ലണ്ടന്‍ : ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ചെമ്പൈ സംഗീതോത്സവം ശ്രീ ഗുരുവായൂരപ്പന്റെ പൂര്‍ണ്ണ അനുഗ്രഹത്തോടെ നവംബര്‍ 24ന് അരങ്ങേറി. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശിസുകളോടൊപ്പം, പദ്മശ്രീ ഭരത് സുരേഷ്ഗോപി എം.പി, പദ്മശ്രീ ജയറാം, ഗായകന്‍ ശ്രീ വേണുഗോപാല്‍, നടന്‍ ശ്രീ ദേവന്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഈ വര്‍ഷത്തെ ചെമ്പൈ സംഗീതോത്സവത്തിനെ ആശംസകള്‍ അറിയിക്കുകയുണ്ടായി.
മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ലണ്ടനിലെ സംഗീതാസ്വാദകര്‍ക്ക് കര്‍ണാടക സംഗീതത്തിന്റെ മധുരമായ അനുഭവമാണ് സംഗീതോത്സവം സമ്മാനിച്ചത്. വിശിഷ്ട അഥിതി ആയിരുന്ന ശ്രീ രാജമാണിക്യം IAS, ശ്രീ സമ്പത്ത് ആചാര്യ, ശ്രീ രാജേഷ് രാമന്‍, ശ്രീ അശോക് കുമാര്‍, ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ ശ്രീ തെക്കുംമുറി ഹരിദാസ്, ശ്രീ സുധാകരന്‍ പാലാ എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം തെളിയിച്ചു.
കുട്ടികളുടെ ഗണേശ സ്തുതിയോടെയാണ് അഞ്ചാമത് ഏകാദശി സംഗീതോത്സവത്തിനു തുടക്കം കുറിച്ചത്. തുടര്‍ന്ന് യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറില്‍ പരം കലാകാരന്‍മാര്‍ ജാതിമത ഭേദമന്യേ ഗുരുവായൂരപ്പസന്നിധിയില്‍ നാദോപാസന ചെയ്തു. കര്‍ണാടിക്, ഹിന്ദുസ്ഥാനി, ഇന്‍സ്ട്രുമെന്റല്‍, മുതലായ വിവിധ സംഗീതശാഖകളിലൂടെ ആസ്വാദക ഹൃദയങ്ങളില്‍ സംഗീത മഴ പെയ്യിച്ച സംഗീതോത്സവം യുകെ സമയം വൈകുന്നേരം 5 മണിക്ക് തുടങ്ങി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5 മണി വരെ നീണ്ടു നിന്നു.
വാതാപി ഗണപതിം, നഗുമോ, ബണ്ടുരീതിക്കോലു, ഭാഗ്യദാ ലക്ഷ്മി ബാരമ്മ, എന്തരോ മഹാനുഭാവുലു എന്നീ കൃതികളും, നിരവധി ഹൃദ്യമായ മറ്റു കീര്‍ത്തനങ്ങളും രാഗലയവിസ്മയം തീര്‍ത്തു. ഈ വര്‍ഷത്തെയും സംഗീതോത്സവത്തിനു അനുഹ്രഹിത ഗായകന്‍ ശ്രീ രാജേഷ് രാമന്‍ നേതൃത്വം നല്‍കി. അവതാരകരായ ഗോപി നായര്‍ , സുപ്രഭ. പി. നായരുടെയും അവതരണം സംഗീതോത്സവത്തിനു കൂടുതല്‍ ഹൃദ്യത നല്കി.
അടുത്തവര്‍ഷത്തെ വിപുലമായ സംഗീതാര്‍ച്ചനയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ലണ്ടന്‍ ഹിന്ദുഐക്യവേദി ആരംഭിച്ചു. നമ്മുടെ മഹത്തായ കര്‍ണാടക സംഗീത പാരമ്പര്യം ലണ്ടനില്‍ വന്‍ വിജയമായി ആഘോഷിക്കപ്പെടുന്നതില്‍ എല്ലാ സംഗീത പ്രേമികളോടും, കലാകാരന്മാരോടും, ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകരോടും മലയാളം ചാനലുകളോടും ഉള്ള നന്ദി തെക്കുംമുറി ഹരിദാസ് രേഖപ്പെടുത്തുകയുണ്ടായി.
Leave a Reply