താലിബാന്റെ ശാസനകളും നിയമങ്ങളും തെറ്റിച്ചതിന് നാൽപതോളം സ്ത്രീകളെ തട്ടിക്കൊണ്ടുപോവുക. അവരിൽ പലരെയും അതിക്രൂരമായി പീഡിപ്പിക്കുക. പീഡനത്തെ അതിജീവിച്ച് തിരികെ എത്തിയവരെ സ്വന്തം കുടുംബത്തിൽ ഉള്ളവർ തന്നെ കൊന്നു തള്ളുക. ‘പുരുഷ ബന്ധുക്കൾ’ കൊണ്ടുപോകാൻ വരാത്തതിന്റെ പേരിൽ ഇന്നും തടവിൽ കഴിയുന്ന സ്ത്രീകളും ഏറെ. മിയ ബ്ലും എന്ന എഴുത്തുകാരിയുടെ ലേഖനത്തിലൂടെ പുറത്തുവന്ന പഴയ താലിബാന്റെ പുതിയ ‘മുഖ’ത്തിന്റെ, കഥയാണിത്. ലോകം മറന്നു കൊണ്ടിരിക്കുന്ന താലിബാൻ കഥകളുടെ പുതിയ രൂപം.
യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തിനു പിന്നാലെ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത് താലിബാൻ അധികാരത്തിലേറി ആറു മാസത്തോളമാകുന്നു. ഓഗസ്റ്റ് മധ്യത്തോടെ അഫ്ഗാൻ പിടിച്ചടക്കി താലിബാൻ അധികാരത്തിലേറിയപ്പോൾ ലോക ശ്രദ്ധ മുഴുവനും ആ ചെറു രാജ്യത്തിലേക്കായിരുന്നു. എന്നാൽ, പതിയെ അതുമാറി. കാര്യങ്ങളെല്ലാം സാധാരണപോലെ പോയി. അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു എന്നു പലരും കരുതി. എന്നാൽ അതു വെറും മിഥ്യാധാരണയാണെന്നു തിരിച്ചറിയാൻ ഇന്നും പലർക്കും സാധിച്ചിട്ടില്ല.
ഭീകര സംഘങ്ങൾ ചരിത്രത്തിൽ ഇതുവരെയില്ലാത്ത രീതിയിൽ അഫ്ഗാനിൽ കൊടികുത്തി വാഴുന്നെന്ന ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് ഫെബ്രുവരി ആദ്യമാണ് പുറത്തുവന്നത്. ജനത്തെ സംബന്ധിച്ചിടത്തോളം ഇന്നും അഫ്ഗാനിസ്ഥാൻ ഒരു സുരക്ഷിത കേന്ദ്രമായി മാറിയിട്ടില്ല എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതിനേക്കാളുപരി അഫ്ഗാനിൽ താലിബാൻ ഭരണകൂടം അധികാരത്തിലേറിയപ്പോൾ മുൾമുനയിൽ നിന്നത് അവിടുത്തെ പെൺസമൂഹമാണ്. സ്വാതന്ത്ര്യം എന്ന വാക്കുപോലും ഒരു കാലത്ത് ആലങ്കാരിക പ്രയോഗമായിരുന്നു അഫ്ഗാനിലെ സ്ത്രീ സമൂഹത്തിന്. അതിൽനിന്നൊരു മാറ്റം അവർ ഇടക്കാലത്ത് ആഘോഷിച്ചു. എന്നാല്‍ സ്വാതന്ത്ര്യമില്ലായ്മയിലേക്കുള്ള തിരിച്ചു പോക്കായിരുന്നു അവരെ കാത്തിരുന്നത്. അതാകട്ടെ മരണ തുല്യവും.
