തലേന്ന്, കുടിച്ച് ലക്കുകെട്ടെത്തിയ ‘കസ്റ്റമർ’ കടിച്ചുകീറിയ ചുണ്ടിലെ മുറിവുകൾ മറച്ചു പിടിക്കാ‍ൻ വാരിത്തേച്ച ലിപ്സ്റ്റിക്. പൗഡർ ഇട്ട് വെളുപ്പിച്ചെടുത്ത കവിൾത്തടങ്ങൾ. മുട്ടോളം കയറ്റിക്കുത്തിയ മുറിപ്പാവാട. മനഃപൂർവം ഹുക്ക് ഇടാൻ മറന്ന ജാക്കറ്റ്… കാമാഠിപുരയിലെ തെരുവുകളിൽ മറ്റേതൊരു പെൺകുട്ടിയേയും പോലെ സ്വയം വിൽപനയ്ക്കുവച്ച ശരീരവും മരവിച്ച, മടുപ്പുമാത്രം ബാക്കിയായ മനസ്സുമായി ജീവിച്ചിരുന്ന ഗംഗ ഹർജീവൻദാസ് എന്ന പതിനേഴുകാരി, ഗംഗുഭായ് കത്യാവാഡി എന്ന മാഫിയ രാജ്ഞിയായി മാറിയ കഥയുമായി ബോളിവുഡ് ചിത്രം ‘ഗംഗുഭായ് കത്യാവാഡി’ പ്രദർശനത്തിനൊരുങ്ങുമ്പോൾ ഒരു കാലത്ത് മുംബൈ നഗരത്തെ വിറപ്പിച്ച, കാമാഠിപുരയുടെ കിരീടം വയ്ക്കാത്ത രാജ്ഞിയായിരുന്ന ഗംഗുഭായിയുടെ ജീവിതം ഒരിക്കൽകൂടി ചർച്ചയാകുകയാണ്.

1940കളിൽ ഗുജറാത്തിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ഗംഗ എന്ന പെൺകുട്ടി സ്വപ്നം കണ്ടതു മുഴുവൻ സിനിമയായിരുന്നു. ഗുജറാത്തിൽ സിനിമയ്ക്ക് കാര്യമായ പ്രചാരം ഇല്ലാതിരുന്നതിനാൽ മുംബൈ എന്ന സ്വപ്നനഗരിയിലേക്ക് ചേക്കേറി സിനിമാനടിയാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അതിന് എവിടെ പോകണമെന്നോ എന്തുചെയ്യണമെന്നോ ആരെ കാണണമെന്നോ ഗംഗയ്ക്ക് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഗംഗയുടെ അച്ഛന്റെ കടയിൽ കണക്കെഴുതാനായി മുംബൈയിൽനിന്ന് ഒരു ചെറുപ്പക്കാരൻ എത്തിയത്.

മുംബൈക്കാരൻ എന്ന യോഗ്യത മാത്രം മതിയായിരുന്നു ഗംഗയ്ക്ക് അയാളെ ഇഷ്ടപ്പെടാൻ. ഗംഗയുടെ സിനിമാ മോഹം കേട്ടപ്പോൾ എല്ലാം ഞാൻ ശരിയാക്കിത്തരാം എന്ന് അയാൾ വാക്കുനൽകി. അങ്ങനെ ഇരുവരും പ്രണയത്തിലായി. എന്നാൽ ഈ ബന്ധം അറിഞ്ഞ വീട്ടുകാർ ഗംഗയ്ക്ക് വേറെ കല്യാണം ഉറപ്പിച്ചു. അതോടെ മറ്റു വഴികളില്ലാതെ തന്റെ പതിനേഴാം വയസ്സിൽ ഗംഗ കാമുകനൊപ്പം വീടുവിട്ടിറങ്ങി, സ്വപ്നം കണ്ട ജീവിതം കയ്യെത്തിപ്പിടിക്കാൻ നേരെ മുംബൈയിലേക്ക്.

