ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ ഏറ്റവും ഉയർന്ന ശമ്പളം നൽകുന്ന സൂപ്പർമാർക്കറ്റായി മാറാനൊരുങ്ങി ലിഡിൽ. അടുത്ത വർഷം മാർച്ച് മുതൽ ലിഡിൽ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. ലണ്ടന് പുറത്തുള്ള ജീവനക്കാർക്ക് മിനിമം വേതന നിരക്ക് മണിക്കൂറിന് 10.10 പൗണ്ടായി വർദ്ധിപ്പിക്കും. പരിചയസമ്പന്നരായ തൊഴിലാളികൾക്ക് 11.40 പൗണ്ട് വരെ ലഭിക്കുമെന്നും സൂപ്പർമാർക്കറ്റ് ശൃംഖല വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയ്ക്കിടയിലും കഴിഞ്ഞ പതിനെട്ടു മാസമായി കഠിനാധ്വാനം നടത്തിയ ജീവനക്കാർക്കുള്ള ആദരവാണ് ഈ ശമ്പള വർധനയെന്ന് ലിഡിൽ അറിയിച്ചു. ലണ്ടൻ നഗരത്തിന് വെളിയിൽ എൻട്രി-ലെവൽ വേതനം മണിക്കൂറിന് 9.50 പൗണ്ട് മുതൽ 10.10 പൗണ്ട് വരെയും ലണ്ടനിൽ 10.85 പൗണ്ട് മുതൽ 11.30 പൗണ്ട് വരെയും വർദ്ധിക്കും. 2022 മാർച്ച് മുതലാണ് ഈ ശമ്പള വർദ്ധനവ്. ഈ വർഷമാദ്യം, മണിക്കൂറിന് 10 പൗണ്ട് വേതനം നൽകുന്ന ആദ്യത്തെ യുകെ സൂപ്പർമാർക്കറ്റായി മോറിസൺസ് മാറിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ചില ജീവനക്കാരുടെ ശമ്പളത്തിൽ 6 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടാകുമെന്ന് ലിഡിൽ കൂട്ടിച്ചേർത്തു. 80% ജീവനക്കാർക്കും ശമ്പള വർധനവിന്റെ പ്രയോജനം ലഭിക്കും. ജോലി ഒഴിവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ലിഡിൽ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. ഒക്ടോബറിൽ ജോലി ഒഴിവുകൾ 11.7 ലക്ഷമായി ഉയർന്നു. ജോലി ഒഴിവുകൾ നികത്തുന്നതിനും ജീവനക്കാരെ നിലനിർത്തുന്നതിനുമായി ഉടമകൾ ശമ്പളവും ജോലി വ്യവസ്ഥകളും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.

ലിഡിലിന് ബ്രിട്ടനിൽ 850-ലധികം സ്റ്റോറുകളുണ്ട്. 2023 അവസാനത്തോടെ ഇത് ആയിരമായി ഉയർത്താനുള്ള ശ്രമത്തിലാണ്. ലിഡിലിന്റെ ഈ തീരുമാനം എതിരാളികളെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ടെസ്‌കോയും ആൽഡിയും നിലവിൽ മണിക്കൂറിന് 9.55 പൗണ്ട് നൽകുമ്പോൾ സെയിൻസ്‌ബറി, വെയ്‌ട്രോസ്, കോ-ഓപ്പ് എന്നിവർ 9.50 പൗണ്ടും അസ്‌ഡ 9.18 പൗണ്ടും നൽകുന്നു. ശമ്പള വർധനവിനാകെ 18 മില്യൺ പൗണ്ട് ചിലവാകുമെന്നാണ് ലിഡിലിന്റെ വിലയിരുത്തൽ. ഇപ്പോൾ പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ലിഡിലിന്റെ എച്ച്ആർ ബോസ് നാൻ ഗിബ്സൺ വ്യക്തമാക്കി.