അതിക്രൂരമായ പീഡനങ്ങളും വ്യക്തിഹത്യയും അപമാനവുമാണ് സ്ത്രീകളും മറ്റു ന്യൂനപക്ഷങ്ങളും അഫ്ഗാനിൽ നേരിടേണ്ടി വരുന്നത് എന്നാണ് വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന. സ്ത്രീകള്‍ക്കുൾപ്പെടെ ‘പുതിയ’ അഫ്ഗാനില്‍ സർവസ്വാതന്ത്ര്യവുമുണ്ടാകുമെന്നാണ് അധികാരമേൽക്കുമ്പോൾ താലിബാൻ പറഞ്ഞത്. രാജ്യാന്തര സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനായിരുന്നു അതെന്ന് പിന്നീടുള്ള നാളുകൾ തെളിയിച്ചു. 1990കളെ ഓർമിപ്പിക്കും വിധമാണ് സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങളും അവസരങ്ങളും നിലവിൽ അപഹരിക്കപ്പെട്ടിരിക്കുന്നത്.
ജോലിയും വിദ്യാഭ്യാസവും അവർക്കു നിഷേധിക്കപ്പെട്ടു. എന്നാൽ, കടുത്ത എതിർപ്പുകൾ വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്നപ്പോൾ സ്കൂളുകളും തൊഴിലിടങ്ങളും അവർക്കു മുന്നിൽ തുറക്കാൻ തുടങ്ങിയിരുന്നു. അതെല്ലാം പക്ഷേ നിബന്ധനകളോടെ മാത്രവും. ആണിനും പെണ്ണിനുമിടയിൽ കർട്ടനിട്ടു മറച്ച സർലവകലാശാലകളിലൂടെ, വിദ്യാഭ്യാസത്തിന് സ്ത്രീകൾക്ക് അനുവാദം നൽകിയെന്ന് താലിബാൻ ഘോരമായി ഉദ്ഘോഷിച്ചു. അഫ്ഗാനിൽ പെൺകുട്ടികൾക്ക് സർവകലാശാലാ പഠനത്തിന് അനുമതി നൽകിയെന്ന വാർത്ത പുറത്തു വന്നതിനു തൊട്ടുപിന്നാലെയായിരുന്നു ആ പൈശാചിക പീഡനത്തിന്റെ വാർത്തയും എത്തിയത്.
ഫെബ്രുവരി ആദ്യമാണ് അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ സർക്കാർ സർവകലാശാലകൾ തുറക്കുന്നു എന്ന് താലിബാൻ പ്രഖ്യാപിച്ചത്. എല്ലാവരും (ആൺകുട്ടികളും പെൺകുട്ടികളും) സർവകലാശാലകളിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താലിബാൻ നേതൃത്വത്തിലുള്ള സാംസ്കാരിക വിവര മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. നാംഗർഹാർ, കാണ്ഡഹാർ, ഹെൽമന്ദ്, ഫറാ, നിംറോസ്, ലാഗ്‌മാൻ തുടങ്ങിയ പ്രവിശ്യകളാണ് സ്ത്രീകൾക്കായി സർവകലാശാലകള്‍ തുറന്നുകൊടുത്തത്. വൈകാതെതന്നെ കാബൂൾ സർവകലാശാല ഉൾപ്പെടെ അഫ്ഗാനിസ്ഥാനിലെ മറ്റു സർവകലാശാലകളും സ്ത്രീകൾക്കു തുറന്നു നൽകുമെന്ന് അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രി അബ്ദുൾ ബാക്വി ഹഖാനി അറിയിച്ചു. പറഞ്ഞതുപോലെത്തന്നെ അദ്ദേഹം ചെയ്തു.
