ഡോക്ടർ എ. സി. രാജീവ്‌ കുമാർ

വേദകാലം മുതൽ തന്നെ ആരോഗ്യ രക്ഷയുടെ ഭാഗമായി ഉപവാസം അനുഷ്ഠിച്ചിരുന്നു. ഒരു നേരം, ഒരുദിവസം മുഴുവൻ ആഹാരം ഒഴിവാക്കി, ജലപാനം പോലുമില്ലാതെയും, വെള്ളം മാത്രം കുടിച്ചും, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവ കുടിച്ചും, പഴം കഴിച്ചും എന്നിങ്ങനെ പലതരത്തിൽ ഉപവാസയ്ക്കുന്നുണ്ട്.

ഔഷധങ്ങൾ ആഹാരം വിഹാരങ്ങൾ എന്നിവ ആരോഗ്യരക്ഷക്കും രോഗശാന്തിക്കും ഉപയോഗിക്കലാണല്ലോ ചികിത്സ. അദ്രവ്യ ചികിത്സ, ഔഷധമില്ലാത്ത ചികിത്സയുടെ വിഭാഗത്തിൽ ഉപവാസം ഉൾപ്പെടുത്താം. മന്ത്രജപം, രത്നങ്ങൾ ധരിക്കുക, മംഗളകർമങ്ങളിൽ പങ്കെടുക്കുക, ഹോമം, ഉപവാസം, തീർത്ഥാടനം, പാരായണം, പ്രായശ്ചിത്തം എന്നിവ ഔഷധമില്ലാത്ത പരിഹാരങ്ങളാകുന്നു.

വാത രോഗങ്ങളിൽ വിശ്രമം സൂര്യ സ്നാനം, പിത്ത സംബന്ധമായ രോഗങ്ങളിൽ ചൂടു വെള്ളത്തിൽ കുളിക്കുക ജലാശയത്തിനരികെ താമസിക്കുക, ശീതീകരണിയുടെ ഉപയോഗം, മുത്ത് പവിഴ രത്നങ്ങൾ ധരിക്കുക, കഫഅധിക രോഗങ്ങളിൽ സൂര്യസ്നാനം വ്യായാമം ഉപവാസം എന്നിവ പറയപ്പെടുന്നു.

എത്ര ദിവസം, എത്ര നേരം എങ്ങനെ ഉപവസിക്കണം എന്നത് പ്രായം, രോഗം രോഗാവസ്‌ഥ ദേശകാലാവസ്ഥകൾ കഴിച്ചു കൊണ്ടിരിക്കുന്ന ഔഷധങ്ങൾ എന്നിവയെ ആശ്രയിച്ചു നിശ്ചയിക്കണം.
ഒരു നേരം ഭക്ഷണം ഒഴിവാക്കി, രണ്ടു നേരം അഥവാ ഒരിക്കൽ മാത്രം ആഹാരം, ഒരു ദിവസം മുഴുവൻ ആഹാരം ഒഴിവാക്കി, ഇങ്ങനെ ക്രമേണ ഉപവസിക്കുന്നതാണ് ഉചിതമായ രീതി.
ശുദ്ധമായ ജലപാനം, പഴച്ചാറുകൾ ആവശ്യത്തിന് കുടിച്ചുകൊണ്ട്, കരിക്കിൻ വെള്ളം കുടിച്ചോ, നാരങ്ങാ വെള്ളം കുടിച്ചോ ഉപവസിക്കാം. ശീതീകരിച്ച വെള്ളം, ടിന്നിൽ പാക്ക് ചെയ്തു വരുന്ന കൃത്രിമ ദാഹ ശമനികൾ, എന്നിവ ഗുണത്തേക്കാൾ ദോഷം ചെയ്യും.

ഒരു ദിവസം പൂർണമായും ദഹന വ്യവസ്ഥക്ക് വിശ്രമം നൽകുന്നു എന്നതാണ് ഏറ്റവും വലിയ പ്രയോജനം. ഇക്കാരണത്താൽ അന്നപതം ശുചീകരിക്കപ്പെടുന്നു. ശരീരത്തിൽ നിന്ന് മാലിന്യം പുറം തള്ളുന്ന കരൾ വൃക്കകൾ ശ്വാസകോശം ത്വക്ക് എന്നിവയുടെ കഠിന പ്രയത്നത്തിന് അന്നനാളത്തിനു നൽകുന്ന ഇളവ് സഹായകമാകും. യൂറിക് ആസിഡ് പോലുള്ളവ പുറം തള്ളപ്പെടുന്നു.
ദഹന പചന ആഗീരണ പ്രവർത്തികൾ ചെയ്യുന്ന എല്ലാ അവയവങ്ങൾക്കും വിശ്രമം ലഭിക്കുക വഴി, ഉപവാസം കഴിഞ്ഞു ശരീരം കൂടുതൽ ഉന്മേഷ ഭരിതമാകും. ദഹന തകരാറുകൾ, വയർ വീർപ്പ്, വായു കോപം, ശ്വസനതകരാറുകൾ, അമിതവണ്ണം, അമിത ഭാരം, രക്താതിമർദ്ദം, ഗൗട്ട് എന്നിവക്ക് പരിഹാരം ആകും.

  സൈക്കിൾ യാത്രക്കാർക്ക് സന്തോഷ വാർത്ത : സൈക്കിൾ ലെയ് നുകളും മറ്റും കാര്യക്ഷമമായി ഉപയോഗിക്കാൻ ലോക്കൽ കൗൺസിലുകൾക്ക് കൂടുതൽ അധികാരം നൽകി പുതിയ ബിൽ

ഉപവസിക്കും മുമ്പ് മലവിസർജനം നന്നാക്കി മലാശയം ശുദ്ധമാക്കുന്നത് നന്ന്. ശരീരം ഈ ശ്രമകരമായ സാഹചര്യം നേരിടുന്നതിന് വെണ്ട മാനസികമായ തയ്യാറെടുപ്പ് ആവശ്യമാണ്. ഉപവാസം തുടങ്ങും മുമ്പും കഴിഞ്ഞയുടനെയും തന്നെ ഏറെ ആഹാരം കഴിക്കുന്നതും ഒഴിവാക്കണം. രോഗികൾ വൈദ്യനിർദേശം അനുസരിച്ചു മാത്രം ഉപവസിക്കുവാൻ ശ്രദ്ദിക്കുക.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154