ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഫലസൂചനകൾ. 91% വോട്ടുകളെണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ വലതുപക്ഷ കക്ഷി ലികുഡ് പാർട്ടി 55 സീറ്റുകളാണ് നേടിയിരിക്കുന്നത്. ആകെ 120 സീറ്റിൽ കേവലഭൂരിപക്ഷം 61 സീറ്റാണ്.
എതിർകക്ഷിയായ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്കും സഖ്യകക്ഷികൾക്കുമായി ആകെ ലഭിച്ചിരിക്കുന്നത് 56 സീറ്റുകളാണ്. ഇതോടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
പേപ്പർ ബാലറ്റുകളാണ് ഇസ്രായേൽ ഉപയോഗിക്കുന്നത്. ഇക്കാരണത്താൽ തന്നെ ഫലങ്ങൾ വൈകിയാണ് വരുന്നത്. 40 ലക്ഷം വോട്ടർമാർക്കു വേണ്ടി 11,000 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരുന്നത്.
ഏപ്രിൽ മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിലും ലികുഡ് പാർട്ടിക്ക് മതിയായ സീറ്റുകൾ നേടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സഖ്യ സർക്കാരുണ്ടാക്കാൻ നെതന്യാഹു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതെത്തുടർന്ന് പാർലമെന്റ് പിരിച്ചു വിടുകയായിരുന്നു.
ഏപ്രിലിലെ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടിക്ക് 35 സീറ്റുകളാണ് ലഭിച്ചിരുന്നത്. ഇതുവരെ വന്ന ഫലങ്ങൾ പ്രകാരം നെതന്യാഹുവിന്റെ കക്ഷിക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത് 32 സീറ്റുകളാണ്. സഖ്യത്തിലുള്ള മറ്റ് കക്ഷികളെല്ലാം ചേർന്ന് 55 സീറ്റ് നെതന്യാഹു പക്ഷത്തിനുണ്ട്.
അതെസമയം യിസ്രായേൽ ബെയ്തെയ്നു പാർട്ടിയുടെ നേതാവായ അവിഗ്ദോർ ലീബർമാന്‍ തന്റെ കക്ഷിക്ക് 9 സീറ്റുകൾ സംഘടിപ്പിച്ചു കൊടുക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിലപാടാണ് അടുത്ത സർക്കാർ ആരുടേതാണെന്ന് തീരുമാനിക്കുക എന്നുറപ്പായിട്ടുണ്ട്. ഇദ്ദേഹം ഒരുകാലത്ത് നെതന്യാഹുവിന്റെ വലംകൈയായിരുന്നു.
Leave a Reply