ഫെബ്രുവരി അവസാനത്തോടെ സർവകലാശാലകളെല്ലാം തുറന്നു. അവിടങ്ങളിലേക്ക് പെൺകുട്ടികളെ പ്രവേശിപ്പിച്ചു. പക്ഷേ ചില നിബന്ധനകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠനത്തിനു പ്രത്യേകം സമയമെന്നത്. സർവകലാശാലകൾ തുറക്കുന്നത് ആദ്യ പടിയാണെന്നും അഫ്ഗാൻ പുതുവർഷത്തിന്റെ ആരംഭം കുറിക്കുന്ന മാർച്ച് അവസാന വാരത്തിൽ പെൺകുട്ടികളെ സെക്കൻഡറി സ്കൂളുകളിലേക്ക് ഉൾപ്പെടെ തിരിച്ചെത്തിക്കുമെന്നും താലിബാൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകം സമയത്താണെങ്കിൽ പോലും പഠനത്തിനുള്ള അവസരം ലഭിച്ചതിൽ പല പെൺകുട്ടികളും സന്തോഷം പ്രകടിപ്പിച്ചു. ലോകം സമാധിച്ചു– താലിബാനു മാറ്റം കാണാനുണ്ട്. പക്ഷേ ഈ സർവകലാശാല തുറക്കൽ, ക്രൂരമായ എന്തൊക്കെയോ മറയ്ക്കാനുള്ള ശ്രമമായിരുന്നോ?
ജനുവരി അവസാനത്തോടെ അഫ്ഗാനിലെ മസാറെ ഷരീഫ് പട്ടണത്തിൽനിന്ന് നാൽപതോളം പേരെ താലിബാൻ പിടിച്ചുകൊണ്ടുപോയി. അതിൽ എട്ടു പേരെ താലിബാൻ സംഘം അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി. പീഡനത്തിൽനിന്ന് അതിജീവിച്ചുവന്നവരെ അവരുടെ കുടുംബങ്ങൾ തന്നെ കൊന്നു തള്ളി. പഷ്തൂൺവാലി എന്ന സാമൂഹിക ജീവിതരീതിയിൽനിന്ന് വ്യതിചലിച്ചു ജീവിച്ചു എന്ന് ആരോപിച്ചായിരുന്നു ഇവരെ കൊലപ്പെടുത്തിയത്. പഷ്തൂൺ എന്ന പുരാതന ഗോത്ര സമൂഹത്തിന്റെ ജീവിതരീതികളെ നയിക്കുന്ന നിയമങ്ങളാണ് പഷ്തൂൻവാലി. അഫ്ഗാനിലും പാക്കിസ്ഥാനിലും പഷ്തൂൺ വിഭാഗം ഈ നിയമപ്രകാരമാണു ജീവിക്കുന്നത്. ഇതു പ്രകാരം വിവാഹം കഴിച്ച ആളുമായി മാത്രമേ ലൈംഗികബന്ധത്തിൽ ഏർപ്പെടാവൂ എന്നുണ്ട്. ആ നിയമം തെറ്റിച്ചെന്നാരോപിച്ചാണ് പീഡനത്തിനിരയായ വനിതകളെ കൊലപ്പെടുത്തിയത്.
കൂട്ടിക്കൊണ്ടു പോകാൻ ‘പുരുഷ ബന്ധുക്കൾ’ വരാത്തതിനാൽ സ്ത്രീകളിൽ ചിലർ തടങ്കലിൽതന്നെ കഴിയുകയാണെന്ന താലിബാൻ വക്താവിന്റെ ട്വീറ്റും പുറത്തുവന്നിരുന്നു. സ്ത്രീകളെ വെറും കാഴ്ചവസ്തുക്കളായി കാണുന്ന ഒരു ഭരണകൂടത്തിന്റെ അടിമയായി ജീവിക്കുക മാത്രമല്ല, അവരേൽപിച്ച മുറിവ് ഉണങ്ങുന്നതിനു മുൻപേ അവർ പോലും അറിയാത്ത കാര്യത്തിന് ജീവനോടെ കത്തിക്കുകയും ചെയ്യുന്നു; അതും സ്വന്തം കുടുംബം. ഭരണകൂടവും പ്രാകൃത നിയമങ്ങളും കൽപിച്ചു തരുന്ന വിധി അനുഭവിക്കുക മാത്രമാണ് അവർക്ക് ചെയ്യാനാവുക. അവിടെ ചോദ്യങ്ങൾ ഉയർത്താനോ പ്രതികരിക്കാനോ കഴിയില്ല. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രഫസറും എഴുത്തുകാരിയുമായ മിയ ബ്ലൂം എഴുതിയ ലേഖനത്തിലൂടെയാണ് ഈ ക്രൂരത പുറംലോകമറിഞ്ഞത്.
