ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ വീണ്ടും ശുപാര്‍ശ ചെയ്യണമെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകുര്‍ എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്നാണ് കൊളീജിയം ഉടന്‍ യോഗം ചേരണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്.
നേരത്തെ ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമന ശുപാര്‍ശ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൊളീജിയത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കൊളീജിയം യോഗം ചേര്‍ന്നെങ്കിലും നിയമന കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഇക്കാര്യം പരിഗണിക്കാന്‍ വീണ്ടും കൊളീജിയം യോഗം വിളിക്കുമെന്നായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊളീജിയം യോഗം ഇത്രയും നാള്‍ കഴിഞ്ഞിട്ടും വിളിച്ചുചേര്‍ത്തില്ല.
ഈയൊരു സാഹചര്യത്തിലാണ് അടിയന്തിരമായി കൊളീജിയം യോഗം വിളിച്ചുചേര്‍ക്കണമെന്നും ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമന ശുപാര്‍ശ വീണ്ടും അയക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. കഴിഞ്ഞദിവസമാണ് ഇവര്‍ പ്രത്യേക യോഗം ചേര്‍ന്നത്.
നിലവില്‍ കൊളീജിയം വീണ്ടും കെ.എം. ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്താല്‍ അത് കേന്ദ്രത്തിന് അംഗീകരിക്കേണ്ടി വരും. എന്നാല്‍ അതിന് കൊളീജിയം ഐക്യകണ്‌ഠ്യേനെ അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്യണം. ഇക്കാര്യത്തില്‍ കൊളീജിയത്തില്‍ അഭിപ്രായഭിന്നതയില്ലെന്നാണ് പുറത്തുവരുന്ന വിവരം.
Leave a Reply