മുംബൈയിലെത്തിയ ഇരുവരും അന്ധേരിയിലെ ഒരു വാടകമുറിയിൽ കുറച്ചുകാലം താമസിച്ചു. കല്യാണം നടത്താനായി പണം ആവശ്യമുണ്ടെന്നും അതിനായി ചില സുഹൃത്തുക്കളെ കാണാൻ പോകുകയാണ് താനെന്നും തിരിച്ചുവരുന്നതു വരെ തന്റെ ചെറിയമ്മയ്ക്കൊപ്പം പോയി താമസിക്കണമെന്നും ഗംഗയോടു പറഞ്ഞ ശേഷം അയാൾ ബാഗുമായി ഇറങ്ങി. വൈകാതെ ഗംഗയെ കൂട്ടിക്കൊണ്ടുപോകാൻ ചെറിയമ്മ എത്തി. പക്ഷേ, അന്ധേരയിൽനിന്നു ഗംഗയുമായി പുറപ്പെട്ട ടാക്സി ചെന്നു നിന്നത് ചെറിയമ്മയുടെ വീട്ടിലായിരുന്നില്ല, മുംബൈയിലെ കുപ്രസിദ്ധമായ ചുവന്ന തെരുവ്, കാമാഠിപുരയുടെ കവാടത്തിനു മുന്നിലായിരുന്നു.

നിന്റെ കാമുകൻ 500 രൂപയ്ക്ക് നിന്നെ വിറ്റെന്നും ഇനിയുള്ള കാലം ഇവിടെ കഴിയണമെന്നും പറഞ്ഞ് ‘ചെറിയമ്മ’ ഗംഗയെ കാമാഠിപുരയിലെ ഒരു വേശ്യാലയത്തിൽ കൊണ്ടുചെന്നുവിട്ടു. എന്താണ് നടക്കുന്നതെന്നു മനസ്സിലാക്കാൻ പോലും സാധിക്കാത്ത വിധം മരവിച്ചുപോയ അവസ്ഥയിലായിരുന്നു ഗംഗ അപ്പോൾ. ഭക്ഷണവും വെള്ളവും കഴിക്കാതെ 3–4 ദിവസം അവൾ പ്രതിഷേധിച്ചു. രക്ഷിക്കണേ എന്ന് നിലവിളിച്ചു. പക്ഷേ, കാമാഠിപുരയിലെ ചുവരുകൾക്കുള്ളിൽതന്നെ ആ പ്രതിഷേധങ്ങളും നിലവിളികളും കെട്ടടങ്ങി. പതിയെ അവൾ കാമാഠിപുരയിലെ ഒരാളായി മാറി.

കാമാഠിപുരയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി പതിയെ ഗംഗ വളർന്നു. അപ്പോഴേക്കും ഗംഗയിൽ നിന്നു ‘കാമഠിപുര കാ ഗംഗു’ ആയി അവൾ മാറിയിരുന്നു. പല പ്രമുഖരും കാമാഠിപുരയിൽ എത്തിയാൽ ആദ്യം ആവശ്യപ്പെടുന്ന പേരുകളിൽ ഒന്ന് ഗംഗു ആയിരുന്നു. അങ്ങനെയിരിക്കെയാണ് ആജാനബാഹുവായ ഒരു കസ്റ്റമർ ഗംഗുവിനെ തേടി വന്നത്. പതിവിൽ കൂടുതൽ പണം നൽകി അയാൾ ഗംഗുവുമായി ഒരു രാത്രി വിലയ്ക്കെടുത്തു. എന്നത്തേയും പോലെ ഒരു രാത്രി പ്രതീക്ഷിച്ച ഗംഗുവിനു പക്ഷേ, നരകതുല്യമായ ഒരു രാത്രിയായിരുന്നു അയാൾ സമ്മാനിച്ചത്. ഇരയെ കിട്ടിയ മൃഗത്തെപ്പോലെ ഗംഗുവിനെ അയാൾ അക്ഷരാർഥത്തിൽ കടിച്ചുകീറി.