‘എന്റെ അക്കാദമിക് ശൃംഖലയിലെ വനിതാവകാശ പ്രവർത്തകർ പറയുന്നത് അനുസരിച്ച്, ഈ വാർത്ത ചില അഫ്ഗാൻ സാമുദായിക സംഘങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ നിലവിലുള്ളതുകൊണ്ട് ഇവരുടെ പേരുകൾ വെളിപ്പെടുത്താനാകില്ല.’– മിയ ബ്ലൂം പറയുന്നു. അഫ്ഗാനിൽ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ ഒരുപറ്റം പെൺകുട്ടികൾ ജനുവരി 16ന് കാബൂൾ സർവകലാശാലയ്ക്കു സമീപം പ്രതിഷേധവുമായിറങ്ങിയിരുന്നു. സ്ത്രീകളെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നും അവർക്ക് വിദ്യാഭ്യാസം തുടരാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം. ഇതുസംബന്ധിച്ച ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടു. ‘പടിഞ്ഞാറിന്റെ പാവകൾ’ എന്ന് ആക്രോശിച്ചുകൊണ്ട് താലിബാൻ സംഘം അവർക്കു നേരെ തോക്കു ചൂണ്ടുന്ന ചിത്രവും പുറത്തുവന്നിരുന്നു.
ആ പ്രതിഷേധം നടന്ന് മൂന്നു ദിവസത്തിനു ശേഷം മാധ്യമപ്രവർത്തകയും യുട്യൂബറുമായ ഇരുപത്തിയഞ്ചുകാരി തമാന സാർയാബ് പർയാനി ഒരു വിഡിയോ പോസ്റ്റു ചെയ്തു. ‘ഞാനും രണ്ടു സഹോദരിമാരും താമസിക്കുന്ന അപാർട്മെന്റിന്റെ വാതിൽക്കൽ താലിബാൻ എത്തിയിരിക്കുന്നു. ഞങ്ങളെ രക്ഷിക്കൂ’–എന്നായിരുന്നു ഭീതിയും നിസ്സഹായതയും നിറഞ്ഞ അവളുടെ വാക്കുകൾ. ആമജ് ന്യൂസ് (Aamaj News) എന്ന ട്വിറ്റർ പേജിൽ അവരുടെ വിഡിയോയും പോസ്റ്റു ചെയ്തിരുന്നു. എന്നാൽ പിന്നീട് പർയാനിയേയും സഹോദരിമാരെയും ആരും കണ്ടിട്ടില്ല. പർയാനിയ്ക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റൊരു പെൺകുട്ടി, പർവാന ഇബ്രാഹിംഖിലിനെയും പിന്നീട് കാണാതായി. പർവാനയും അവരുടെ ഭർതൃസഹോദരനും കാബൂളിലേക്കുള്ള യാത്രയ്ക്കിടയിലാണ് കാണാതായത്. ഇത്തരത്തിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ആറോളം വനിതാ ആക്ടിവിസ്റ്റുകളെയാണ് കാണാതായിരിക്കുന്നത്.
