ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലാകെ വൻ വാർത്താ പ്രാധാന്യം നേടിയ കേസായിരുന്നു 7 കുട്ടികളെ കൊലപ്പെടുത്തിയ നേഴ്സായ ലൂസി ലെറ്റ് ബിയുടേത്. നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കുറ്റത്തിൽ ലൂസി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു . 33 വയസ്സുകാരിയായ ഇവർ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇൻസുലിൻ കുത്തിവെച്ചും, കുട്ടികൾക്ക് ബലമായി അമിതമായ രീതിയിൽ പാൽ നൽകിയും, എയർ കുത്തിവെച്ചുമെല്ലാം കുട്ടികളെ കൊലപ്പെടുത്തിയത്. ഏഴ് പേരെ കൊലപ്പെടുത്തിയത് കൂടാതെ മറ്റ് ആറ് കുട്ടികളെ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 2022 ഒക്ടോബറിൽ ആരംഭിച്ച വിചാരണയിൽ, തന്റെ കൊലപാതകങ്ങൾ മറച്ചുവയ്ക്കാനായി വളരെയധികം കണക്കുകൂട്ടലുകൾ നടത്തിയ ഒരു കുറ്റവാളിയായാണ് പ്രോസിക്യൂഷൻ ലെറ്റ്‌ബിയെ വിലയിരുത്തിയത്.
എന്നാൽ നീതിപീഠവും പോലീസും കുഞ്ഞുങ്ങളുടെ കൊലപാതകി എന്ന് മുദ്രകുത്തിയ ലൂസി ഒരു കുഞ്ഞിനെയും കൊലപ്പെടുത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര മെഡിക്കൽ വിദഗ്ധർ സുപ്രധാന തെളിവുകൾ നിരത്തി അവകാശപ്പെട്ടു. ഏഴു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനും മറ്റ് ഏഴ് പേരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇപ്പോൾ 35 വയസ്സുള്ള ലെറ്റ്ബി 15 വർഷം ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. 2015 ജൂണിനും 2016 ജൂണിനും ഇടയിൽ കൗണ്ടസ് ഓഫ് ചെസ്റ്ററിലെ നവജാത ശിശുക്കളുടെ യൂണിറ്റിൽ നടന്ന ചില മരണങ്ങൾക്ക് സ്വാഭാവിക കാരണങ്ങളുണ്ടെന്നും മറ്റുള്ളവ നിലവാരമില്ലാത്ത പരിചരണം മൂലമാണെന്നും ആണ് മെഡിക്കൽ സംഘം വാദിക്കുന്നത്.
ലെറ്റ്ബിയുടെ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ അഭിഭാഷകർ അപേക്ഷിച്ചതിനെത്തുടർന്ന് ക്രിമിനൽ കേസുകളുടെ അവലോകന കമ്മീഷന് (സിസിആർസി) മുമ്പാകെ സമർപ്പിച്ച ഹർജികളുടെ കാതലായി ഈ പഠനം മാറാൻ സാധ്യതയുണ്ട്. ലെറ്റ്ബിയുടെ നിയമസംഘത്തെ സഹായിച്ചുവരുന്ന വെറ്ററൻ എംപി സർ ഡേവിഡ് ഡേവിസ്, അവരുടെ ശിക്ഷാവിധികളെ ആധുനിക കാലത്തെ പ്രധാന അനീതികളിൽ ഒന്ന് എന്നാണ് വിശേഷിപ്പിച്ചത് . കൊലപാതകങ്ങളൊന്നും ഞങ്ങൾ കണ്ടെത്തിയില്ലന്നും എല്ലാ കേസുകളിലും, മരണമോ പരിക്കോ സ്വാഭാവിക കാരണങ്ങളാലോ മോശം വൈദ്യ പരിചരണം മൂലമോ ആയിരുന്നു എന്നുമാണ് ശിശുക്കളിലെ എയർ എംബോളിസത്തെക്കുറിച്ചുള്ള 1989 ലെ അക്കാദമിക് പ്രബന്ധത്തിന്റെ സഹ-രചയിതാവായ വിരമിച്ച മെഡിക് ഡോ. ഷൂ ലീ അഭിപ്രായപ്പെട്ടത്.
Leave a Reply