ലണ്ടന്‍: യുകെയിലെ ജനങ്ങളുടെ ആയൂര്‍ദൈര്‍ഘ്യം എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. പെന്‍ഷന്‍ പ്രായത്തിലുളളവരുടെ ആയൂര്‍ദൈര്‍ഘ്യം നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അറുപത്തഞ്ച് വയസുളള ഒരാള്‍ക്ക് ഇനിയും പത്തൊമ്പത് കൊല്ലം കൂടി പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2013ലേതിനേക്കാള്‍ 0.3 വര്‍ഷം കൂടുതലാണിത്. എഴുപത്തഞ്ച് വയസുളളവര്‍ക്ക് ഇനി പന്ത്രണ്ട് വര്‍ഷം കൂടി ഇങ്ങനെ തുടരാനാകും. എണ്‍പ്പത്തഞ്ച് വയസുളളവര്‍ക്ക് ഇനി ആറ് വര്‍ഷം കൂടി അവശേഷിക്കുന്നുണ്ട്. 95കാരാകട്ടെ ഇനി മൂന്ന് വര്‍ഷം കൂടി ഇങ്ങനെ പോകും.
അറുപത്തഞ്ച് വയസുളള സ്ത്രീകള്‍ക്ക് ഇനി 21 വര്‍ഷം കൂടി ജീവിക്കാനാകും. 2013ലേതിനേക്കാള്‍ ഇതും 0.3വര്‍ഷം കൂടിയിട്ടുണ്ട്. 75കാര്‍ക്ക് ഇനിയും പതിമൂന്ന് വര്‍ഷം കൂടിയുണ്ട്. എണ്‍പത്തഞ്ചുകാര്‍ക്ക് ഏഴ് വര്‍ഷവും 95 കാര്‍ക്ക് മൂന്ന് വര്‍ഷവും കൂടി ലഭിക്കും. 2011-12 വര്‍ഷത്തില്‍ വൃദ്ധരുടെ ആയൂര്‍ദൈര്‍ഘ്യത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 2013ല്‍ ഇത് വീണ്ടെടുത്തു. എണ്‍പത്തഞ്ചുകാരുടെ ആയൂര്‍ദൈര്‍ഘ്യം മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ലണ്ടനിലും ദക്ഷിണപശ്ചിമ മേഖലയിലും ദക്ഷിണ പൂര്‍വ്വ മേഖലയിലും കിഴക്കന്‍ ഇംഗ്ലണ്ടിലും വടക്ക് കിഴക്കന്‍, വടക്ക് പടിഞ്ഞാറന്‍ മേഖലകളെ അപേക്ഷിച്ച് ആയൂര്‍ദൈര്‍ഘ്യം ഒരു വര്‍ഷം കൂടുതലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടിലെ ഒരു ഭാഗത്ത് ഒഴിച്ച് എല്ലായിടത്തും അറുപത്തഞ്ച് വയസുളള പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം 2013നും 14നും ഇടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വടക്ക് കിഴക്ക് മേഖലയില്‍ മാത്രമാണ് ഇതിന് മാറ്റമുളളത്. 2013ല്‍ ഇവിടെ രേഖപ്പെടുത്തിയ ആയുര്‍ദൈര്‍ഘ്യം എക്കാലത്തെയും ഉയര്‍ന്ന നിലയിലായിരുന്നു. ഈ പ്രാദേശിക വ്യത്യാസങ്ങള്‍ക്കുളള കാരണം മനസിലായിട്ടില്ലെന്ന് പബ്ലിക് ഹെല്‍ത്തിലെ ചീഫ് നോളജ് ഓഫീസര്‍ ജോണ്‍ ന്യൂട്ടന്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ കാലം ജീവിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ ആരോഗ്യനില വളരെ മോശമാണ്. മധ്യവയസിലും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വൈകിയിട്ടില്ലെന്ന സൂചനയാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്.