ഇവർ എവിടെയെന്ന മാധ്യമങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും ചോദ്യത്തിന് ഭരണകൂടം ‘അറിയില്ല’ എന്ന ഉത്തരമാണ് നൽകിയത്. ഇവരെ അറസ്റ്റു ചെയ്തെന്നും തടങ്കലിൽ ആക്കിയെന്നുമുള്ള വാർത്തകൾ വ്യാജമാണെന്നും പറഞ്ഞു. വൈകാതെ ഐക്യരാഷ്ട്ര സംഘടനയും (യുഎൻ) വിഷയത്തില്‍ ഇടപെട്ടു. കാണാതായവരെക്കുറിച്ചുള്ള വിവരം എത്രയും പെട്ടെന്ന് പുറത്തുവിടണമെന്ന യുഎന്നിന്റെ ഉൾപ്പെടെ നിർദേശത്തിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്. വനിതാ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടു പോകുന്നതും തടവിൽ പാർപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് യുഎൻ മുൻപും താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1996ലാണ് താലിബാൻ ആദ്യമായി അഫ്ഗാനിൽ അധികാരത്തിലേറുന്നത്. നവ സർക്കാരും സമാധാനവും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ താലിബാൻ പക്ഷേ ആദ്യം ചെയ്തത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തുകയാണ്. പൊതുനിരത്തുകളിൽ ഇറങ്ങാനും ജോലി ചെയ്യാനുമുള്ള അവരുടെ അവകാശം നിഷേധിച്ചു. അടിയന്തര ഘട്ടത്തിൽ പുറത്തു പോകണമെങ്കിൽ രക്തബന്ധത്തിലുള്ള പുരുഷന്മാർ കൂടെയുണ്ടാകണം എന്ന നിയമം വരെ കൊണ്ടുവന്നു. പൊതു ഇടത്തിൽ സ്ത്രീകളുടെ ശബ്ദം കേൾക്കാൻ പാടില്ല, ബുർഖ നിർബന്ധമാക്കണം. എന്തിന് സ്ത്രീകൾ വീട്ടിലുണ്ടെങ്കിൽ ജനലുകൾ പോലും മറയ്ക്കണമെന്നായി വ്യവസ്ഥ. നിയമലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷയും. ആൾക്കൂട്ടത്തിനു മുൻപാകെ നിർത്തി, കെട്ടിയിട്ട് ചാട്ടവാറുകൊണ്ട് അടിക്കുക, മരണം വരെ കല്ലെറിയുക തുടങ്ങിയ പ്രാകൃതമായ ശിക്ഷാരീതികൾ ഒരു ദാക്ഷണ്യവുമില്ലാതെ നടപ്പാക്കി.
എന്നാൽ രണ്ടാം വരവിൽ താലിബാൻ കൂടുതൽ നയതന്ത്രപരമായ നീക്കങ്ങളിൽ ഏർപ്പെട്ടു. അഥവാ അത്തരമൊരു നീക്കമാണു നടത്തുന്നതെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ഒരു രാജ്യത്തിന്റെ ഭരണത്തലവന്മാർ എന്ന നിലയിൽ അംഗീകരിക്കപ്പെടാനുമായി താലിബാന് രാജ്യാന്തര തരത്തിൽ പരിഗണന ആവശ്യമായിരുന്നു. എന്നാൽ സാമൂഹികവും മതപരവുമായ കാര്യങ്ങളിൽ സംഘടനയുടെ പഴയ തീവ്രനിലപാടുകളിൽ അയവു വരുത്തിയതുമില്ല. ശരിഅത്ത് ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുവെന്നാണ് ‘പുതിയ’ താലിബാൻ നേതാക്കൾ പറഞ്ഞത്. വിശാലമായ സ്ത്രീ സ്വാതന്ത്ര്യമൊന്നും താലിബാൻ അധികാരത്തിൽ ഏറിയപ്പോൾ ആരും പ്രതീക്ഷിച്ചില്ലെങ്കിലും 1990കൾ ആവർത്തിക്കില്ലെന്നെങ്കിലും കരുതി. എന്നാൽ താലിബാന് എന്നും സ്ത്രീകളുടെ കാര്യത്തിൽ ഒരൊറ്റ നിലപാടേ ഉള്ളൂ എന്നാണ് പുതിയ ഭരണകൂടവും തെളിയിക്കുന്നത്.