രണ്ടുദിവസം കഴിഞ്ഞാണ് ഗംഗുവിന് ബോധം വന്നത്. ആ സംഭവത്തിൽനിന്നു തന്റെ മനസ്സിനെയും ശരീരത്തെയും പഴയപടിയാക്കി മാറ്റാൻ ഗംഗുവിന് ആഴ്ചകൾ തന്നെ വേണ്ടിവന്നു. എല്ലാം ഒന്നു ശരിയായി വന്നപ്പോഴേക്കും അയാൾ വീണ്ടും ഗംഗുവിനെ ആവശ്യപ്പെട്ടെത്തി. ഇത്തവണ അയാൾക്കൊപ്പം രാത്രി പങ്കിടാൻ തയാറാകില്ലെന്ന് ഗംഗു തറപ്പിച്ചുപറഞ്ഞു. പക്ഷേ, അയാൾ ഇരട്ടിത്തുക വാഗ്ദാനം ചെയ്തതോടെ ഗംഗുവിന്റെ ബ്രോക്കർ കച്ചവടം ഉറപ്പിച്ചു. ഇത്തവണ അയാൾ വന്നുപോയ ശേഷം ഒരാഴ്ചയോളം ഗംഗു ആശുപത്രിയിലായിരുന്നു. അത്രകണ്ട് ശാരീരിക പീഡനങ്ങൾ അവൾ അനുഭവിച്ചിരുന്നു. ആശുപത്രിയിൽ നിന്നിറങ്ങിയ ഗംഗു നേരെ പോയത് കാമാഠിപുരയ്ക്കു സമീപമുള്ള ഒരു ഗുണ്ടാ കേന്ദ്രത്തിലേക്കായിരുന്നു. തന്നെ ഈ വിധം ഉപദ്രവിച്ച അയാൾ ആരാണെന്ന് അന്വേഷിച്ചായിരുന്നു ആ യാത്ര.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒടുവിൽ അന്ന് മുംബൈ വിറപ്പിച്ച കരീംലാല എന്ന അധോലോക നായകന്റെ സംഘത്തിൽപെട്ട ഷൗക്കത്ത് ഖാൻ എന്ന ഗുണ്ടയാണ് തന്നെ ഈ വിധമാക്കിയതെന്ന് ഗംഗുവിന് മനസ്സിലായി. അതോടെ ഗംഗു നേരെ പോയത് കരീംലാലയുടെ വീട്ടിലേക്കായിരുന്നു. പൊലീസും പട്ടാളവും പോലും കയറാൻ മടിച്ചിരുന്ന കരീംലാലയുടെ വീട്ടിലേക്ക് ഗംഗു ഒറ്റയ്ക്ക് ചെന്നുകയറി. കരീംലാലയെ നേരിട്ടുകണ്ട് കാര്യം പറഞ്ഞു. ഗംഗുവിന്റെ ധൈര്യം കരീംലാലയ്ക്ക് ബോധിച്ചു. ഇനി അവൻ അവിടെ വന്നാൽ എന്നെ അറിയിക്കണമെന്നും ബാക്കി ഞാൻ നോക്കിക്കോളാമെന്നും കരീംലാല ഗംഗുവിന് ഉറപ്പുനൽകി. കരീംലാലയുടെ ഈ വാക്കുകൾ ഗംഗുവിന്റെ കണ്ണുനനയിച്ചു. തന്റെ പഴ്സിൽ കരുതിയിരുന്ന ഒരു രാഖിയെടുത്ത് ഗംഗു കരീംലാലയുടെ കയ്യിൽ കെട്ടി. അതോടെ കരീംലാല ഗംഗുവിന്റെ രാഖി ഭായ് ആയി മാറി. ഗംഗു കരീംലാലയുടെ രാഖി ബഹനും.

കരീംലാല ഗംഗുവിന് വാക്കുനൽകിയതറിയാതെ ഗംഗുവിനെ തേടി ഷൗക്കത്ത് ഖാൻ വീണ്ടുമെത്തി. എന്നാൽ ഇത്തവണ ഷൗക്കത്തിനെ കാത്തിരുന്നത് കരീംലാലയായിരുന്നു. കാമാഠിപുരയിൽ വച്ചുതന്നെ ഷൗക്കത്തിനെ കരീംലാല കൊന്നു. ഇനി ഗംഗുവിനെ ആരെങ്കിലും ഉപദ്രവിച്ചാൽ ഇതായിരിക്കും അവരുടെ സ്ഥിതിയെന്നു മുന്നറിയിപ്പും നൽകി. അതോടെ ഗംഗു എന്ന ദേവദാസിപ്പെണ്ണ് ഗംഗുഭായ് ആയി മാറി. പിന്നീടങ്ങോട്ട് കാമാഠിപുരയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന മാഫിയ ക്വീൻ ആയി അവർ വളർന്നു.

