കഴിയുമ്പോള്‍ മിഹോള്‍ മാര്‍ട്ടിന്‍ സ്ഥാനം ഒഴിയണമെന്ന വ്യവസ്ഥയാണ് ഡിസംബര്‍ 15 ന് പാലിക്കപ്പെടുക.അതോടെ ഫിനഗേല്‍ നേതാവെന്ന നിലയില്‍ ലിയോ വരദ്കര്‍ വീണ്ടും പ്രധാനമന്ത്രിയാകും. 2015-ല്‍ അയര്‍ലണ്ടിലെ ദേശിയ വാര്‍ത്താ ചാനലിന് കൊടുത്ത അഭിമുഖത്തിലൂടെ താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ലിയോ വരദ്കര്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹിതര്‍ക്കുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള റഫറണ്ടത്തിനും കാരണമായി.

ലോകമെമ്പാടും സമത്വത്തിന്റെ പ്രതീകമായി ലിയോ വരദ്കറെ ചിത്രീകരിക്കാന്‍ ഈ സംഭവം ഇടയാക്കി.തൊട്ടു പിന്നാലെ ആ പകിട്ടിലാണ് ലിയോ ദേശീയ നേതാവായി ഉയര്‍ന്നത്. 2008 മുതല്‍ 2011 വരെ നീണ്ടു നിന്ന ഐറിഷ് സാമ്പത്തിക പ്രതിസന്ധിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ മുന്നിട്ടു നിന്നവരില്‍ ഒരാള്‍ ലിയോ വരദ്കറാണ്.എങ്കിലും സ്വവര്‍ഗാനുരാഗികള്‍ക്കും,ഗര്‍ഭ ചിദ്ര -പ്രൊ ചോയിസ് വാദികള്‍ക്കും അദ്ദേഹം നല്‍കുന്ന പിന്തുണ കാരണം പരമ്പരാഗത ക്രൈസ്തവ വിശ്വാസികള്‍ക്ക് ലിയോ വരദ്കറെ അത്ര പഥ്യമല്ല.

അയര്‍ലണ്ടിലെ ഇന്ത്യന്‍ ജനസംഖ്യയില്‍ അടുത്ത കാലത്തായി വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലിയോ കൈകാര്യം ചെയ്യുന്ന എന്റര്‍പ്രൈസ്,ഇന്നോവേഷന്‍,ട്രേഡ് വകുപ്പുകള്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് അയര്‍ലണ്ടില്‍ തൊഴില്‍ കണ്ടെത്താനുള്ള ഏറെ പദ്ധതികള്‍ രൂപപ്പെടുത്തിയതാണ് മുന്‍ കാലങ്ങളെക്കാള്‍ തൊഴില്‍ കുടിയേറ്റം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായത്. ആശയ വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനാണ് ലിയോ വരദ്കര്‍. അത് കൊണ്ട് തന്നെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് അവരും ലിയോ വരദ്കറെ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ്.