സ്ത്രീകൾ മാത്രമല്ല താലിബാന്റെ അക്രമണത്തിനും ഭീഷണിക്കും ഇരയായ മറ്റൊരു സമൂഹം കൂടിയുണ്ട് അഫ്ഗാനിൽ– ലെസിബിയൻ, ഗേ, ബൈസെക്‌ഷ്വൽ, ട്രാൻസ്ജെൻഡർ (എൽജിബിടി) വിഭാഗം. ഇവരുടെ ലൈംഗിക ആഭിമുഖ്യത്തിലെ വ്യത്യസ്തത താലിബാന്റെ നിരന്തര ലൈംഗികാതിക്രമങ്ങൾക്കും ഭീഷണികൾക്കും കാരണമാകുന്നു. ഹ്യൂമൻ റൈറ്റ്സ് വാച്ച് ആൻഡ് ഔട്ട് റൈറ്റ് ആക്‌ഷൻ ഇന്റർനാഷനൽ പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ ഇവർക്കെതിരെയുള്ള അതിക്രമങ്ങളും, ഇവർ നേരിട്ട പീഡനങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും വ്യക്തമാക്കുന്നുണ്ട്.
2021 ഒക്ടോബർ മുതൽ ഡിസംബർ വരെ അഫ്ഗാനിലുള്ള എൽജിബിടി വിഭാഗത്തിൽപ്പെട്ട അറുപതു പേരുമായി ഹ്യുമൻ റൈറ്റ്സ് വാച്ച് പ്രതിനിധികൾ സംസാരിച്ചു. ചിലരെ ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും താലിബാൻ നിരന്തരം ഭീഷണിപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുകയാണ്. മറ്റു ചിലരാകട്ടെ, അവരുടെ പൂർവ പങ്കാളികൾ സ്വയരക്ഷയ്ക്കായി നൽകിയ വിവരങ്ങളിലൂടെ താലിബാന്റെ ഇരയാക്കപ്പെടുന്നു. സ്വന്തം ജീവനു വേണ്ടിയുള്ള ഒരുതരം ഒറ്റുകൊടുക്കൽ!
റിസ എന്ന ട്രാൻസ് വുമൺ തനിക്കു നേരിട്ട ദുരനുഭവം പറയുന്നത് ഇങ്ങനെയാണ്: കലിപൂണ്ട ഒരുപറ്റം അയൽക്കാർ വീടിന്റെ കതക് തല്ലി തകർത്തു കയറി വന്ന് ‘നിന്നെ ഇവിടെനിന്നും ഓടിക്കാൻ താലിബാൻ പൊലീസിനെ വിളിക്കാൻ പോകുകയാണെ’ന്നു പറഞ്ഞു. പിന്നീട് താലിബാൻ പൊലീസ് റിസയെ പിടികൂടി. അവർ അവളെ തല്ലി അവശയാക്കി. അവളുടെ തല മുണ്ഡനം ചെയ്ത് ആഴ്ചകളോളം ജയിലിലാക്കി. പിന്നീട് പുരുഷവേഷം ധരിപ്പിച്ച് തെരുവിലേക്ക് വലിച്ചെറിഞ്ഞു. ട്രാൻസ് മാൻ ആയ റമീസിനോട് താലിബാൻ സംഘം ചെയ്തത് ഇതിലും ക്രൂരമാണ്. ഒരു സെക്യൂരിറ്റി ചെക്ക് പോയിന്റിൽനിന്ന് റമീസിനെ തട്ടിക്കൊണ്ടു പോയ താലിബാൻ സംഘം അയാളെ മണിക്കൂറുകളോളം ക്രൂരമായി പീഡിപ്പിച്ചു. മാത്രമല്ല ‘ഇന്നു മുതൽ എപ്പോൾ വേണമെങ്കിലും നിന്നെ ഞങ്ങൾക്കു കണ്ടുപിടിക്കാം, ഞങ്ങൾക്ക് വേണ്ടതൊക്കെ ചെയ്യും’ എന്ന ഭീഷണിയും മുഴക്കി.