സ്വമേധയാ അല്ലാതെ കാമാഠിപുരയിൽ എത്തുന്ന എല്ലാ പെൺകുട്ടികളെയും ഗംഗുഭായ് സ്വന്തം വീടുകളിലേക്ക് തിരിച്ചയച്ചു. കാമാഠിപുരയിൽ ജനിക്കുന്ന എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതവും ഉറപ്പാക്കി. കാമാഠിപുരയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് അവിടുത്തെ ഭരണാധികാരിയായി. കാമാഠിപുരയുടെ അവസാന വാക്കായി ഗംഗുഭായ് മാറി. അങ്ങനെയിരിക്കെയാണ് കാമാഠിപുരയിലെ ചുവന്ന തെരുവ് ഒഴിപ്പിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. അതോടെ കാര്യങ്ങൾ വീണ്ടും കുഴപ്പത്തിലായി.

കാമാഠിപുര ഒഴിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ ഗംഗുഭായും സംഘവും ശക്തമായി എതിർത്തു. ഇതിന്റെ ഭാഗമായി ഗംഗുഭായ് അന്നത്തെ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റുവിനെ നേരിട്ടു കണ്ടതായും നടപടി പിൻവലിക്കമെന്നാവശ്യപ്പെട്ടതായും എഴുത്തുകാരൻ ഹുസൈൻ സൈദിയുടെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഇവർ നടത്തിയ ചർച്ചയെക്കുറിച്ച് ഔദ്യോഗിക രേഖകൾ ഒന്നും നിലവിലില്ലെങ്കിലും സൈദിയുടെ പുസ്തകത്തിൽ ഇതിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.

കാമാഠിപുര ഒഴിയണമെന്നും നിങ്ങൾക്ക് കല്യാണം കഴി‍ച്ച് കുടുംബമായി ജീവിച്ചുകൂടേ എന്നും നെഹ്റു ഗംഗുഭായോട് ചോദിച്ചത്രേ. ഇതിനു മറുപടിയായി ‘എന്നാൽ താങ്കൾക്ക് എന്നെ കല്യാണം കഴിക്കാമോ’ എന്ന മറുചോദ്യമാണ് നെഹ്റുവിന് ലഭിച്ചത്. ഈ ചോദ്യം അദ്ദേഹത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഉപദേശിക്കാൻ എളുപ്പമാണെന്നും ജീവിച്ചുകാണിക്കാനാണ് പാടെന്നും നെഹ്റുവിനോട് പറഞ്ഞശേഷമാണ് ഗംഗുഭായ് അവിടെനിന്നു തിരിച്ചുപോയത്. അതോടെയാണ് കാമാഠിപുര ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറിയതെന്നു പറയപ്പെടുന്നു. ഗംഗുഭായ് മരിച്ച ശേഷം അവരുടെ ഓർമയ്ക്കായി കാമാഠിപുരയിൽ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

സ്വന്തം ഭർത്താവ് 500 രൂപയ്ക്ക് വിറ്റ ഒരു പെൺകുട്ടി, പിന്നീട് അനേകായിരം ലൈംഗിക തൊഴിലാളികളുടെ അമ്മയും രക്ഷകയുമായി മാറിയ കഥയാണ് ഗംഗുഭായിയുടെ ജീവിതത്തിന് പറയാനുള്ളത്. ചതിക്കപ്പെട്ട് കാമാഠിപുരയിലെത്തുന്ന ഓരോ പെൺകുട്ടിക്കും പ്രതീക്ഷയുടെ അടയാളമായിരുന്നു അവർ. ലൈംഗിക തൊഴിലാളികളെ വേട്ടമൃഗങ്ങളെപ്പോലെ കാണുന്നവരുടെ പേടിസ്വപ്നമായിരുന്നു ഗംഗുഭായ്. ലൈംഗിക തൊഴിലാളി ആയതുകൊണ്ടുമാത്രം ഒരു പക്ഷേ, ചരിത്രം സൗകര്യപൂർവം മറന്ന, ചരിത്രത്തിന്റെ ഏടുകളിൽനിന്ന് പലരും മനഃപൂർവം മായ്ച്ചുകളഞ്ഞ പോരാളി, അതായിരുന്നു ഗംഗുഭായ്.