വാൽപ്പാറയിൽ വീട്ടുകാരെ രണ്ടു മണിക്കൂറോളം ആശങ്കയിലാക്കി പുലി. കുരങ്ങുമുടി എസ്റ്റേറ്റ് തേയില തോട്ടം തൊഴിലാളി അസം സ്വദേശി അനീസിന്റെ വീടിനു സമീപത്താണു പുലി എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10നായിരുന്നു സംഭവം. ഉറങ്ങാൻ കിടക്കുമ്പോൾ അടുക്കള ഭാഗത്തു നിന്നു ശബ്ദം കേട്ടു നോക്കിയപ്പോഴാണ് അനീസ് പുലിയെ കണ്ടത്.
ഭാര്യയെയും കുട്ടികളെയും കൂട്ടി മറ്റൊരു മുറിയിൽ കയറി കതകടച്ചു. തുടർന്ന് മൊബൈൽ ഫോണിലൂടെ സമീപത്തുള്ള മറ്റു തൊഴിലാളികളെ വിവരമറിയിച്ചു. അവർ വനം വകുപ്പ് അധികൃതരെ അറിയിച്ചു. അധികൃതർ എത്തി രണ്ടു മണിക്കൂറോളം പണിപ്പെട്ടാണു പുലിയെ കാട്ടിലേക്ക് ഓടിച്ചത്.
സംഭവ ദിവസം അനീസിന്റെ വീട്ടിൽ കോഴിയിറച്ചി വാങ്ങിയിരുന്നു. അതിന്റെ മണം തിരിച്ചറിഞ്ഞാണു പുലി എത്തിയതെന്നു വനം വകുപ്പ് അറിയിച്ചു. കോഴി മാലിന്യം പോലുള്ളവ വീടരുകിൽ തള്ളുന്നതാണു വന്യമൃഗങ്ങൾ വരാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
Leave a Reply