അഷ്റഫ് ഗനിയുടെ ഭരണകാലത്തു തന്നെ അഫ്ഗാൻ എൽജിബിടി വിഭാഗത്തിന് അപകടകരമായ പ്രദേശമാണ്. 2018ൽ ഗനി സർക്കാർ സ്വവർഗരതിയെ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി. ഇത് എൽജിബിടി വിഭാഗത്തിൽപ്പെട്ടവരെ, അവരുടെ സ്വത്വം സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നും സഹപ്രവർത്തകരിൽനിന്നും മറച്ചുവയ്ക്കാൻ നിർബന്ധിതരാക്കി. താലിബാൻ ഭരണത്തിൽ ഇവർക്കെതിരെയുള്ള അതിക്രമങ്ങളും വർധിച്ചു. റിപ്പോർട്ടിനെ കുറിച്ച് താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പിൽ നിന്നുള്ള വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞത് ‘എൽജിബിടി…അത് ശരിഅത്ത് നിയമത്തിന് എതിരാണ്’ എന്നാണ്.
വിവിധ രാജ്യങ്ങളിൽ, സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ട് അവർ ലിംഗപരമായ അതിക്രമങ്ങൾ നേരിടുന്നതിനു കാരണം ഒന്നുതന്നെയാണെന്നാണ് മിയ ബ്ലൂം തന്റെ ലേഖനത്തിലൂടെ പറയുന്നത്. ‘മുൻപ് ഇറാഖ്, നൈജീരിയ എന്നീ രാജ്യങ്ങളിലും ഇപ്പോൾ അഫ്ഗാനിലും സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ ഗവേഷണങ്ങളിൽനിന്ന് എനിക്കു വ്യക്തമാകുന്നത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഇവർ ഒരു സമാനപാത പിന്തുടരുന്നുണ്ടെന്നാണ്. പാട്രിയാർക്കൽ സമൂഹം നിർമിച്ചുവച്ചിരിക്കുന്ന പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നതിന്റെ പേരിലാണ് സ്ത്രീകൾ ആദ്യം ലിംഗാധിഷ്ഠിതമായും പിന്നീട് സാമുദായികപരമായും ഇരയാക്കപ്പെടുന്നത്.
ലൈംഗികമായി പീഡിപ്പിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്താൽ, സമൂഹത്തിൽ നിലനിന്നു പോരുന്ന ഈ പെരുമാറ്റച്ചട്ടങ്ങൾ സ്ത്രീകളെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത്. ഇത്, ലിംഗാധിഷ്ഠിത അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുകയും അവരെ ക്രൂരമായി പീഡിപ്പിക്കാൻ പുരുഷന്മാർക്ക് യാതൊരു പ്രശ്നവുമില്ലാത്ത വഴികൾ തുറന്നുകൊടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു അന്തരീക്ഷമാണ് അഫ്ഗാനിൽ ഇപ്പോഴുള്ളത്. അതാണ് കഴിഞ്ഞ ആറു മാസമായി അവിടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിപ്പിച്ചത്. താലിബാൻ അധികാരത്തിൽ തിരിച്ചെത്തുന്നതിന് മുൻപ്, 2014ൽ സമാനമായ ഒരു സംഭവം നടന്നു. എന്നാൽ സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു. സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ നാലു പേർക്കെതിരെയുള്ള വധശിക്ഷയിൽ മുൻ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായി ഒപ്പുവയ്ക്കുകയാണ് അന്നു ചെയ്തത്.
സ്ത്രീകളുടെ നിയമപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി പ്രവർത്തിച്ചു വന്നിരുന്ന വനിതാകാര്യ ഓഫിസ് താലിബാൻ ഭരണത്തിലേറിയതോടെ ഇല്ലാതാക്കിയിരിക്കുകയാണ്. മുൻപ്, പിരിച്ചുവിട്ട സദാചാര മന്ത്രാലയം വച്ച് (വൈസ് ആൻഡ് വെർച്യു മിനിസ്ട്രി) ഇതിനെ പുനഃസ്ഥാപിച്ചു. അതാകട്ടെ കടുത്ത നിയന്ത്രണങ്ങൾ സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്തു. അതോടെ സമീപകാലത്ത് ആരോപിക്കപ്പെട്ട കൂട്ടബലാത്സംഗങ്ങൾക്കു പോലും നിയമപരമായ പരിഹാരങ്ങൾ ലഭിക്കാതായി.
