ന്യൂസ് ഡെസ്ക് മലയാളം യുകെ

2025 മുതൽ അതായത് ഏതാണ്ട് 3 വർഷത്തിനുശേഷം നമ്മുടെ വീടുകളിലേ ഗ്യാസ് ബോയിലറുകൾ തകരാറിലായാൽ പകരം ഗ്യാസ് ബോയിലർ വാങ്ങി ഉപയോഗിക്കാൻ സാധിക്കില്ലെന്ന് ഇതിനോടകം യുകെയിൽ താമസിക്കുന്ന മലയാളികൾ മനസ്സിലാക്കിയിരിക്കുന്ന വസ്തുതയാണ്. ലോകത്തിലെ കാർബൺ എമ്മിഷൻ്റെ അളവ് കുറയ്ക്കുകയും, അതുവഴി ആഗോള താപനില കുറയ്ക്കുന്നതിനുമായിട്ടാണ് ബ്രിട്ടീഷ് സർക്കാർ പ്രസ്തുത തീരുമാനം എടുത്തിരിക്കുന്നത്.

അമേരിക്കയിലെയും ബ്രിട്ടനിലെയും മൊത്തം കാർബൺ എമ്മിഷന്റെ 20 ശതമാനത്തിന് കാരണമായിരിക്കുന്നത് ഗ്യാസ് ബോയിലറുകളാണ്. എന്നാൽ ഗ്യാസ് ബോയിലറുകൾ ഒഴിവാക്കുമ്പോൾ തണുപ്പകറ്റാനുള്ള പുതിയ സംവിധാനമെന്തെന്ന് ഇതിനോടകം വ്യക്തമായ ധാരണയിൽ എത്തിയിട്ടില്ല. ഇലക്ട്രിക് ഹീറ്ററുകൾ ഉപയോഗിക്കുക എന്നതാണ് ഒരു ഉപാധി. ഇലക്ട്രിക് ഹീറ്ററുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ വീടിനുള്ളിൽ ചിലവേറിയ ചൂടുവാതകം പമ്പ് ചെയ്യുന്ന ഹീറ്റ് പമ്പുകളുടെ നെറ്റ്‌വർക്ക് സ്ഥാപിക്കുക എന്നതാണ്. കാർബൺഡയോക്സൈഡിനു പകരം ഹൈഡ്രജൻ പുറന്തള്ളുന്ന ഗ്യാസ് ബോയിലറുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകുന്നതും ഗവൺമെൻറിൻറെ പരിഗണനയിൽ ഉണ്ട്. പരിസ്ഥിതി സൗഹൃദത്തിൻറെ കാര്യത്തിൽ കാർബൺഡയോക്സൈഡിനേക്കാൾ വളരെ മികച്ചതാണ് ഹൈഡ്രജൻ.