രാജ്യത്ത് ഇക്കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളുകൊണ്ട് ഉണ്ടായ പുരോഗതി താലിബാന്റെ കടന്നുവരവോടെ നഷ്ടമാകുമോ എന്ന ചർച്ച, യുഎസ് സൈന്യം അഫ്ഗാൻ വിട്ടതിനു പിന്നാലെ രാജ്യാന്തര തലത്തിൽ ശക്തമായിരുന്നു. അതെല്ലാം വെറും ചർച്ചകളായിത്തന്നെ തുടരുകയുമാണ്. അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച താൽപര്യങ്ങളും ആ ചർച്ചകളിൽ മാത്രം ഒതുങ്ങുകയാണെന്ന് ഒരു വിഭാഗം നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഒട്ടേറെ മാധ്യമപ്രവർത്തകർ രാജ്യം വിട്ടതും, ബുദ്ധിജീവികളും ചിന്തകരും വിദ്യാർഥികളും ഉൾപ്പെടെ ലക്ഷക്കണക്കിനു പേർ പലായം ചെയ്തതും ‘പുതിയ’ അഫ്ഗാനില്‍ നടക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കുന്നതിൽനിന്നു ലോകത്തെ തടയുന്നു.
അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥയ്ക്കു മാത്രം യാതൊരു മാറ്റവുമില്ലെന്ന കാര്യം പകൽ പോലെ വ്യക്തമാണ്. താലിബാനു കീഴിൽ അഫ്ഗാൻ ഇരുപതു വർഷം പിന്നോട്ട് സഞ്ചരിക്കുകയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സ്കൂളുകളും തൊഴിലിടങ്ങളും സ്ത്രീകൾക്കു വിലക്കേർപ്പെടുത്തുകയും പിന്നീട് നിബന്ധനകളോടെ അവരെ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. ഒറ്റയ്ക്ക് യാത്ര പോകുന്നതിൽനിന്ന് സ്ത്രീകൾ വിലക്കപ്പെടുന്നു. ആക്രമണങ്ങൾക്കിരയാക്കപ്പെടുന്ന സ്ത്രീകളെ പാർപ്പിക്കാനായി മുൻ അഫ്ഗാൻ സർക്കാര്‍ നിർമിച്ച സത്രങ്ങൾ പോലും ഇപ്പോഴില്ല. ഇതൊക്കെ സ്ത്രീകളെ വീട്ടുതടങ്കലിലാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നെന്നാണ് ആംനെസ്റ്റി ഇന്റർനാഷനൽ അഭിപ്രായപ്പെട്ടത്.
യുദ്ധകാലത്ത്, നിസ്സഹായാവസ്ഥയിലാകുന്ന രാജ്യത്തെ സഹായിക്കാൻ പോലും വമ്പൻ രാജ്യങ്ങൾ തയാറാകുന്നില്ലെന്നത് നാം യുക്രെയ്നിൽ കണ്ടുകൊണ്ടിരിക്കുന്നു. അഫ്ഗാനിലും അതുതന്നെയാണ് സംഭവിച്ചത്–ആപത്തു വന്നപ്പോൾ എല്ലാം ഉപേക്ഷിച്ച്, അതുവരെ കാത്തു രക്ഷിച്ചവർ കടൽ കടന്നു. ഇനിയെന്താണ് ആ ജനതയെ, പ്രത്യേകിച്ചു വനിതകളെ, കാത്തിരിക്കുന്നത്? നിസ്സഹായതയുടെ കടലിരമ്പം മാത്രമാണുത്തരം.
Leave a Reply